KeralaLatest

5 കോര്‍പ്പറേഷനുകളിലും 19 മുന്‍സിപ്പാലിറ്റികളിലും എല്‍ഡിഎഫ്‌ ലീഡ്

“Manju”

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ 244 കേന്ദ്രത്തില്‍ രാവിലെ എട്ടിന് തന്നെ തുടങ്ങി.തിരുവനന്തപുരം, തൃശൂര്‍, കൊച്ചി, കോഴിക്കോട് , കൊല്ലം കോര്‍പ്പറേഷനുകളില്‍ എല്‍ഡിഎഫ് ആണ് മുന്നില്‍. 19 മുന്‍സിപാലിറ്റികളില്‍ എല്‍ഡിഎഫ് ആണ് ലീഡ് ചെയ്യുന്നത്.
രണ്ട് മണിക്കൂറിനുള്ളില്‍ ഗ്രാമപഞ്ചായത്തുകളുടെ വോട്ടെണ്ണല്‍ പൂര്‍ത്തിയാകും. ഉച്ചയോടെ പൂര്‍ണഫലം അറിയാം.
വോട്ടെണ്ണല്‍ വിവരങ്ങള്‍ trend.kerala.gov.in വെബ്സൈറ്റിലും PRD Live മൊബൈല്‍ ആപ്പിലും തത്സമയം ലഭിക്കും. ജില്ലാടിസ്ഥാനത്തില്‍ ത്രിതല പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ തിരിച്ചും ബൂത്തടിസ്ഥാനത്തിലും വോട്ടുനില അറിയാം.
വാര്‍ഡുകളിലെ തപാല്‍വോട്ടാണ് ആദ്യമെണ്ണുക. കോവിഡ് രോഗികള്‍ക്കും ക്വാറന്റൈനിലുള്ളവര്‍ക്കും പ്രത്യേക തപാല്‍വോട്ട് അനുവദിച്ചതിനാല്‍ ഇത്തവണ കൂടുതല്‍ ബാലറ്റുണ്ടാകും. രണ്ടു വിഭാഗത്തിലെ തപാല്‍വോട്ടും ഒരുമിച്ചെണ്ണും. തുടര്‍ന്ന് ഒരു മേശയില്‍ എട്ട് ബൂത്തുവീതം എണ്ണിത്തുടങ്ങും. ഗ്രാമ–-ബ്ലോക്ക് പഞ്ചായത്തുകളിലെ തപാല്‍വോട്ടുകള്‍ അതത് വരണാധികാരികളും ജില്ലാപഞ്ചായത്തിലേത് കലക്ടറേറ്റിലുമാണ് എണ്ണുന്നത്. ബ്ലോക്കടിസ്ഥാനത്തില്‍ 152 കേന്ദ്രത്തിലാണ് ത്രിതല പഞ്ചായത്തുകളുടെ വോട്ടെണ്ണല്‍. 86 മുനിസിപ്പാലിറ്റിയുടെയും ആറ് കോര്‍പറേഷന്റെയും വോട്ടെണ്ണല്‍ അതത് സ്ഥാപനത്തിലെ ഓരോ കേന്ദ്രത്തിലാണ്. സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് ഏജന്റിനും ഒരു കൗണ്ടിങ് ഏജന്റിനും വോട്ടെണ്ണല്‍ ഹാളില്‍ പ്രവേശിക്കാം.
ഡിസംബര്‍ എട്ട്, 10, 14 തീയതികളില്‍ മൂന്നുഘട്ടമായായിരുന്നു വോട്ടെടുപ്പ്. 21നാണ് പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ. നവംബര്‍ 12ന് കഴിഞ്ഞ ഭരണസമിതിയുടെ കാലാവധി അവസാനിച്ചു. കോവിഡ് സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് നീട്ടിയതിനാല്‍ തദ്ദേശ സ്ഥാപനങ്ങള്‍ ഉദ്യോഗസ്ഥഭരണത്തിലാണ്.

Related Articles

Back to top button