IndiaLatest

കാളപ്പോര് നടത്താന്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ അനുമതി

“Manju”

സിന്ധുമോൾ. ആർ

ചെന്നൈ : കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ജല്ലിക്കട്ട് നടത്താന്‍ തമിഴ്‌നാട് സര്‍ക്കാര്‍ അനുമതി നല്‍കി. എന്നാല്‍ കര്‍ശനമായ നിയന്ത്രണങ്ങളോടുകൂടി മാത്രമെ പരിപാടി നടത്താന്‍ പാടുള്ളു. കൊറോണ വ്യാപനം കുറയ്ക്കാന്‍ എല്ലാവിധ മുന്‍കരുതലുകളും സ്വീകരക്കണമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.

300 -ല്‍ കൂടുതല്‍ പേര്‍ ഒരു മത്സരത്തില്‍ കാളയെ തളയ്ക്കാന്‍ ഉണ്ടാകരുത്. ‘എരുതു വിടും വിഴാ’ ചടങ്ങില്‍ 150 -ലധികം കര്‍ഷകര്‍ പങ്കെടുക്കാന്‍ പാടില്ല. തുറസ്സായ ഇടങ്ങളില്‍ പോലും ഉള്‍ക്കൊള്ളാവുന്നതിന്റെ പാതി പേരെ മാത്രമേ അനുവദിക്കാവൂ. ജല്ലിക്കട്ട് നടക്കുന്ന ഇടത്തേക്ക് കടത്തിവിടുന്നവരെ മുഴുവന്‍ തെര്‍മല്‍ സ്‌കാനിങ്ങിനു വിധേയരാകണം. കാള ഉടമകളും തളയ്ക്കാന്‍ ഇറങ്ങുന്നവരും കോവിഡ് പരിശോധനയ്ക്ക് വിധേയരാകണം. പങ്കെടുക്കുന്നവര്‍ എല്ലാം തന്നെ മാസ്‌ക് ധരിച്ചിരിക്കണം എന്നിങ്ങനെ പല മാര്‍ഗനിര്‍ദ്ദേശങ്ങളും കോവിഡ് വ്യാപനം തടയുക എന്ന ഉദ്ദേശ്യത്തോടെ ജെല്ലിക്കെട്ടിനായി സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

തമിഴ്‌നാട് സംസ്‌കാരത്തിന്റെ ഭാഗമാണ് ജല്ലിക്കട്ട് എന്ന മത്സരം. മാട്ടുപ്പൊങ്കല്‍ ഉത്സവത്തിന്റെ ഭാഗമായി നടത്തപ്പെടുന്ന ഒരു മത്സരയിനമാണ് ജല്ലിക്കട്ട്. നാലുദിവസം നീണ്ടുനില്‍ക്കുന്ന വിളവെടുപ്പുത്സവമായ പൊങ്കലിന്റെ മൂന്നാം ദിനത്തിലാണ് കാളകളെ തളയ്ക്കുന്ന ഈ മത്സരം നടക്കാറുള്ളത്. മൃഗങ്ങളോട് ക്രൂരത കാണിക്കുന്നു എന്ന പേരില്‍ ഈ മത്സരം നിരോധിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് മൃഗസ്‌നേഹികള്‍ നല്‍കിയ പരാതികളുടെ പേരില്‍ പലതവണ കോടതികയറിയ ചരിത്രവും ജല്ലിക്കട്ടിനുണ്ട്.

Related Articles

Back to top button