IndiaKeralaLatest

എഎപി ഉത്തര്‍ പ്രദേശ് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കും – കെജരിവാള്‍

“Manju”

Seven Aam Aadmi Party councillors suspended | Delhi News - Times of India
ദില്ലി: ബിജെപി ഉള്‍പ്പെടെയുള്ള പ്രമുഖ പാര്‍ട്ടി നേതാക്കള്‍ക്ക് നെഞ്ചിടിപ്പ് കൂട്ടി ആംആദ്മി പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാളിന്റെ പ്രഖ്യാപനം. ഉത്തര്‍ പ്രദേശിലെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ എഎപി മല്‍സരിക്കും. അധികാരത്തിലെത്തിയാല്‍ അഴിമതി രഹിത ഭരണം നടത്തുമെന്നും കെജ്രിവാള്‍ പ്രഖ്യാപിച്ചു. ദില്ലിയില്‍ നല്‍കിയ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെല്ലാം കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ നടപ്പാക്കിയെന്നും അദ്ദേഹം അവകാശപ്പെട്ടു.
കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ മൂന്ന് തവണ ദില്ലിയില്‍ എഎപി സര്‍ക്കാര്‍ രൂപീകരിച്ചു. പഞ്ചാബില്‍ മുഖ്യ പ്രതിപക്ഷമായി. ഇന്ന് സുപ്രധാന പ്രഖ്യാപനം നടത്താന്‍ പോകുകയാണ്. എഎപി അടുത്ത ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കും.- അരവിന്ദ് കെജ്രിവാള്‍ ഓണ്‍ലൈന്‍ വഴി മാധ്യമങ്ങളെ അറിയിച്ചു. അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഉത്തര്‍ പ്രദേശില്‍ ഇല്ല. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ഉത്തര്‍ പ്രദേശിലുള്ളവര്‍ ദില്ലിയെ ആണ് ആശ്രയിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമാണ് ഉത്തര്‍ പ്രദേശ്, എന്നാല്‍ വികസനത്തില്‍ വളരെ പിന്നിലാണ്. ഈ പരിതസ്ഥിതി മാറണമെന്നും യോഗി ആദിത്യനാഥ് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച്‌ കെജ്രിവാള്‍ പറഞ്ഞു.
മലിനമായ രാഷ്ട്രീയമാണ് യുപിയില്‍. അഴിമതിക്കാരായ നേതാക്കള്‍ സംസ്ഥാനത്തിന്റെ വികസനം തടയുകയാണ്. എല്ലാ രാഷ്ട്രീയ കക്ഷികള്‍ക്കും ഉത്തര്‍ പ്രദേശുകാര്‍ ഭരണത്തിന് അവസരം നല്‍കി. എന്നാല്‍ ഓരോ സര്‍ക്കാരും അഴിമതിയില്‍ റെക്കോര്‍ഡ് സൃഷ്ടിക്കുകയാണ് ചെയ്തതെന്നും കെജ്രിവാള്‍ ആരോപിച്ചു.
2022ലാണ് ഉത്തര്‍ പ്രദേശില്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ്. ബിജെപി വിജയ പ്രതീക്ഷയിലാണ്. അതേസമയം, പ്രതിപക്ഷ കക്ഷികളാകട്ടെ കൂടുതല്‍ ദുര്‍ബലമാകുകയും ചെയ്തു. പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ശക്തിപ്പെടാന്‍ ശ്രമം നടത്തിയെങ്കിലും സാധിച്ചിട്ടില്ല. അഖിലേഷ് യാദവ് നേതൃത്വം നല്‍കുന്ന സമാജ്‌വാദി പാര്‍ട്ടി ചില ചലനങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. എന്നാല്‍ എസ്പിയെ ബിജെപി ഒരു വെല്ലുവിളിയായി കാണുന്നില്ല. ഈ രാഷ്ട്രീയ പശ്ചാത്തലത്തിലേക്കാണ് കെജ്രിവാളിന്റെ എഎപി എത്തുന്നത്.
2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിക്കെതിരെ ഉത്തര്‍ പ്രദേശിലെ വാരണാസി മണ്ഡലത്തില്‍ കെജ്രിവാള്‍ മല്‍സരിച്ചിരുന്നു. രണ്ട് ലക്ഷം വോട്ടാണ് അദ്ദേഹം അന്ന് നേടിയത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എഎപി യുപിയില്‍ സാന്നിധ്യം അറിയിക്കുകയേ ചെയ്തില്ല. ദില്ലിയില്‍ നിന്ന് വളരെ വ്യത്യസ്തമായ രാഷ്ട്രീയ പശ്ചാത്തലമാണ് യുപിയിലെ ഗ്രാമങ്ങളില്‍. ഈ വെല്ലുവിളി എഎപി എങ്ങനെ മറികടക്കുമെന്നതാണ് പ്രധാനം.

Related Articles

Back to top button