IndiaLatest

ഇന്ത്യയ്‌ക്കായി അതിവേഗ അര്‍ധ സെഞ്ചുറി നേടിയ താരങ്ങളില്‍ ഒന്നാമന്‍

“Manju”

ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റ്‌സ്‌മാന്‍മാര്‍ ആരാണെന്ന് ചോദിച്ചാല്‍ സേവാഗും യുവരാജും രോഹിത് ശര്‍മയുമൊക്കെ മനസിലേക്ക് ഓടിയെത്തുമെങ്കിലും ഇവര്‍ക്കൊന്നും സ്വന്തമാക്കാന്‍ സാധിക്കാത്ത ഒരു റെക്കോര്‍ഡുണ്ട് ഇപ്പോഴും. ഇന്ത്യയ്‌ക്ക് വേണ്ടി ഏകദിന ക്രിക്കറ്റില്‍ അതിവേഗ അര്‍ധ സെഞ്ചുറി നേടിയ താരമെന്ന റെക്കോര്‍ഡ് ഇപ്പോഴും ഒരു ബൗളര്‍ക്കാണ്. 20 വര്‍ഷം മുന്‍പുള്ള ഈ റെക്കോര്‍ഡ് മറികടക്കാന്‍ പിന്നീട് വന്ന വെടിക്കെട്ട് ബാറ്റ്‌സ്‌മാന്‍മാര്‍ക്കൊന്നും സാധിച്ചിട്ടില്ല.

മുന്‍ ഇന്ത്യന്‍ താരം അജിത് അഗാര്‍ക്കറാണ് ഇന്ത്യയ്‌ക്കായി അതിവേഗ അര്‍ധ സെഞ്ചുറി നേടിയ താരങ്ങളില്‍ ഒന്നാമന്‍. ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതുപോലൊരു ഡിസംബര്‍ 14 നായിരുന്നു ആ വെടിക്കെട്ട് ഇന്നിങ്‌സ്. വെറും 21 പന്തുകളില്‍ അഗാര്‍ക്കര്‍ അര്‍ധ സെഞ്ചുറി നേടി. ടി 20 ക്രിക്കറ്റ് ജനിച്ചിട്ടുപോലുമില്ല അന്ന്. രാജ്‌കോട്ടില്‍ നടന്ന മത്സരത്തില്‍ സിംബാബെയായിരുന്നു ഇന്ത്യയുടെ എതിരാളികള്‍. 21 പന്തില്‍ ഏഴ് ഫോറും നാല് സിക്‌സും സഹിതം അഗാര്‍ക്കര്‍ അര്‍ധ സെഞ്ചുറി നേടി. ഇന്ത്യയുടെ ഇന്നിങ്‌സ് പൂര്‍ത്തിയാകുമ്ബോഴും അഗാര്‍ക്കര്‍ ക്രീസിലുണ്ടായിരുന്നു. ഈ മത്സരത്തില്‍ 39 പന്തില്‍ നിന്ന് 67 റണ്‍സ് നേടിയാണ് അഗാര്‍ക്കര്‍ പുറത്താകാതെ നിന്നത്. പിന്നീട്, ബൗളിങ്ങിലും അഗാര്‍ക്കര്‍ മികച്ച പ്രകടനം നടത്തി. വെറും 26 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകളാണ് അഗാര്‍ക്കര്‍ വീഴ്‌ത്തിയത്. ഇന്ത്യ ഈ മത്സരത്തില്‍ വിജയിക്കുകയും ചെയ്തു.

അഗാര്‍ക്കര്‍ കഴിഞ്ഞാല്‍ കപില്‍ ദേവ്, വിരേന്ദര്‍ സേവാഗ്, രാഹുല്‍ ദ്രാവിഡ്, യുവരാജ് സിങ് എന്നിവരാണ് അതിവേഗ അര്‍ധ സെഞ്ചുറി നേടിയ ഇന്ത്യന്‍ താരങ്ങള്‍. നാല് പേരും 22 ബോളില്‍ നിന്നാണ് ഈ നേട്ടം സ്വന്തമാക്കിയത്. 1983 ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയാണ് കപില്‍ ദേവ് 22 പന്തില്‍ നിന്ന് അര്‍ധ സെഞ്ചുറി നേടിയത്. ഏഴ് ഫോറും മൂന്ന് സിക്‌സും സഹിതം വെറും 38 പന്തില്‍ 72 റണ്‍സാണ് കപില്‍ ഈ മത്സരത്തില്‍ നേടിയത്.

Related Articles

Back to top button