KeralaLatestThiruvananthapuram

കോവിഡിനിടെ തെക്കന്‍ കേരളം നാളെ പോളിങ്ങ് ബൂത്തിലേക്ക്

“Manju”

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിനു ശേഷം ഇതാദ്യമായി കേരളം ഒരു തെരഞ്ഞെടുപ്പിലേക്ക് പോകുകയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ആദ്യഘട്ട തെരഞ്ഞെടുപ്പ് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ നാളെ നടക്കും.
വോട്ടെടുപ്പ് സാമഗ്രികളുടെ വിതരണം അഞ്ച് ജില്ലകളിലും തിങ്കളാഴ്ച രാവിലെ ആരംഭിച്ചു. തിരുവനന്തപുരം നഗരസഭയില്‍ വോട്ടെടുപ്പ് സാമഗ്രികള്‍ വിതരണം ചെയ്യുന്ന കേന്ദ്രങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ മറികടന്ന് തിരക്ക് അനുഭവപ്പെട്ടു. ഇത് വാര്‍ത്തയായതോടെ അധികൃതര്‍ ഇടപെട്ട് നടപടികള്‍ സ്വീകരിച്ചു.
ഞായറാഴ്ച പരസ്യ പ്രചരണം അവസാനിച്ചതിനു പിന്നാലെ തിങ്കളാഴ്ച മുന്നണികള്‍ നിശബ്ദ പ്രചരണത്തിലാണ്. കൊട്ടിക്കലാശമില്ലാതെയാണ് ഇത്തവണ പരസ്യ പ്രചരണം അവസാനിച്ചത്. അവസാന ഘട്ടത്തില്‍ പരാമവധി വോട്ട് ഉറപ്പിക്കുന്നതിനുള്ള പരിശ്രമത്തിലാണ് സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും.
രഹസ്യ ബന്ധം ആരോപിച്ച് മുന്നണികള്‍ പരസ്പരം ആക്രമിക്കുമ്പോള്‍ ഇത്തവണത്തെ തെരഞ്ഞെടുപ്പ് പോരാട്ടം കൂടുതല്‍ ശക്തമാണ്. തിരുവനന്തപുരം നഗരസഭ എല്‍.ഡി.എഫ്.- യു.ഡി.എഫ്.- എന്‍.ഡി.എ. ത്രികോണ പോരാട്ടത്തിനാണ് വേദിയാകുന്നത്.
24,584 സ്ഥാനാര്‍ഥികളാണ് ഒന്നാംഘട്ടത്തില്‍ ജനവിധി തേടുന്നത്. ഇവരില്‍ 13,001 പേര്‍ പുരുഷന്‍മാരും 11,583 പേര്‍ സ്ത്രീകളുമാണ്. ജില്ലാ പഞ്ചായത്തുകളിലേക്ക് 406 പേരും ബ്ലോക്ക് പഞ്ചായത്തിലേക്ക് 2,238 പേരും ഗ്രാമപഞ്ചായത്തുകളിലേക്ക് 18,667 പേരും ജനവിധി തേടുന്നുണ്ട്. കോര്‍പറേഷനുകളിലേക്ക് 787 പേരും മുനിസിപ്പാലിറ്റികളിലേക്ക് 2,486 പേരും മത്സരിക്കുന്നു. പ്രശ്‌ന ബാധിതമായി കണ്ടെത്തിയ 1,722 ബൂത്തുകളില്‍ കര്‍ശന സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സുരക്ഷാ ചുമതലയ്ക്കായി 16,968 പൊലിസ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. വോട്ടെടുപ്പ് നടക്കുന്ന 11,225 ബൂത്തുകളും ഇന്ന് അണുവിമുക്തമാക്കും.
ഡിസംബര്‍ 10ന് നടക്കുന്ന രണ്ടാം ഘട്ടത്തില്‍ കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലും 14ന് വോട്ടെടുപ്പ് നടക്കുന്ന മൂന്നാം ഘട്ടത്തില്‍ മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും വോട്ടെടുപ്പ് നടക്കും. 16നാണ് വോട്ടെണ്ണല്‍. വോട്ടെടുപ്പ് സമയം രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയും വോട്ടെണ്ണല്‍ രാവിലെ എട്ടിനും ആരംഭിക്കും.
1200 തദ്ദേശ സ്ഥാപനങ്ങളില്‍ 1199 സ്ഥാപനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ്. 941 ഗ്രാമ പഞ്ചായത്തുകള്‍, 152 ബ്ലോക്ക് പഞ്ചായത്തുകള്‍, 14 ജില്ലാ പഞ്ചായത്തുകള്‍, 86 മുനിസിപ്പാലിറ്റികള്‍, 6 മുനിസിപ്പല്‍ കോര്‍പറേഷനുകള്‍ എന്നിവിടങ്ങളിലായി 21,865 വാര്‍ഡുകളിലേക്കാണ് ഈ വര്‍ഷം തിരഞ്ഞെടുപ്പ് നടക്കുന്നത്.
ഡിസംബര്‍ 31നു മുന്‍പ് ഭരണസമിതികള്‍ അധികാരത്തിലേറുന്ന തരത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഒക്ടോബര്‍ ഒന്നിനു പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍പട്ടികയില്‍ ആകെ 2,71,20,823 വോട്ടര്‍മാരാണുള്ളത്.

Related Articles

Back to top button