ഐ പി എല്ലിൽ 200 മത്സരങ്ങൾ കടന്ന് രോഹിത് ശർമ്മ
ഐ.പി.എല്ലില്‍ 200 മത്സരങ്ങള്‍ കളിക്കുന്ന രണ്ടാമത്തെ താരമായി മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ. ഇന്നലെ ഐ.പി.എല്‍ ഫൈനലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെയുള്ള മത്സരം രോഹിത് ശര്‍മയുടെ 200മത്തെ മത്സരമായിരുന്നു. ചെന്നൈ സൂപ്പര്‍ കിങ്സ് ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയാണ് ഇതിന് മുന്‍പ് 200 ഐ.പി.എല്‍ മത്സരങ്ങള്‍ കളിച്ച ഏക താരം. കഴിഞ്ഞ മാസമാണ് മഹേന്ദ്ര സിംഗ് ധോണി ഐ.പി.എല്ലില്‍ 200 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയത്.
ഐ.പി.എല്ലില്‍ രണ്ട് ടീമുകള്‍ക്ക് വേണ്ടി മാത്രമാണ് രോഹിത് ശര്‍മ്മ ഇതുവരെ കളിച്ചത്. 2008ല്‍ ഐ.പി.എല്‍ അരങ്ങേറ്റം നടത്തിയ രോഹിത് ശര്‍മ്മ ഡെക്കാന്‍ ചാര്‍ജേഴ്സ്, മുംബൈ ഇന്ത്യന്‍സ് ടീമുകള്‍ക്ക് വേണ്ടിയാണ് കളിച്ചത്. ഇതില്‍ 155 മത്സരങ്ങള്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടിയായിരുന്നു. ഐ.പി.എല്ലില്‍ 38 അര്‍ദ്ധ സെഞ്ചുറികളും ഒരു സെഞ്ച്വറിയും രോഹിത് ശര്‍മ്മ നേടിയിട്ടുണ്ട്.