Entertainment

ഇതിഹാസത്തിനൊപ്പം ആ 20 മിനിറ്റ്:ഓർമകൾ പങ്ക് വച്ച് രഞ്ജിനി ഹരിദാസ്

“Manju”

ഫുട്ബോള്‍ മെെതാനത്തിലും ഗാലറിക്കു പുറത്തും ആരാധകരെ സ്വന്തമാക്കിയ പ്രതിഭാസമായിരുന്നു മറഡോണ. ബോബി ചെമ്മണ്ണൂരിനായി ഒരു പരിപാടിയിൽ പങ്കെടുക്കാൻ 2012-ൽ മറഡോണ കേരളത്തിൽ കാലുകുത്തിയപ്പോൾ പ്രശസ്തിയിലേക്കുയർന്നൊരു താരമുണ്ട്. ആ പരിപാടിയുടെ അവതാരകയായിരുന്ന രഞ്ജിനി ഹരിദാസ്. കാൽപ്പന്തിന്റെ രാജാവിനോടൊപ്പം വേദിപങ്കിട്ട സ്വപ്ന നിമിഷത്തെക്കുറിച്ച് രഞ്ജിനി ഹരിദാസ് മനസ്സ് തുറക്കുന്നു

‘ലോകം ഒരു വലിയ ഞെട്ടലിലാണ്, ആരും പ്രതീക്ഷിക്കാത്ത സമയത്ത് അദ്ദേഹം ഈ ലോകം വിട്ടു പോയിരിക്കുന്നു. എട്ടു വർഷം മുൻപായിരുന്നു അദ്ദേഹത്തോടൊപ്പം വേദി പങ്കിടാൻ അവസരം കിട്ടിയത്. മറഡോണ എന്ന ലോക ഇതിഹാസത്തിനൊപ്പം വേദി പങ്കിടാൻ കഴിഞ്ഞത് എന്റെ ജീവിതത്തിലെ വലിയ നേട്ടമാണ്. വളരെ ആവേശം നിറഞ്ഞ ഒരു പരിപാടി ആയിരുന്നു കണ്ണൂരിൽ അന്ന് നടന്നത്. ലക്ഷോപലക്ഷം ആളുകളാണ് അദ്ദേഹത്തെ കാണാൻ കാത്തുനിന്നത്. അദ്ദേഹത്തിന് തൊട്ടടുത്ത് നിൽക്കുന്നത് തന്നെ എന്നെ ആവേശഭരിതയാക്കി അദ്ദേഹത്തിൽ നിന്നും പ്രസരിക്കുന്ന ഒരു പ്രഭാവലയമുണ്ട്, ഒരു എനിഗ്മാറ്റിക് മാജിക്കൽ വലയമാണത്, അത് കൂടെ നിൽക്കുന്നവരെയും ഭ്രാന്തമായ ഒരു ആവേശത്തിൽ എത്തിക്കും. ജീവിതം ആഘോഷമാക്കിയ മനുഷ്യനാണ് അദ്ദേഹം. അദ്ദേഹത്തിന്റെ സ്പിരിറ്റ് ഒരിക്കലും മരിക്കില്ല.’–രഞ്ജിനി പറയുന്നു.

‘സ്വന്തം ഇഷ്ടത്തിന് ജീവിതം ആസ്വദിച്ച വ്യക്തി. എനിക്കും അങ്ങനെയുള്ള ആളുകളെയാണ് ഇഷ്ടം. ഞാനും ഇങ്ങനെയാണ്, ജീവിതത്തിൽ കോംപ്രമൈസ് ഒന്നുമില്ല.’

‘അദ്ദേഹത്തിനൊപ്പം വേദിയിൽ നിന്നതൊക്കെ ഇപ്പോൾ സ്വപ്നം പോലെ തോന്നുന്നു, ഒരുപക്ഷേ കേരളത്തിൽ മറ്റാർക്കും കിട്ടാത്ത ഒരു ഭാഗ്യമാണത്. അത് ഒരു പ്രോഗ്രാം ആങ്കറിങ് മാത്രം ആയിരുന്നില്ല, അദ്ദേഹം അവിടെ എന്നോടൊപ്പം പാടി, നൃത്തം ചെയ്തു, എന്നെ ചുംബിച്ചു, അതൊക്കെ അന്ന് ചെറിയ വിവാദമുണ്ടാക്കിയിരുന്നു, പക്ഷേ അതൊന്നും എന്നെ ബാധിച്ചിട്ടില്ല.’

‘അദ്ദേഹത്തിനോട് ആശയവിനിമയം നടത്താൻ ഞാൻ കുറച്ച് സ്പാനിഷ് ഭാഷ പഠിച്ചു, അദ്ദേഹത്തിന്റെ ഡാൻസ് മൂവ് ഒക്കെ മനോഹരമാണ്. ജീവിതം ആസ്വദിച്ചു ജീവിച്ചു തീർക്കുക എന്നുള്ളതാണ് ഞാൻ അദ്ദേഹത്തിൽ നിന്നും ഉൾക്കൊണ്ട പാഠം. ജീവിതരീതി ശാരീരികമായി വളരെ മോശമായി അദ്ദേഹത്തെ ബാധിച്ചിട്ടുണ്ട്. എന്തൊക്കെ പറഞ്ഞാലും ഫുടബോളിനെ ജനകീയമാക്കിയതിൽ അദ്ദേഹത്തിന്റെ പങ്ക് വളരെ വലുതാണ്. ചരിത്രത്തിൽ സ്വർണ്ണ ലിപികളിൽ എഴുതിയ പേരാണ് ‘ഡിയേഗോ മറഡോണ’ എന്നത്.’

‘എനിക്ക് തോന്നുന്നത് അദ്ദേഹം മരണത്തിനു അതീതനാണെന്നാണ്. നമ്മുടെ മനസ്സിൽ അദ്ദേഹം ഒരിക്കലും മരിക്കില്ല. അദ്ദേഹത്തെ ഫുട്ബോളിന്റെ ദൈവം എന്നാണ് ആളുകൾ വിശേഷിപ്പിച്ചത്. ഇന്ന് രാവിലെ എഴുന്നേറ്റത് മുതൽ ഞാൻ ഫോൺ അറ്റൻഡ് ചെയ്യുകയാണ്. ഒരു ദിവസം 20 മിനിറ്റ് മാത്രം ഒപ്പം ഉണ്ടായിരുന്ന മനുഷ്യൻ എന്റെ ജീവിതത്തെ ഇത്രമേൽ സ്വാധീനിച്ചു എന്നുള്ളത് എന്നെ വിസ്മയിപ്പിക്കുന്നു. കേരളത്തിലുള്ളവർ മറഡോണ എന്ന് ഓർക്കുമ്പോൾ എന്റെ പേരുകൂടി ഓർക്കുന്നു എന്നുള്ളത് എന്നെ ഏറെ സന്തോഷിപ്പിക്കുന്നുണ്ട്. ആ ഇരുപതു മിനിറ്റ് എന്റെ ജീവിതത്തെ മാറ്റി മറിച്ച സമയമാണ്. കണ്ണൂരിനെ ഇളക്കിമറിച്ച ആ പകൽ ഞാനൊരിക്കലും മറക്കില്ല. 2020-ൽ എന്നെ സ്വാധീനിച്ച ഒരുപാടു മഹാരഥന്മാർ നമ്മെ വിട്ടുപോയി, വളരെ ദുഃഖം തോന്നുന്നുണ്ട്. ചുറു ചുറുക്കോടെ കാല്പന്തുതട്ടുന്ന, തകർപ്പൻ നൃത്ത ചുവടുകൾ കാഴ്ചവയ്ക്കുന്ന മറഡോണ ഇനിയില്ലെന്നുള്ള കാര്യം എന്നിൽ നഷ്ടബോധം നിറയ്ക്കുന്നു.’–രഞ്ജിനി പറഞ്ഞു.

Related Articles

Back to top button