InternationalLatest

ജോയി അറയ്ക്കൽ ജീവനൊടുക്കിയ‌താണെന്നു സ്ഥിരീകരിച്ചു

“Manju”

ശ്രീജ.എസ്

 

ദുബായ്∙ പ്രവാസി വ്യവസായി ജോയി അറയ്ക്കൽ ജീവനൊടുക്കിയ‌താണെന്നു ദുബായ് പൊലീസ് സ്ഥിരീകരിച്ചതിനു പിന്നാലെ മരണത്തിനു തൊട്ടുമുൻപുള്ള വിവരങ്ങളും പുറത്തുവന്നു.

23നു ദുബായ് ബിസിനസ് ബേയിലെ കെട്ടിടത്തിന്റെ 14–ാം നിലയിൽ നിന്നു വീണാണു ജോയി അറയ്ക്കലിന്റെ മരണമെന്നും ദുരൂഹതകളില്ലെന്നും ബർദുബായ് പൊലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രി. അബ്ദുല്ല ഖാദിം ബിൻ സുറൂറാണ് അറിയിച്ചത്. ഉച്ചയ്ക്ക് 12നു ജോയി തന്റെ ഓഫിസിൽ നിശ്ചയിച്ചിരുന്ന യോഗത്തിനു തൊട്ടുമുൻപായിരുന്നു മരണം.

മാനന്തവാടി സ്വദേശിയായ ജോയി, യുഎഇ ആസ്ഥാനമായ ഇന്നോവ ഗ്രൂപ്പ് ഓഫ് കമ്പനീസ് എംഡിയും പ്രധാന ഓഹരി ഉടമയുമാണ്. രണ്ടു ലക്ഷം കോടി വിറ്റുവരവുള്ള കമ്പനി, ഓഹരി വിപണിയിൽ പ്രവേശിക്കാനിരിക്കുകയായിരുന്നു. പുതിയ എണ്ണ ശുദ്ധീകരണ കമ്പനിയുടെ പൂർത്തീകരണത്തിലെ കാലതാമസം ജോയിക്കു മനോവിഷമം ഉണ്ടാക്കിയിരുന്നതായി കുടുംബ സുഹൃത്ത് വെളിപ്പെടുത്തി.

പെട്രോൾ വിലയിടവിൽ ഉണ്ടായ നഷ്ടം മൂന്നു മാസത്തിനകം തീരുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും പുതിയ പദ്ധതി വൈകുന്നതു മനസ്സിനേറ്റ മുറിവായെന്നു സുഹൃത്ത് പറയുന്നു. യുഎഇയിൽ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച വ്യവസായിയുടെ പേര് മരണവുമായി ബന്ധപ്പെട്ടു പ്രചരിക്കുന്നതു ശരിയല്ലെന്നും അദ്ദേഹവുമായി ജോയിക്ക് ഒരു ബന്ധവുമില്ലായിരുന്നെന്നും സുഹൃത്ത് വ്യക്തമാക്കി.

1997ൽ ദുബായിൽ എത്തിയ ജോയി, ക്രൂഡ് ഓയിൽ വ്യാപാരം, പെട്രോ കെമിക്കൽ ഉൽപന്ന നിർമാണം, എണ്ണ ടാങ്ക് ശുചീകരണം, അഗ്രോഫാമിങ് എന്നിവയിലാണു ബിസിനസ് സാമ്രാജ്യം കെട്ടിപ്പട‌ുത്തത്. ഇതിനു പുറമെ മൊബൈൽ സേവന ദാതാക്കളായ ഇത്തിസലാത്തിന്റെ പ്രധാന കരാറുകൾ ഏറ്റെടുത്തിരുന്ന കമ്പനിയും അദ്ദേഹത്തിന്റെതാണ്. പുതിയ എണ്ണശുദ്ധീകരണ കമ്പനി നിർമാണത്തിന്റെ അവസാന ഘട്ടത്തിലാണ്. ഗൾഫ് മേഖലയിലെ ഏറ്റവും വലിയ എണ്ണ ടാങ്കർ ശുദ്ധീകരണ സ്റ്റേഷനും അദ്ദേഹത്തിന്റേതാണ്. മറ്റു ഗൾഫ് രാജ്യങ്ങളിലും ആഫ്രിക്കയിലും ഇന്ത്യയിലും കമ്പനികൾ ഉണ്ട്

വൻകിട നിക്ഷേപകർക്കു യുഎഇ സർക്കാർ നൽകുന്ന ഗോൾഡ് കാർഡ് വീസ ഉടമയായ ജോയി, മികച്ച സംരംഭകനുള്ള അവാർഡും നേടിയിട്ടുണ്ട്. ഏതാനും വർഷം മുൻപ് കപ്പൽ വാങ്ങിയതോടെ ‘കപ്പൽ ജോയി’ എന്ന് അറിയപ്പെട്ടു തുടങ്ങി. എന്നാൽ 500 മെട്രിക് ടണ്ണിന്റെ കപ്പൽ രണ്ടു വർഷം മുൻപു കൈമാറി.
ഭാര്യ സെലിൻ, മക്കളായ അരുൺ, ആഷ്‌ലി എന്നിവർക്കൊപ്പം ജുമൈറയിലായിരുന്നു താമസം.

യുഎഇ വിദേശകാര്യ മന്ത്രാലയത്തിന്റെ കൂടി അനുമതി ലഭിച്ചാലുടൻ മൃതദേഹം കോഴിക്കോട് വിമാനത്താവളത്തിലേക്കു കൊണ്ടുപോകുമെന്ന് ഇന്ത്യൻ കോൺസൽ ജനറൽ വിപുൽ അറിയിച്ചു.

Related Articles

Leave a Reply

Back to top button