EntertainmentIndiaLatest

നടി എന്നതിനപ്പുറം നല്ല ഹൃദയത്തിനുടമയായിരുന്നു സിൽക്ക് സ്മിത : ഈരാളി ബാലൻ

“Manju”

നടി എന്നതിനപ്പുറം നല്ല ഹൃദയത്തിനുടമയായിരുന്നു സിൽക്ക് സ്മിത : ഈരാളി ബാലൻ

‘പുഴയോരത്തിൽ പൂത്തോണിയെത്തിയില്ല…’ ഈ ഗാനവും ‘അഥർവം’ എന്ന സിനിമയും മലയാളിക്ക് ഏറെ പരിചിതമാണ്. സിൽക്ക് സ്മിതയുടെ സിനിമാജീവിതത്തിൽ അവർക്ക് ലഭിച്ച മികച്ച കഥാപാത്രങ്ങളിൽ മുന്നിലുണ്ടാകും മമ്മൂട്ടി നായകനായ ഈ സിനിമ. സ്മിതയുടെ അറുപതാം ജന്മദിനത്തിൽ അഥർവം സിനിമയുടെ നിർമാതാവായ ഈരാളി ബാലൻ സ്മിതയെ ഓർക്കുന്നത് ഒരു നടി എന്നതിനും അപ്പുറം നല്ല ഹൃദയത്തിന് ഉടമ എന്ന നിലയിലാണ്.

അങ്ങനെ കരുതാൻ അദ്ദേഹത്തിന് കാരണങ്ങൾ ഏറെയാണ്. ആ കഥ ബാലൻ തന്നെ പറയുന്നു.15 ദിവസ ദിവസത്തെ ഡേറ്റ് ആണ് എന്റെ സിനിമയിൽ അഭിനയിക്കാനായി സ്മിത തന്നത്. എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ ഷൂട്ട് നീണ്ടുപോയി. അതിന്റെ പരിഭവവും പിണക്കവും സ്മിതയ്ക്ക് ഉണ്ടായിരുന്നു താനും. സെക്കൻഡുകൾ ക്ക് പോലും വിലയുള്ള അഭിനേത്രി ആയിരുന്നല്ലോ അന്നേരം അവർ. ഒരിക്കൽ ഷൂട്ടിങ്ങിനിടയിൽ എന്നോട് പിണങ്ങി അവർ പോകുവാൻ ഒരുങ്ങി,അവർ പോയാൽ സിനിമയുടെ ചിത്രീകരണം മുടുങ്ങും. എന്നാൽ അവർ പോകുന്നു എന്ന് കേട്ടപ്പോൾ ആ വാശിക്ക് അവരോട് ഞാൻ പൊയ്ക്കോളാൻ പറഞ്ഞു.അതിന് അവർ തന്ന മറുപടി ഇങ്ങനെയായിരുന്നു..

‘ഞാൻ പോകപ്പോറെ…”

“ആ പൊയ്ക്കോ.. ”

“ഏയ്യ്…,  എന്നാ ഇപ്പടി സെൽട്രത്.”

“അല്ല താനല്ലേ പോകുന്നു എന്നു പറഞ്ഞത്.?,
പിന്നെ ഞാൻ പിടിച്ചുനിർത്താൻ പറ്റില്ലല്ലോ.!
നീ പൊയ്ക്കോ.. എന്റെ സിനിമ നിന്നുപോകും…,
അതു ഞാൻ സഹിച്ചു. കാറുണ്ട്.,
അവിടെ മാനേജർ കൊണ്ടാക്കും നീ പൊയ്ക്കോ.!”

“ഉനക്ക് തെരിയുമില്ലേ, ഞാൻ പോകമാട്ടെന്ന്..
അതിനാലേ.. താനേ നീ ഇപ്പടി സൊൽട്രത്..!”

ഇതായിരുന്നു സ്മിതയുടെ പ്രതികരണം. ഈ സംഭാഷണങ്ങൾക്കിടിയിൽ തെളിയുന്ന നല്ല രൂപമാണ്, നല്ല മനസിന്റെ ഉടമയാണ് ഇന്നും എനിക്ക് സിൽക്ക് സ്മിത. അഥർവം എന്ന സിനിമയോടും അതിന്റെ അണിയറപ്രവർത്തകരോടും മരണം വരെയും നല്ല ബന്ധം അവർ കാത്തുസൂക്ഷിച്ചിരുന്നു.

15 ദിവസത്തെ ഡേറ്റ് പറഞ്ഞു ഉറപ്പിച്ചിരുന്ന ഷൂട്ട് പിന്നെയും നീണ്ടപ്പോൾ പറഞ്ഞുറപ്പിച്ച തുകയിൽ നിന്നും ദിവസം പതിനായിരം രൂപയ്ക്ക് വീണ്ടും അവർ ഡേറ്റ് തന്നു. എവിഎമ്മിന്റെ ചിത്രം പോലും അവർ അതിനായി ഉപേക്ഷിച്ചു. എന്നാൽ ഷൂട്ട് കഴിഞ്ഞ് പോകുമ്പോൾ ആദ്യം പറഞ്ഞുറപ്പിച്ച തുക അല്ലാതെ ഒരു രൂപപോലും അവർ എന്റെ കയ്യിൽ നിന്നും വാങ്ങിയില്ല. അന്നത്തെ കാലത്ത് ഒരുദിവസം പതിനായിരം രൂപ ലഭിക്കുന്ന താരമെന്നാൽ ചില്ലറ കാര്യമല്ല. അന്ന് സൂപ്പർതാരങ്ങൾക്ക് മൂന്നുലക്ഷത്തോളമായിരുന്നു പ്രതിഫലം എന്നോർക്കണം… ബാലൻ പറയുന്നു

ഷൂട്ട് കഴിഞ്ഞ് പോയതോടെ ആ സൗഹൃദം അവസാനിച്ചില്ല.. പിന്നീട് എന്റെ കല്യാണത്തിന് പങ്കെടുക്കാൻ ആറു മണിയുടെ വിമാനത്തിൽ അവർ എത്തി. കൊച്ചിയിലെത്തി ഹോട്ടലിൽ മുറിയെടുത്ത ശേഷം കല്യാണ സമയത്ത് പള്ളിയിലെത്തി. മമ്മൂട്ടി, യേശുദാസ്, ചാരുഹാസൻ, ജഗതി അടക്കമുള്ളവർ പള്ളിയിലുണ്ടായിരുന്നു. പള്ളിയുടെ വാതിലിനോട് ചേർന്ന് എല്ലാവർക്കും അഭിമുഖമായി നിന്ന് എന്റെ കല്യാണം സ്മിത കണ്ടു. സ്മിത എത്തിയതോടെ പള്ളിയിൽ ജനം കൂടി. എല്ലാവരെക്കാളും പ്രാധാന്യം അവർക്കായി. പിന്നീട് ഭക്ഷണം വിളമ്പാനും അവർ കൂടി. എല്ലാ ചടങ്ങുകളും കഴിഞ്ഞ് വൈകിട്ടാണ് അവർ മടങ്ങിയത്. പിന്നീടും ആ സൗഹൃദം മരണം വരെ അവർ കാത്തുസൂക്ഷിച്ചു.
നല്ല സിനിമകൾക്കും അവർക്ക് ഇഷ്ടപ്പെടുന്ന കഥാപാത്രങ്ങൾക്കും എപ്പോഴും അലയുന്ന താരമായിരുന്നു സ്മിത. അങ്ങനെയാണ് നിർമാതാവിന്റെ വേഷത്തിലും അവർ എത്തിയത്. പക്ഷേ അതെല്ലാം പരാജയപ്പെട്ടു. അവരുടെ സമ്പാദ്യം അങ്ങനെ നശിച്ചു. ഒപ്പം നിന്നവരുടെ ചതി കൂടി ആയപ്പോൾ അവർ ആകെ തളർന്നു. അന്ന് അവരെ ആശ്വസിപ്പിക്കാൻ, ചേർത്തുപിടിക്കാൻ, ഉപദേശിക്കാൻ ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ അവർ ഒരിക്കലും ആത്മഹത്യ ചെയ്യുമായിരുന്നില്ല.

സിൽക്ക് സ്മിത കടിച്ച ആപ്പിളിന് ലക്ഷങ്ങൾ ലേലം വിളിച്ച ആസ്വാദകരും അവരുടെ ഡേറ്റിനായി കാത്തിരുന്ന സിനിമാലോകവും അവരുടെ മൃതദേഹത്തിന് അർഹിക്കുന്ന ആദരമോ യാത്ര അയപ്പോ നൽകിയില്ല എന്നത് ഇന്നും വേദനിപ്പിക്കുന്ന സത്യമാണ്’ ഈരാളി പറഞ്ഞുനിർത്തി.

Related Articles

Back to top button