KeralaLatest

അച്ഛന്‍ മരിച്ച് അഴുകിയിട്ടും അറിയാതെ മകന്റെ മദ്യപാനം‍;

“Manju”

 

തിരുവനന്തപുരം• ഒന്നര വര്‍ഷമായി വീട്ടില്‍ തുടരുന്ന അച്ഛനും മകനുമായുള്ള കലഹവും മദ്യപാനവുമാണ് ഒടുവില്‍ കെ.ജയമോഹന്‍ തമ്പിയുടെ കൊലപാതകത്തില്‍ കലാശിച്ചത്. 2 വര്‍ഷം മുന്‍പ് ഭാര്യ മരിച്ചതിനുശേഷമാണ് ജയമോഹന്‍തമ്പിയുടേയും കുടുംബത്തിന്‍റേയും താളപ്പിഴകള്‍ തുടങ്ങിയത്. പത്തുദിവസം തുടർച്ചയായി ജയൻമോഹൻ തമ്പിയും താനും മദ്യ ലഹരിയിലായിരുന്നുവെന്നും അവസാനത്തെ 3 ദിവസങ്ങളിൽ ഭക്ഷണമൊന്നും കഴിച്ചിരുന്നില്ലെന്നും മകൻ അശ്വിൻ മൊഴി നൽകി. കൊലയ്ക്കു ശേഷം പുറത്തു പോയി മദ്യം വാങ്ങി വന്ന് രാത്രിയും അടുത്ത ദിവസവും അശ്വിൻ മദ്യപിച്ചിരുന്നു.
ലോക്ഡൗണിനുശേഷം മദ്യക്കടകള്‍ തുറന്നതു മുതല്‍ തമ്പിയും മകനും അമിത മദ്യപാനമായിരുന്നു. അച്ഛന്‍ മരിച്ച് അഴുകിയ ദുർഗന്ധം നാടാകെ പരന്നിട്ടും അടുത്തു കിടന്ന അശ്വിനു അറിയാന്‍ പോലും കഴിയാത്ത രീതിയിലുള്ള മദ്യപാനമായിരുന്നുവെന്ന് പൊലീസ് പറയുന്നു. ചോദ്യം ചെയ്യുമ്പോഴും അശ്വിൻ മദ്യലഹരിയിലായിരുന്നു. ജയമോഹന്‍ തമ്പിയുടെ മൃതദേഹം കണ്ടെത്തുമ്പോള്‍ അശ്വിനും വീട്ടിലുണ്ടായിരുന്നു.
മുൻ രഞ്ജി ട്രോഫി ക്രിക്കറ്റ് താരവും എസ്ബിഐ മുൻ ഡപ്യൂട്ടി ജനറൽ മാനേജരുമാണ് കെ.ജയമോഹൻ തമ്പി. ഭാര്യയുടെ മരണശേഷം പിന്നീടങ്ങോട്ട് മദ്യപാനം ജയമോഹന്‍ തമ്പി ശീലമാക്കി. ഗൾഫിൽ ഷെഫായി പ്രവർത്തിച്ചിരുന്ന അശ്വിൻ ജോലി നഷ്ടപ്പെട്ടു തിരിച്ചെത്തിയ ശേഷം പിതാവിനൊപ്പമായിരുന്നു മണക്കാട്ടെ വസതിയിൽ താമസം. ഇരുവരും ഒരുമിച്ചായിരുന്നു മദ്യപാനം. അശ്വിൻ വിവാഹിതനായിരുന്നെങ്കിലും ഭാര്യ ഒപ്പം താമസമുണ്ടായിരുന്നില്ല. അമിതമായ മദ്യപാനം മൂലമാണ് ഇയാളുടെ ജോലി നഷ്ടപ്പെട്ടതെന്നാണ് വിവരം. പെൻഷനടക്കം നല്ല വരുമാനമുണ്ടായിരുന്ന ജയമോഹൻ തമ്പിയുടെ എടിഎം, ക്രെഡിറ്റ് കാർഡുകൾ അശ്വിന്റെ കൈവശമായിരുന്നു.
അശ്വിൻ അമിതമായി മദ്യപിക്കുന്നതും ബഹളമുണ്ടാക്കുന്നതും പതിവാണെന്നും തമ്പിയുടെ എടിഎം, ക്രെഡിറ്റ് കാർഡുകൾ െചാല്ലി മദ്യപാനത്തിനു ശേഷം ഇരുവരും തമ്മിൽ മിക്കപ്പോഴും വഴക്കുണ്ടായിരുന്നതായും പ്രദേശവാസികൾ പറയുന്നു. അശ്വിനെ അടുത്തിടെ ലഹരിമുക്ത കേന്ദ്രത്തിൽ കൊണ്ടാക്കിയെങ്കിലും ഫലമൊന്നും ഉണ്ടായിരുന്നില്ല. മദ്യപാനം പരിധി വിട്ടതോടെ ഇയാളെ ബന്ധുക്കൾ മുറിയിൽ പൂട്ടിയിട്ടിരുന്നതായും െപാലീസ് പറയുന്നു. ഇയാളുടെ ശല്യം നിയന്ത്രിക്കാനാകാതെ വന്നപ്പോൾ ഇളയ സഹോദരൻ ആഷിക് അടുക്കമുള്ളവർ വീട്ടിലേക്കു വരാതെയായി.
ശനിയാഴ്ച രാവിലെ 11ന് ആണ് കൊലയിലേക്കു നയിച്ച തർക്കം ഉണ്ടായത്. അന്നു രാവിലെ തമ്പിയുടെ സുഹൃത്ത് വീട്ടിലെത്തി അശ്വിന്റെ കയ്യിൽ നിന്നു പണം വാങ്ങി പോയി മദ്യം വാങ്ങി നൽകിയിരുന്നു. മദ്യപാനത്തിനു ശേഷം ഇരുവരും തമ്മിൽ തർക്കമുണ്ടായി. ആവശ്യപ്പെട്ട പണം അശ്വിൻ നൽകാത്തതിനാൽ കാർഡുകൾ ജയമോഹൻ തമ്പി ആവശ്യപ്പെട്ടത് അശ്വിനെ പ്രകോപിപ്പിച്ചു.
അശ്വിൻ പിതാവിനെ ചുവരിനോടു ചേർത്തു കൈ കൊണ്ടു മൂക്കിനിടിച്ചു വീഴ്ത്തുകയായിരുന്നു. മൂക്കിൽ ചതവും പൊട്ടലുമുണ്ടായി. നിലത്തു വീണ തമ്പി എഴുന്നേൽക്കാൻ ശ്രമിക്കുന്നതിനിടെ വീണ്ടും പിടിച്ചു തള്ളി. ഇതോടെ മുഖമടിച്ചു വീണ തമ്പിയുടെ നെറ്റിയിലും ഗുരുതര മുറിവുണ്ടായി. ബോധം പോയെങ്കിലും ഉടന്‍ മരിക്കാന്‍ സാധ്യതയുണ്ടായിരുന്നില്ല. സമയത്ത് ആശുപത്രിയിലെത്തിക്കാത്തതും മരണകാരണമായി.
സിറ്റൗട്ടിൽ തർക്കത്തിനു ശേഷം തമ്പി വീണുകിടക്കുന്നത് അയൽവാസികളിലൊരാൾ കണ്ടിരുന്നു. തമ്പിയെ അകത്തെ ഹാളിലേക്കു വലിച്ചിഴച്ചു കൊണ്ടു പോകുന്നതും കണ്ടവരുണ്ട്. ആദ്യദിനം തന്നെ പൊലീസ് അശ്വിനെ കസ്റ്റഡിയിൽ എടുത്തുവെങ്കിലും സംസ്കാര ചടങ്ങിനു മുൻപു വിട്ടയച്ചു. പോസ്റ്റുമോർട്ടത്തിൽ കൊലപാതകമെന്നു വ്യക്തമായതോടെ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കുകയായിരുന്നു.
അച്ഛൻ വീണുകിടക്കുന്നെന്നും ആശുപത്രിയിൽ കൊണ്ടുപോകണമെന്നും ഇളയ സഹോദരൻ ആഷിക്കിനെ വിളിച്ച് അശ്വിൻ പറഞ്ഞിരുന്നു. സ്ഥിരമായി ഇത്തരത്തിൽ വിളിച്ച് പരാതി പറയുന്നതിനാൽ താൻ അവഗണിക്കുകയായിരുന്നുവെന്നു ഇളയ സഹോദരനും പറയുന്നു.

Related Articles

Back to top button