IndiaLatest

ദേശിയ പാതയിൽ ടാങ്കർ ലോറി അപകടം

“Manju”

വാളയാർ • ദേശീയപാതയിൽ ചരക്കു ലോറിക്കു പിന്നിൽ രാസദ്രാവകവുമായി പോയിരുന്ന ടാങ്കർ ലോറി ഇടിച്ചു രാസ ദ്രാവകം ചോർന്നു. ഒരു പകൽ പ്രദേശം മുഴുവൻ ഭീതിയിലായെങ്കിലും അധികൃതരുടെ സമയോചിത ഇടപെടൽ വൻ ദുരന്തം ഒഴിവാക്കി. പുലർച്ചെ 4.40നു കഞ്ചിക്കോട് ശിവക്ഷേത്രത്തിനു മുന്നിലായിരുന്നു അപകടം. ആദ്യ മണിക്കൂറിൽത്തന്നെ ചോർച്ച അടച്ചെങ്കിലും 12 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണു ടാങ്കർ സുരക്ഷിതമായി മാറ്റിയത്. ടാങ്കർ ഡ്രൈവർ തിരുച്ചിറപ്പള്ളി സ്വദേശി രംഗനാഥൻ (30), ലോറി ഡ്രൈവർ കോയമ്പത്തൂർ സ്വദേശി കൃഷ്ണൻ (31) എന്നിവർക്കു പരുക്കേറ്റു.

സേലം കെം പ്ലാന്റ് സാൻമാർക്ക് എന്ന കമ്പനിയിലേക്കു പിവിസി നിർമാണത്തിനുള്ള രാസദ്രാവകം കയറ്റിപ്പോയിരുന്ന ടാങ്കർ, കൊച്ചിയിൽ നിന്നു പ്ലൈവുഡുമായി ബെംഗളൂരുവിലേക്കു പോയ ലോറിക്കു പിന്നിലിടിച്ചാണ് അപകടം. എഥനോൾ ഡ്രൈ ക്ലോറൈഡ് എന്ന ദ്രാവകമാണു ചോർന്നത്. ടാങ്കറിന്റെ കാബിൻ ഇടിയിൽ പൂർണമായി തകർന്നു. ഇതിന്റെ മുൻവശത്തു 3 പൊട്ടലുണ്ടായി ഇതിലൂടെ ശക്തിയിൽ ദ്രാവകം ചോർന്ന് അന്തരീക്ഷത്തിൽ വ്യാപിച്ചു. രൂക്ഷഗന്ധവും പ്രദേശമാകെ പരന്നു. സമീപ വീടുകളിലുള്ളവർക്കും യാത്രക്കാർക്കും രക്ഷാപ്രവർത്തകർക്കും ശ്വാസംമുട്ടലും അസ്വസ്ഥതയും അനുഭവപ്പെട്ടു.

കഞ്ചിക്കോട് അഗ്നിരക്ഷാസേനയെത്തി ടാങ്കറിന്റെ പൊട്ടിയ ഭാഗത്തു മരക്കുറ്റിയും എം സീലും ഉപയോഗിച്ചു ചോർച്ച അടച്ചു. വെള്ളവും ഫോമും ഉപയോഗിച്ചു ചോർന്ന ദ്രാവകം നിർവീര്യമാക്കി. 12 മണിക്കൂറിലേറെ ദേശീയപാത അടച്ചിട്ട് സർവീസ് റോഡിലൂടെ വാഹനങ്ങൾ കടത്തിവിട്ടു. ഉച്ചയ്ക്കു ശേഷം കമ്പനിയിൽ നിന്നു സാങ്കേതിക വിദഗ്ധരെത്തി രാസദ്രാവകം മറ്റൊരു ടാങ്കറിലേക്കു മാറ്റി. ക്രെയിനെത്തിച്ചു ടാങ്കറും ചരക്കു ലോറിയും മാറ്റി. ജില്ലാ ഫയർ ഓഫിസർ അരുൺ ഭാസ്കർ രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകി. വാളയാർ ഇൻസ്പെക്ടർ കെ.സി.വിനുവും ഹൈവേ പൊലീസും ചേർന്നു ഗതാഗതം പുനഃസ്ഥാപിച്ചു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണു പൊലീസിന്റെ സംശയം.

Related Articles

Back to top button