India

സമരഭൂമിയില്‍ രാഷ്ട്രീയമില്ല:ഇത് ജീവിതസമരമെന്ന് കർഷകർ

“Manju”

ന്യൂഡൽഹി• കേന്ദ്ര സർക്കാർ പാസാക്കിയ 3 കർഷക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഡൽഹി അതിർത്തിയിൽ ലക്ഷക്കണക്കിനു കർഷകർ നടത്തുന്ന പ്രക്ഷോഭത്തിൽ രാഷ്ട്രീയക്കാർക്കു പ്രവേശനമില്ല! രാഷ്ട്രീയമില്ലാത്ത ജീവിത സമരമാണു തങ്ങളുടേതെന്നു പ്രഖ്യാപിച്ചാണു രാഷ്ട്രീയ നേതാക്കൾ സമരസ്ഥലത്തേക്കെത്തുന്നതിനു കർഷകർ വിലക്കേർപ്പെടുത്തിയിരിക്കുന്നത്.

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കൾ സമരവേദിയിലെത്താൻ താൽപര്യം അറിയിച്ചെങ്കിലും ആരും വരേണ്ടെന്ന മറുപടിയാണു കർഷക സംഘടനാ നേതാക്കൾ നൽകിയത്. തങ്ങളിലൊരാളായി സമരസ്ഥലത്തു വന്നിരിക്കുന്നതിൽ എതിർപ്പില്ല; പക്ഷേ, സമരത്തിന്റെ മറവിലുള്ള രാഷ്ട്രീയ പ്രസംഗങ്ങൾ വേണ്ടെന്നാണു സംഘടനകളുടെ നിലപാട്.

ഇക്കാര്യം പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങിനെയും അവർ അറിയിച്ചു. രാഷ്ട്രീയ നേതാക്കളുടെ സാന്നിധ്യം തങ്ങളുടെ സമരത്തിനു രാഷ്ട്രീയ നിറം നൽകുമെന്നും അതു മുതലാക്കി കേന്ദ്ര സർക്കാർ പ്രചാരണം നടത്തുമെന്നും വിലയിരുത്തിയാണ് ‘ഇവിടെ രാഷ്ട്രീയം പറയരുതെന്ന’ നയം സ്വീകരിക്കാൻ കർക്കാർ തീരുമാനിച്ചത്.

സമീപകാലത്തൊന്നും രാജ്യതലസ്ഥാനം കണ്ടിട്ടില്ലാത്ത വിധമുള്ള വൻ പ്രക്ഷോഭത്തിന് കർഷകർ അരങ്ങൊരുക്കിയതെങ്ങനെ? പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലെ നാൽപതോളം കർഷക സംഘടനകൾ തമ്മിലുള്ള ഐക്യമാണ്, ഇത്രയുമധികം ആളുകളെ അണിനിരത്താൻ സഹായിച്ചത്. രണ്ടര ലക്ഷത്തോളം കർഷകരാണു ഡൽഹിയുടെ അതിർത്തി മേഖലകളിലുള്ള സിംഘു, തിക്രി, ഗാസിപ്പുർ എന്നിവിടങ്ങളിൽ അണിനിരന്നത്. ഇതിൽ അര ലക്ഷത്തോളം പേർ ഭാര്യയും മക്കളുമടക്കം കുടുംബസമേതമാണ് എത്തിയിരിക്കുന്നത്.

പൊലീസിന്റെ ഏതു ബലപ്രയോഗവും നേരിടാൻ തയാറായാണു കർഷകർ എത്തിയിരിക്കുന്നത്. ഭക്ഷണമുണ്ടാക്കുന്നതും റോഡുകൾ വൃത്തിയാക്കുന്നതും താമസിക്കാൻ സ്ഥലമൊരുക്കുന്നതുമടക്കം ഓരോരുത്തർക്കും വ്യക്തമായ ജോലികൾ നിശ്ചയിച്ചിട്ടുണ്ട്. അതിരുവിട്ട ബലപ്രയോഗത്തിനൊടുവിൽ പൊലീസ് വെടിവയ്പിനു മുതിർന്നാൽ, മറ്റുള്ളവർക്കു സുരക്ഷാ കവചമൊരുക്കി വെടിയുണ്ടകൾക്കു മുന്നിൽ നിൽക്കാനും കർഷകരിൽ ഒരു സംഘം തയാറാണത്രെ

Related Articles

Back to top button