Kerala

ഒരു കോടി രൂപ ശിവശങ്കറിനുള്ള കൈക്കൂലി : ഇ ഡി റിപ്പോർട്ട് പുറത്ത്

“Manju”

കൊച്ചി• സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ലോക്കറിൽ നിന്ന് എൻഐഎ കണ്ടെടുത്ത ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിനു ലഭിച്ച കോഴ വിഹിതമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ. യുഎഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥന്‍ ഖാലിദ് സ്വപ്ന സുരേഷിനു കൈമാറിയ ഈ തുക ശിവശങ്കറിനുള്ളതാണ് എന്നാണ് കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലുള്ളത്. ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് ശിവശങ്കർ കൈക്കൂലി വാങ്ങിയെന്ന വിവരം ആദ്യമായാണ് പുറത്തു വരുന്നത്.

ലൈഫ് മിഷനുമായി ബന്ധപ്പെട്ട് ടെണ്ടർ വിവരങ്ങൾ എം. ശിവശങ്കർ സ്വപ്ന സുരേഷിന് ചോർത്തി നൽകി എന്ന വിവരവും റിപ്പോർട്ടിൽ പറയുന്നു. ലേല നടപടികൾ തുടങ്ങുന്നതിനു മുമ്പ് ശിവശങ്കർ സ്വപ്നയ്ക്ക് വിവരം കൈമാറുകയായിരുന്നു പതിവ്. ലൈഫ് മിഷന്റെ 36 പ്രൊജക്ടുകളിൽ 26 എണ്ണവും രണ്ട് കമ്പനികൾക്കാണ് കരാർ ലഭിച്ചിരിക്കുന്നത്. ഇത് സ്വപ്നയുടെ ഇടപെടലിൽ ആണെന്നാണ് ഇഡി വ്യക്തമാക്കുന്നത്. യുണിടാക് എംഡി സന്തോഷ് ഈപ്പനെ കെഫോൺ, ലൈഫ് മിഷൻ പദ്ധതികളിൽ കൂടുതലായി ഉൾപ്പെടുത്താൻ ശിവശങ്കർ താൽപര്യപ്പെട്ടിരുന്നു എന്ന് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് മൊഴി നൽകിയിട്ടുണ്ട്.

വിദേശത്തു നിന്നുള്ള സാമ്പത്തിക സഹായം സ്വരൂപിക്കുന്ന ഇടനിലക്കാർക്ക് കമ്മിഷൻ ലഭിക്കുന്നതിൽ തെറ്റില്ലെന്ന നിയമോപദേശം തനിക്ക് ലഭിച്ചിരുന്നതായും കമ്മിഷൻ തുകയിൽ ഒരു രൂപ പോലും താൻ കൈപ്പറ്റിയിട്ടില്ലെന്നുമായിരുന്നു ശിവശങ്കർ അന്വേഷണ സംഘത്തിന് നൽകിയിട്ടുള്ള മൊഴി. സ്വപ്നയുടെ ലോക്കറിൽ നിന്ന് കണ്ടെത്തിയ പണം അവരുടേത് മാത്രമാണ്. ലോക്കർ തുറക്കാൻ സഹായിച്ച ചാർട്ടേഡ് അക്കൗണ്ടന്റ് തന്റെ പരിചയക്കാരനാണ്. സ്വപ്ന ആവശ്യപ്പെട്ടതനുസരിച്ചാണ് നിയമോപദേശത്തിനായി ചാർട്ടേഡ് അക്കൗണ്ടന്റിനെ പരിചയപ്പെടുത്തി നൽകിയത് എന്നും ശിവശങ്കർ എൻഐഎയ്ക്കും ഇഡിക്കും നേരത്തെ മൊഴി നൽകിയിരുന്നു.

Related Articles

Back to top button