KeralaLatestMalappuram

വൈറലായ സത്യപ്രതിജ്ഞ; ന്യായീകരിച്ച് വി മുരളീധരന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്‌

“Manju”

തിരുവനന്തപുരം: കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയുടെ സംസ്‌കൃതത്തിലുള്ള സത്യ പ്രതിജ്ഞ വൈറലായത്. സംസ്‌കൃതം മലയാളത്തില്‍ പേപ്പറില്‍ എഴുതി വായിച്ചതാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നിരവധി ട്രോളുകളും ഇതിനെ തുടര്‍ന്ന് വൈറലായിരുന്നു.
നല്ല ഒഴുക്കോടെ സംസ്‌കൃതത്തില്‍ വിദഗ്ധയാണെന്ന് വിശ്വസിപ്പിക്കും വിധമായിരുന്നു സ്ഥാനാര്‍ത്ഥിയുടെ സത്യ പ്രതിജ്ഞ. എന്നാല്‍ കടലാസിലുള്ള യഥാര്‍ത്ഥ സംസ്‌കൃതം ക്യാമറ കണ്ണുകള്‍ ഒപ്പിയെടുത്തതോടെയാണ് സംഭവം ട്രോളന്മാര്‍ക്ക് ഇരയായത്. ഇപ്പോള്‍ സംസ്‌കൃതം മലയാളത്തില്‍ എഴുതി സത്യ പ്രതിജ്ഞ ചൊല്ലിയതിനെ ന്യായീകരിച്ച് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ വി മുരളീധരനും രംഗത്തെത്തിയിരിക്കുകയാണ്.
വി മുരളിധരന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്:

ഭരണഘടന അംഗീകരിക്കുന്ന ഏതുഭാഷയിലും സത്യപ്രതിജ്ഞ ചെയ്യാമെന്ന് അറിയാത്തവരല്ല ഇപ്പോൾ സംസ്കൃത ഭാഷയെയും , അത് ഉപയോഗിച്ചവരെയും പുച്ഛിക്കുന്നവർ .സംസ്‌കൃതത്തിൽ സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റവർ ബിജെപി അംഗങ്ങൾ ആയതു കൊണ്ടാണ് നവമാധ്യമ സിംഹങ്ങളുടെ പരിഹാസക്കരച്ചിൽ.
തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് സംസ്കൃതത്തിൽ സത്യപ്രതിജ്‌ഞ ചെയ്തതിന് വേട്ടയാടപ്പെടുന്നവരെ ഞാൻ അഭിനന്ദിക്കുകയാണ്. നമ്മുടെ ഭാരതീയ സംസ്കാരത്തിനൊപ്പം നിന്നതിനാണ് പോരാളി ഷാജിമാർ നിങ്ങളെ വേട്ടയാടുന്നതെങ്കിൽ അഭിമാനിക്കുകയാണ് വേണ്ടത്. കാരണം, കേരള നിയമസഭയിൽ കന്നഡയിലും തമിഴിലും സത്യപ്രതിജ്ഞ ചെയ്തപ്പോഴൊന്നും ഉയരാത്ത മലയാള ഭാഷാ സ്നേഹം ഇപ്പോൾ ഉയർന്നത് , സംസ്കൃതം പറഞ്ഞവർ ബിജെപിക്കാരായത് കൊണ്ടു മാത്രമാണ്.
ഇത് കുറച്ചു കൂടി വ്യക്തമാക്കാൻ കഴിഞ്ഞ മാസം നടന്ന ഒരു കാര്യം ഉദാഹരണമായി സൂചിപ്പിക്കട്ടെ. ന്യൂസിലൻഡിൽ ലേബർ പാർട്ടി എംപിയായി തെരഞ്ഞെടുക്കപ്പെട്ട ഹിമാചൽ പ്രദേശ് സ്വദേശി ഗൗരവ് ശർമ്മ സത്യപ്രതിജ്ഞ ചെയ്യാൻ തെരഞ്ഞെടുത്തത് അദേഹത്തിന്റെ മാതൃഭാഷയായ പഹാരിയോ പഞ്ചാബിയോ ഹിന്ദിയോ ആയിരുന്നില്ല.
എല്ലാ ഇന്ത്യൻ ഭാഷകളുടെയും സ്മരണ നൽകുന്ന സംസ്കൃതത്തിലായിരുന്നു തന്റെ സത്യപ്രതിജ്ഞ എന്ന് അദ്ദേഹം അഭിമാനത്തോടെ ട്വീറ്റ് ചെയ്തു. അതിന് ലൈക്കടിച്ച നവമാധ്യമ പോരാളികളും വാർത്തയാക്കിയ മുഖ്യധാരാ മാധ്യമങ്ങളും ഇപ്പോൾ അതേ സംസ്കൃതം മലയാളനാട്ടിൽ ഉപയോഗിച്ചതിന് നാടുനീളെ പരിഹസിക്കുന്നു , ട്രോളിറക്കുന്നു. ഇതിലെ യുക്തിയെന്താണ്?
മലയാളത്തിൽ എഴുതി സംസ്കൃതം വായിച്ചു എന്നതാണ് മറ്റൊരു കുറ്റമായി ചാർത്തപ്പെടുന്നത്. ഔദ്യോഗിക ഭാഷകളിലൊന്നായ സംസ്കൃതം പറയുന്നവരെ വിലക്കാനും പരിഹസിക്കാനും എന്ത് യോഗ്യതയാണുള്ളതെന്ന് അവരവർ തന്നെ ചിന്തിക്കൂ. മുഖ്യധാരാ മാധ്യമങ്ങളിൽ ജോലി ചെയ്യുന്നവരായി അറിയപ്പെടുന്നവർ, അവരുടെ ബി ജെ പി വിരോധം തീർക്കാൻ, സംസ്കൃതത്തെ അപഹസിച്ചെഴുതിയ പല നിലവാരമില്ലാത്ത പോസ്റ്റുകളും ഫേസ്ബുക്കിൽ കണ്ടിരുന്നു. അതൊക്കെ ആ സ്ഥാപനങ്ങൾ നേരോടെ മുന്നോട്ടുവയ്ക്കുന്ന നിലപാടാണോ എന്നറിഞ്ഞാൽ കൊള്ളാം.
സംസ്കൃതം കേൾക്കുന്നതിൽ അസഹിഷ്ണുതയുള്ളവരോട് ഞാൻ ആവർത്തിച്ചു പറയട്ടെ …
वदतु संस्कृतम् । जयतु भारतम्
ഭാരതീയഭാഷകൾ സംസ്കൃതപദങ്ങളാൽ സമ്പന്നമാണെന്ന് അറിയാത്തവരല്ല ഈ വിമർശകർ. വിപ്ലവം തലയ്ക്ക് പിടിച്ചതിന്റെ ചെറിയ ഒരു പ്രശ്നമാണ്. ഭാരതീയ സംസ്കാരത്തിന്റെ ഇന്നും നിലയ്ക്കാത്ത തുടർച്ചയാണ് സംസ്കൃതഭാഷ പ്രതിനിധീകരിക്കുന്നത്. അതുകൊണ്ട് സംസ്കൃതത്തെയും , സത്യപ്രതിജ്ഞയ്ക്ക് അത് ഉപയോഗിച്ചവരെയും ,പരിഹസിച്ച് ഇല്ലാതാക്കാൻ അടുപ്പിൽ കയറ്റിയ വെള്ളമങ്ങ് വാങ്ങുന്നതാണ് നല്ലത്!

Related Articles

Back to top button