IndiaLatest

കൊവിഡ്; കര്‍ഷകരുടെ കണ്ണീരൊപ്പാന്‍ ‘ഉള്ളിതീവണ്ടികള്‍’

“Manju”

സിന്ധുമോള്‍ ആര്‍

നാസിക് : നാളെയെ കുറിച്ച് പ്രവചിക്കാന്‍ പറ്റാത്ത ഒരു കാര്‍ഷിക ഉത്പന്നമുണ്ടെങ്കില്‍ അത് സവാളയാണ്. ഒന്നുകില്‍ വില കുത്തനെ കൂടി‍ വാങ്ങുന്നവരെ കരയിപ്പിക്കും, അല്ലെങ്കില്‍ വിലകുത്തനെ ഇടിഞ്ഞ് കരയുന്നത് കര്‍ഷകരാവും. കൊവിഡ് കാലത്ത് ലോക്ക്ഡൗണ്‍ കൂടിയായപ്പോള്‍ കര്‍ഷകരാണ് ഇപ്പോള്‍ സ്ഥിരമായി കരയുന്നത്. രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി ഇപ്പോഴും ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്നതിനാല്‍ വമ്പന്‍ സദ്യയൊരുക്കേണ്ട ചടങ്ങുകളും, ഹോട്ടലുകള്‍ തുറക്കാത്തതുമെല്ലാം ഉള്ളിയുടെ ഡിമാന്റ് കുറച്ചിരിക്കുകയാണ്. ഇതിനു പുറമേ ട്രക്കുകള്‍ ആവശ്യത്തിന് ലഭിക്കാത്തതും കര്‍ഷകര്‍ക്ക് തിരിച്ചടിയായി. വിളവെടുത്ത ഉത്പന്നങ്ങള്‍ കൂടിക്കിടന്ന് അഴുകി നശിക്കുന്ന കാഴ്ചയാണ് എവിടെയും. ഈ അവസ്ഥയിലാണ് ഇന്ത്യന്‍ റെയില്‍വേ ഉള്ളികര്‍ഷകരുടെ കണ്ണീരൊപ്പാന്‍ തീരുമാനിച്ചത്.

നാസിക്കിലെ കര്‍ഷകരുടെ സംഘടനയാണ് രക്ഷതേടി റെയില്‍വേയെ മേയ് മാസത്തോടെ സമീപിച്ചത്. ലോക്ക്ഡൗണ്‍ കാരണം അതിര്‍ത്തികള്‍ അടച്ചതാണ് സാദ്ധ്യമായ ഒരു ബദല്‍ തേടാന്‍ ഇവരെ നിര്‍ബന്ധിതരാക്കിയത്. കര്‍ഷകരുടെയും വ്യാപാരികളുടെയും അപേക്ഷ റെയില്‍വേ കേള്‍ക്കുകയും വിദേശകാര്യ മന്ത്രാലയത്തിലേക്ക് ക്ലിയറന്‍സിനായി അയയ്ക്കുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് മേയ് മാസം ആറാം തീയതി ബംഗ്ലാദേശിലേക്ക് ഉള്ളിയുമായി ഒരു പ്രത്യേക ട്രെയിന്‍ പുറപ്പെടാന്‍ സാധിച്ചത്. സെന്‍ട്രല്‍ റെയില്‍വേ ക്രമീകരിച്ച ഉള്ളി തീവണ്ടി ബംഗ്‌ളാദേശിലേക്ക് പുറപ്പെടുന്നതിന് ഇത് വഴിയൊരുക്കി. ഇതോടൊപ്പം രാജ്യത്തെ വിവിധ ഇടങ്ങളിലേക്കും നാസിക്കില്‍ നിന്നും ഉള്ളികയറ്റിയ തീവണ്ടികള്‍ എത്തിച്ചേര്‍ന്നു. എന്നാല്‍ ബംഗ്‌ളാദേശില്‍ ഇന്ത്യന്‍ ഉള്ളിക്ക് വളരെ ലാഭകരമായ വിപണിയാണെന്ന തിരിച്ചറിവാണ് അവിടേക്ക് തീവണ്ടി സര്‍വീസ് നടത്താന്‍ റെയില്‍വേയോട് കര്‍ഷക സംഘടനകള്‍ ആവശ്യപ്പെടാന്‍ കാരണമായത്. . . മേയ് ആറിനും ജൂലായ് പത്തിനും ഇടയില്‍ അമ്പത്തഞ്ചോളം ട്രെയിനുകളിലായി ഒരു ലക്ഷം ടണ്‍ ഉള്ളി ഇതുവരെ ബംഗ്ലാദേശിലേക്ക് കയറ്റുമതി ചെയ്തു. ഇപ്പോള്‍ ഈ കയറ്റുമതി മൂലമാണ് രാജ്യത്ത് ഉള്ളിയുടെ വില ഈ അവസ്ഥയില്‍ തുടരുന്നത്.

Related Articles

Back to top button