IndiaLatest

ഭാര്യയുടെ ഭീഷണി, അളിയന്റെ വിവാഹത്തിന് ലീവ് ചോദിച്ച് പൊലീസുകാരൻ

“Manju”

ഭോപ്പാൽ: സഹോദരന്റെ വിവാഹത്തിൽ പങ്കെടുത്തില്ലെങ്കിൽ അനന്തരഫലങ്ങൾ അത്ര നല്ലതാവില്ലെന്ന മുന്നറിയിപ്പുമായി പൊലീസുകാരന്റെ ഭാര്യ . ഭാര്യയുടെ ഭീഷണിയുണ്ടെന്നും ലീവ് തരണമെന്നും ആവശ്യപ്പെട്ട് പൊലീസുകാരൻ. ഭോപ്പാലിലെ ട്രോഫിക് പൊലീസ് കോൺസ്റ്റബിൾ ആയി ദിലീപ് കുമാർ അഹിര്‍വാർ ആണ് ലീവ് അപേക്ഷയിൽ ‘വ്യത്യസ്തമായ’ ഒരു കാരണം കൂടി പരാമർശിച്ചത്.
ഭാര്യാസഹോദരന്‍റെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായി ലീവ് തേടിയാണ് ദിലീപ് അപേക്ഷ സമർപ്പിച്ചത്. ‘തന്‍റെ സഹോദരന്റെ വിവാഹത്തിൽ പങ്കെടുത്തില്ലെങ്കിൽ അനന്തരഫലങ്ങൾ അത്ര നല്ലതാവില്ലെന്ന് ഭാര്യ വ്യക്തമായി തന്നെ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്’.
ഡിഐജിക്ക് സമര്‍പ്പിച്ച ലീവ് അപേക്ഷയിൽ ഒരു വരിയായി ഇങ്ങനെയാണ് ഇയാൾ കുറിച്ചത്. ഇതിന് പിന്നാലെ ഒരുദിവസത്തെ ‘ലീവ്’ ലഭിക്കുകയും ചെയ്തു. എന്നാൽ അത് ശിക്ഷയായി ആണെന്ന് മാത്രം. ശിക്ഷയായി ഒരുദിവസം ഡ്യൂട്ടിയിൽ നിന്ന് വിട്ട് നിൽക്കാനാണ് മുതിർന്ന ഉദ്യോഗസ്ഥർ ഇയാളോട് ആവശ്യപ്പെട്ടത്.
‘കഴിഞ്ഞ പതിനൊന്ന് മാസത്തിനിടെ 55 ലീവാണ് ദിലീപ് എടുത്തത്. ഏഴ് ദിവസത്തെ ലീവിന് ശേഷം ഇക്കഴിഞ്ഞ നവംബർ 28നാണ് ജോലിയിൽ പ്രവേശിച്ചത്. ഡിസംബർ 11ന് നടക്കുന്ന ഒരു വിവാഹത്തിനായി വീണ്ടും അഞ്ച് ദിവസം ലീവ് വേണമെന്നാണ് ആവശ്യം. ഡിഐജിക്ക് നൽകിയ ഔദ്യോഗിക അപേക്ഷയിൽ ‘ഭാര്യയുടെ ഭീഷണി’സംബന്ധിച്ച് ഇയാൾ പ്രത്യേകമായി എടുത്തു പറഞ്ഞിട്ടുണ്ട്. എന്നാണ് എഎസ്പി സന്ദീപ് ദീക്ഷിത് അറിയിച്ചത്.
എന്നാൽ ഈ അപേക്ഷ മേലുദ്യോഗസ്ഥർക്ക് അത്ര രസിച്ചില്ല. അച്ചടക്ക ലംഘനമായാണ് അവർക്ക് തോന്നിയത്. അതിന്‍റെ ശിക്ഷയായാണ് ഒരുദിവസം ജോലിയിൽ നിന്ന് വിട്ടുനിൽക്കാൻ ആവശ്യപ്പെട്ടതെന്നാണ് സൂചന.
എങ്കിലും ഇയാളുടെ അപേക്ഷ പൊലീസുകാരുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ പ്രചരിച്ചതോടെ വൈറലായെന്നും എഎസ്പി പറയുന്നു. ലീവുകളെല്ലാം എടുത്തു തീർത്തിരുന്നുവെങ്കിലും ദിലീപിന്റെ ലീവ് അപേക്ഷ പരിഗണിക്കുന്നുണ്ടെന്ന കാര്യവും എഎസ്പി പ്രത്യേകം അറിയിച്ചിട്ടുണ്ട്.

Related Articles

Back to top button