India

റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയില്‍ ട്രാക്ടർ റാലി; ‘കിസാൻ പരേഡ്’ നടത്തുമെന്ന് കർഷകർ

“Manju”

ന്യൂഡൽഹി : റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിലേക്കു ട്രാക്ടർ റാലി നടത്തുമെന്ന് വിവാദ കാർഷിക നിയമങ്ങള്‍ക്കെതിരെ ഡൽഹി അതിർത്തിയിൽ സമരം ചെയ്യുന്ന കർഷകര്‍. പ്രശ്നപരിഹാരത്തിനായി കേന്ദ്രസർക്കാരുമായുള്ള അടുത്ത ചർച്ചയ്ക്ക് രണ്ട് ദിവസം മാത്രം ബാക്കിയുള്ളപ്പോഴാണ് ‘കിസാൻ പരേഡ്’ നടത്തുമെന്ന മുന്നറിയിപ്പുമായി കർഷകർ രംഗത്തെത്തിയത്. കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യവുമായി ആയിരക്കണക്കിന് കർഷകരാണ് ഡൽഹി അതിർത്തിയിൽ തമ്പടിച്ചിരിക്കുന്നത്.

റിപ്പബ്ലിക് ദിനം ഇന്ത്യയിലെ ജനങ്ങളുടെ പരമാധികാരത്തെ പ്രതിനിധീകരിക്കുന്നു എന്നതിനാലാണ് അന്നു തന്നെ ‍ട്രാക്ടർ പരേഡ് സംഘടിപ്പിക്കുന്നതെന്നും കർഷകർ വ്യക്തമാക്കി. ജനുവരി നാലിന് ഞങ്ങൾക്കു സർക്കാരുമായി ചർച്ചയുണ്ട്. അഞ്ചിന് വിഷയത്തിൽ സുപ്രീം കോടതിയിൽ വാദം കേള്‍ക്കുന്നു. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ജനുവരി ആറിന് കുന്ദ്‍ലി–മനേസര്‍–പൽവാൽ എക്സ്പ്രസ് വേ വഴി ഹരിയാനയിൽനിന്ന് ട്രാക്ടർ മാർച്ച് തുടങ്ങും. 15 ദിവസം ഞങ്ങൾ അങ്ങനെ പ്രതിഷേധിക്കും. ജനുവരി 23ന് സുഭാഷ്ചന്ദ്ര ബോസിന്റെ ജന്മദിനമാണ്. അന്നേ ദിവസം ഗവർണറുടെ വീടിന് പുറത്ത് പ്രതിഷേധിക്കും– കർഷകരുടെ പ്രതിനിധിയായ ഡോ. ദർശൻ പാൽ മാധ്യമങ്ങളോടു പറഞ്ഞു.

സംയുക്ത കിസാൻ മോർച്ചയുടെ ഏഴംഗ കോർഡിനേഷന്‍ കമ്മിറ്റിയുടെ വാർത്താ സമ്മേളനത്തിലാണ് ദര്‍ശൻ പാൽ കർഷകരുടെ നിലപാടു വ്യക്തമാക്കിയത്. ട്രാക്ടറുകളിൽ ദേശീയപതാകയുമായാണ് ജനുവരി 26ന് റാലി നടത്തുക. രാജ്യത്താകമാനം ഭരണസിരാകേന്ദ്രങ്ങളിലേക്ക് അന്നേ ദിവസം പ്രതിഷേധങ്ങൾ സംഘടിപ്പിക്കും. റിപ്പബ്ലിക് ദിനപരേഡിന് ശേഷമായിരിക്കും കർഷകരുടെ പരേഡെന്നും നേതാക്കൾ വ്യക്തമാക്കി. ഒന്നുകിൽ വിവാദ നിയമങ്ങൾ പിൻവലിക്കുക, അല്ലെങ്കില്‍ സേനയെ ഉപയോഗിച്ച് ഞങ്ങളെ നീക്കുക– ഇതാണ് സർക്കാരിന് മുന്നിലുള്ള രണ്ടു വഴികളെന്നു നേരത്തേ പറഞ്ഞിട്ടുള്ളതാണ്. മിനിമം താങ്ങുവില ചൂണ്ടിക്കാട്ടി സർക്കാർ കർഷകരെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും കർഷക പ്രതിനിധികൾ അറിയിച്ചു.

മിനിമം താങ്ങുവില ഇല്ലാതാക്കില്ലെന്നാണ് സര്‍ക്കാർ പറയുന്നത്. എന്നാൽ അതിനായി നിയമം വേണമെന്നാണ് ഞങ്ങളുടെ ആവശ്യം. ഇത് ഞങ്ങളുടെ അവകാശമാണ്– കർഷക നേതാവ് ഗുർനാം സിങ് ചധൂനി മാധ്യമങ്ങളോടു പറഞ്ഞു. ഈ ആഴ്ച ആദ്യം കർഷകരും കേന്ദ്രസർക്കാരും തമ്മിലുള്ള ആറാം ഘട്ട ചർച്ചയും തീരുമാനമാകാതെ പിരിഞ്ഞിരുന്നു. തുടർച്ചയായി സർക്കാരിൽനിന്ന് ഉറപ്പുകൾ ലഭിക്കുന്നുണ്ടെങ്കിലും, കോർപറേറ്റുകളുടെ ദയയ്ക്കായി കാത്തിരിക്കേണ്ട സാഹചര്യമാണ് നിയമം കൊണ്ടുവരികയെന്ന നിലപാടിൽ കർഷകർ ഉറച്ചുനിൽക്കുകയാണ്.

Related Articles

Back to top button