IndiaLatest

മലയാള മനോരമ എഡിറ്റര്‍ ഡി. വിജയമോഹന്‍ അന്തരിച്ചു

“Manju”

ന്യൂഡെല്‍ഹി:  മലയാള മനോരമ ഡെല്‍ഹി സീനിയര്‍ കോഓര്‍ഡിനേറ്റിങ് എഡിറ്റര്‍ ഡി വിജയമോഹന്‍ (65) അന്തരിച്ചു. തിരുവനന്തപുരം നെടുമങ്ങാട് കരിങ്ങയില്‍ കാരയ്ക്കാട്ടുകോണത്തു വീട്ടില്‍ 1955 ഫെബ്രുവരി 28ന് പി കെ ദാമോദരന്‍ നായര്‍ എസ് മഹേശ്വരി അമ്മ ദമ്ബതികളുടെ മകനായി ജനിച്ചു.

ബംഗളൂരു കൈരളി നികേതന്‍ സ്‌കൂള്‍, നെടുമങ്ങാട് ഗവ ഹൈസ്‌കൂള്‍, തിരുവനന്തപുരം മാര്‍ ഈവാനിയോസ് കോളജ്, യൂണിവേഴ്‌സിറ്റി കോളജ് എന്നിവിടങ്ങളില്‍ പഠനം. തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജില്‍നിന്ന് സാമ്ബത്തികശാസ്ത്രത്തില്‍ ബിരുദവും യൂണിവേഴ്‌സിറ്റി കോളജില്‍നിന്ന് ബിരുദാനന്തര ബിരുദവും നേടി. 1978 ലാണ് മനോരമയില്‍ ചേര്‍ന്നത്. 1985 മുതല്‍ ഡെല്‍ഹി ബ്യൂറോയില്‍ സേവന അനുഷ്ടിച്ചു. അതിനു മുന്‍പ് കോഴിക്കോട്, കൊല്ലം, തിരുവനന്തപുരം ബ്യൂറോകളിലും പ്രവര്‍ത്തിച്ചു. കോമണ്‍വെല്‍ത്ത് പ്രസ് യൂണിയന്റെ ഹാരി ബ്രിട്ടന്‍ ഫെല്ലോഷിപ്പില്‍ ഇംഗ്ലണ്ടില്‍ പത്രപ്രവര്‍ത്തനത്തില്‍ ഉപരിപഠനം നടത്തി. പത്രപ്രവര്‍ത്തനത്തിന്റെ ഭാഗമായി 23 വിദേശ രാഷ്ട്രങ്ങള്‍ സന്ദര്‍ശിച്ചു. ഡെല്‍ഹി ഫിലിം സെന്‍സര്‍ ബോര്‍ഡ്, ലോക്‌സഭാ പ്രസ് അഡൈ്വസറി സമിതി എന്നിവയില്‍ അംഗമായിരുന്നു.

ചെന്താര്‍ക്കഴല്‍(കവിതാസമാഹാരം), ഈ ലോകം അതിലൊരു മുകുന്ദന്‍, സ്വാമി രംഗനാഥാനന്ദ(ജീവചരിത്രം), എ രാമചന്ദ്രന്റെ വരമൊഴികള്‍, ഹ്യൂമര്‍ ഇന്‍ പാര്‍ലമെന്റ് എന്നിവയാണ് പ്രധാന കൃതികള്‍. മലയാള മനോരമ ചീഫ് എഡിറ്റേഴസ് ഗോള്‍ഡ് മെഡല്‍(1995) ആദ്യമായി നേടുന്നത് ഡി വിജയമോഹനാണ്. കേരള പ്രസ് അക്കാദമിയുടെ വി കരുണാകരന്‍ നമ്ബ്യാര്‍ അവാര്‍ഡ് (1986),തിരുവനന്തപുരം പ്രസ് ക്ലബിന്റെ ശിവറാം അവാര്‍ഡ്(1987),കേരള സര്‍ക്കാറിന്റെ അവാര്‍ഡ് (2004) എന്നിവ നേടി. എ രാമചന്ദ്രന്റെ വരമൊഴികള്‍ക്ക് കേരള ലളിത കല അക്കാദമിയുടെ അവാര്‍ഡും (2005) സ്വാമി രംഗനാഥാനന്ദയുടെ ജീവചരിത്രത്തിന് പി കെ പരമേശ്വരന്‍ നായര്‍ അവാര്‍ഡും (2007) ലഭിച്ചു. ഭാര്യ: എസ് ജയശ്രീ, മകന്‍: അഡ്വ.വി എം വിഷ്ണു. മരുമകള്‍:നീനു.

ഡി.വിജയമോഹനന്റെ അകാല നിര്യാണത്തില്‍ ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി അനുശോചിച്ചു.

Related Articles

Back to top button