IndiaLatest

ഉത്തരാഖണ്ഡ്;അപകടമേഖലയിലെ 5 ഗ്രാമങ്ങൾ മാറ്റിസ്ഥാപിക്കാൻ 2.38 കോടി

“Manju”

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ അപകട മേഖലയിലുള്ള ഗ്രാമങ്ങൾ മാറ്റി സ്ഥാപിക്കാനായി 2.38 കോടി രൂപ അനുവദിച്ച് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത്. സംസ്ഥാനത്തെ അപകട സാധ്യതയുള്ള 385 ഗ്രാമങ്ങളിൽ ഏറ്റവും അപകടമേറിയ അഞ്ചു ഗ്രാമങ്ങളിലെ ജനങ്ങളെ സുരക്ഷിത മേഖലകളിലേക്ക് മാറ്റി പാർപ്പിക്കുന്നതിനായാണ് തുക അനുവദിച്ചിരിക്കുന്നത്.

തെഹ്‌രി, ചമോലി, ഉത്തരകാശി, ബാഗേശ്വർ എന്നീ ജില്ലകളിലെ ഗ്രാമങ്ങളിലെ ജനങ്ങളെയാണ് മാറ്റി പാർപ്പിക്കാനൊരുങ്ങുന്നത്. ജനങ്ങൾക്ക് വീടുകൾ പണിയാനും ഗോശാലകൾ നിർമ്മിക്കാനും മറ്റ് അടിസ്ഥാന സൗകര്യ വികസനങ്ങൾക്കുമായാണ് ഉത്തരാഖണ്ഡ് സർക്കാർ തുക അനുവദിച്ചിരിക്കുന്നത്.

ചമോലി ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് സർക്കാർ അടിയന്തരമായി ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. ചമോലിയിൽ മഞ്ഞുമല ഇടിഞ്ഞു വീണുണ്ടായ അപകടത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെടുകയും പരിക്കേൽക്കുകയും ചെയ്തിരുന്നു. സംസ്ഥാനത്തൊട്ടാകെ വ്യാപക നാശനഷ്ടങ്ങളും ഉണ്ടായിട്ടുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് സർക്കാർ പുതിയ തീരുമാനങ്ങൾ സ്വീകരിച്ചിരിക്കുന്നത്.

385 ഗ്രാമങ്ങളിലെ ജനങ്ങളെയും മാറ്റി താമസിപ്പിക്കാൻ 10,000 കോടി രൂപയോളം ചെലവ് വരും. അപകട സാധ്യതയുള്ള 385 ഗ്രാമങ്ങളിൽ 62 എണ്ണം ഉത്തരകാശിയിലും 61 എണ്ണം ചമോലിയിലും 42 എണ്ണം ബാഗേശ്വരിലും തെഹ്‌രിയിൽ 33 എണ്ണവും പൗരിയിൽ 26 എണ്ണവും രുദ്രപ്രയാഗിൽ 14 എണ്ണവുമാണുള്ളത്.

പിത്തോർഗഡിലാണ് ഏറ്റവും അധികം അപകട മേഖലാ ഗ്രാമങ്ങളുള്ളത്. 129 ഗ്രാമങ്ങളാണ് ഇവിടെ അപകട സാധ്യതാ മേഖലകളായി കണക്കാക്കപ്പെട്ടിരിക്കുന്നത്. ചമ്പവത് ജില്ലയിൽ 10 ഗ്രാമങ്ങളും അൽമോറയിൽ ഒൻപത് ഗ്രാമങ്ങളും നൈനിറ്റാളിൽ ആറു ഗ്രാമങ്ങളും ഡെറാഡൂണിൽ രണ്ടും ഗ്രാമങ്ങളും ഉദ്ദം സിംഗ് നഗറിൽ ഒരു ഗ്രാമവും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.

Related Articles

Back to top button