International

ശ്രീലങ്കയെ എങ്ങിനെയെങ്കിലും രക്ഷിക്കണം; മോദിയോട്  ശ്രീലങ്കൻ പ്രതിപക്ഷ നേതാവ്

“Manju”

കൊളംബോ: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയെ എങ്ങിനെയെങ്കിലും രക്ഷിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രേമോദിയോട് അഭ്യർത്ഥിച്ച് പ്രതിപക്ഷ നേതാവ് സജിത്ത് പ്രേമദാസ. രാജ്യം ഏറ്റവും ഗുരുതരമായ പ്രതിസന്ധി നേരിടുകയാണെന്നും മോദിക്ക് തങ്ങളെ രക്ഷിക്കാനാകുമെന്നുമാണ് അദ്ദേഹം പറഞ്ഞത്. ‘ ശ്രീലങ്കയെ ഇപ്പോഴുള്ള പ്രതിസന്ധിയിൽ നിന്ന് കരകയറ്റാനാകുന്നതിന്റെ പരമാവധി ചെയ്യണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുകയാണ്. ഇത് ഞങ്ങളുടെ മാതൃരാജ്യമാണ്, മാതൃരാജ്യത്തെ ഏത് വിധേനയും സംരക്ഷിക്കണമെന്നും’ അദ്ദേഹം നരേന്ദ്രമോദിയോട് അഭ്യർത്ഥിച്ചു.

അതേസമയം ശ്രീലങ്കയിൽ സർവ്വകക്ഷി സർക്കാരുണ്ടാക്കാനുള്ള ശ്രമങ്ങളും പ്രസിഡന്റ് ഗൊതാബയ രജപക്‌സെ ആരംഭിച്ചിട്ടുണ്ട്. സർക്കാരിന്റെ ഭാഗമാകാൻ എല്ലാ രാഷ്‌ട്രീയ പാർട്ടികളേയും പ്രസിഡന്റ് ക്ഷണിച്ചു. മഹീന്ദ രാജപക്‌സെ ക്യാബിനറ്റിലെ എല്ലാ മന്ത്രിമാരുടേയും രാജി പ്രസിഡന്റ് അംഗീകരിച്ചതിന് പിന്നാലെയാണ് നീക്കം. മന്ത്രിസഭയിലെ 26 പേരാണ് രാജിവച്ചത്. പ്രധാനമന്ത്രിയുടെ മകൻ നമൽ രാജപക്സെയും രാജിവച്ചവരിൽ ഉൾപ്പെടുന്നു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ ശ്രീലങ്കൻ സെൻട്രൽ ബാങ്ക് ഗവർണറും രാജി വച്ചിട്ടുണ്ട്.

രാജ്യത്ത് വലിയ തോതിലുള്ള പ്രതിഷേധം ഇപ്പോഴും തുടരുന്നുണ്ട്. കർഫ്യു അടക്കം പ്രഖ്യാപിച്ചിട്ടും ജനങ്ങളെ തടഞ്ഞു നിർത്താൻ സാധിച്ചിട്ടില്ല. പലയിടത്തും സൈന്യവുമായും ജനങ്ങൾ ഏറ്റുമുട്ടുന്ന സാഹചര്യമാണുളളത്. ജനകീയ പ്രക്ഷോഭങ്ങൾ തടയാൻ സമൂഹമാദ്ധ്യമങ്ങൾക്കും സർക്കാർ വിലക്ക് ഏർപ്പെടുത്തിയിരുന്നു. എന്നാൽ 15 മണിക്കൂറിന് ശേഷം പിൻവലിച്ചു. ഫെയ്സ്ബുക്ക്, വാട്സ്ആപ്പ്, ട്വിറ്റർ, ഇൻസ്റ്റഗ്രാം, യൂട്യൂബ്, സ്നാപ്ചാറ്റ്, ടിക്ടോക് തുടങ്ങിയവയാണ് വ്യാജവിവരങ്ങൾ തടയാനെന്ന പേരിൽ വിലക്കിയത്. എന്നാൽ സിനിമാതാരങ്ങളും നമൽ രാജപക്സെയും ഉൾപ്പെടെ ഉള്ളവർ ഇതിനെതിരെ രംഗത്ത് വന്നതോടെ വിലക്ക് പിൻവലിക്കുകയായിരുന്നു.

Related Articles

Back to top button