KeralaLatest

അശ്രദ്ധ ഒഴിവാക്കൂ, കുഞ്ഞുങ്ങളെ സുരക്ഷിതരാക്കൂ..

“Manju”

കോഴിക്കോട്: കുഞ്ഞുങ്ങൾ വളരെയധികം ശ്രദ്ധിക്കപ്പെടേണ്ടവരാണ്. നാം അശ്രദ്ധയോടെ വലിച്ചെറിയുന്ന പലസാധനങ്ങളും കുഞ്ഞുങ്ങൾ വേഗത്തിൽ കൈക്കലാക്കും. കാരണം മുതിർന്നവരെ അനുകരിക്കലാണ് കുഞ്ഞുങ്ങളുടെ ശീലം.

കഴിഞ്ഞ ദിവസം മിക്ചര്‍ കഴിക്കുന്നതിനിടെ തൊണ്ടയില്‍ നിലക്കടല കുടുങ്ങി നാലുവയസുകാരി മരിച്ചു എന്നുള്ള വേദനിപ്പിക്കുന്ന വാര്‍ത്തയാണ് കോഴിക്കോട് ഉള്ളിയേരിയില്‍ നിന്നും കേട്ടത്.
ഉള്ളിയേരി നാറാത്ത് വെസ്റ്റിലെ ചെറുവാട്ടുവീട്ടില്‍ ഇന്ത്യന്‍ ആര്‍മിയില്‍ ജോലി ചെയ്യുന്ന പ്രവീണിന്റെ മകള്‍ തന്‍വിയാണ് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കഴിഞ്ഞ ദിവസം മരിച്ചത്. ഞായറാഴ്ച രാത്രി ഒമ്ബതോടെ മിക്ച്ചര്‍ കഴിച്ചുകൊണ്ടിരുന്ന കുട്ടി അസ്വസ്ഥത പ്രകടിപ്പിക്കുകയായിരുന്നു. വീട്ടുകാര്‍ ഉടനെ തന്നെ കുട്ടിയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. അവിടെ നിന്നും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജേക്ക് കൊണ്ടുപോകുന്നതിനിടെയാണ് കുട്ടി മരിച്ചത്. ഇന്ത്യന്‍ പബ്ലിക്ക് സ്‌കൂളിലെ നഴ്‌സറി വിദ്യാര്‍ഥിയാണ് തന്‍വി.
ഇതോടൊപ്പം തന്നെ വരുന്ന മറ്റൊരു വാര്‍ത്തയാണ് എലിവിഷത്തിന്റെ ഉപേക്ഷിച്ച ട്യൂബെടുത്ത് വായില്‍ തേച്ച മൂന്ന് വയസുകാരന്‍ മരിച്ചു എന്നത്. മലപ്പുറം ചെട്ടിപ്പടി കുപ്പി വളവിലാണ് സംഭവം. ചെട്ടിപ്പടി കോയംകുളം കുപ്പിവളവിലെ സുഹൈല അന്‍സാര്‍ ദമ്പതികളുടെ ഏകമകന്‍ റസിന്‍ ഷായാണ് മരണപ്പെട്ടത്. ഉപയോഗശൂന്യമായ എലിവിഷ ട്യൂബ് എടുത്ത് കുട്ടി കളിക്കുന്നതിനിടെ വായിലാക്കുകയായിരുന്നു. മൂന്ന് ദിവസമായി കോട്ടക്കലിലെയും പിന്നീട് കോഴിക്കോട്ടെയും സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന റസിന്‍ ഷാ മാര്‍ച്ച്‌ 15 നാണ് മരണപ്പെട്ടത്. ചെട്ടിപ്പടിയിലെ മത്സ്യ വ്യാപാരി കുറ്റ്യാടി സുലൈമാന്റെ പേരക്കുട്ടി ആണ് റസിന്‍ ഷാ. ഖബറടക്കം കൊടക്കാട് പള്ളി ഖബറിസ്ഥാനില്‍ നടന്നു.
ഉപയോഗ ശൂന്യമായതിനെ തുടര്‍ന്ന് ഒഴിവാക്കിയ എലി വിഷ ട്യൂബ് കുട്ടി എടുത്ത് കളിക്കുകയും അത് വായില്‍ വെക്കുകയും ചെയ്യുകയായിരുന്നു. ഇതറിഞ്ഞ ഉടന്‍ തന്നെ രക്ഷിതാക്കള്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചു. കോട്ടക്കലില്‍ പ്രവേശിപ്പിച്ച കുട്ടിയെ പിന്നീട് വിദഗ്ധ ചികിത്സക്കായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. എങ്കിലും മൂന്ന് ദിവസത്തെ ചികിത്സക്ക് ശേഷം കുട്ടി മരിച്ചു.
മംഗളൂരുവില്‍ ടൂത്ത് പേസ്റ്റ് എന്ന് കരുതി എലിവിഷം കൊണ്ട് പല്ലുതേച്ച 17 കാരിയുടെ മരണ വാര്‍ത്ത വളരെ വേദനയോടെയാണ് നമ്മള്‍ അറിഞ്ഞത്. മംഗലാപുരത്തിന് അടുത്ത് സുള്ള്യയിലെ മര്‍കഞ്ച ഗ്രാമത്തില്‍ നിന്നുള്ള ശ്രവ്യ, ഫെബ്രുവരി 14 നാണ് ടൂത്ത് പേസ്റ്റിന് പകരം ബ്രഷില്‍ അബദ്ധത്തില്‍ എലിവിഷം പുരട്ടി പല്ലുതേച്ചത്. ഉടനെ തന്നെ പറ്റിയ അബദ്ധം മനസ്സിലാക്കി വെള്ളം ഉപയോഗിച്ച്‌ വായ കഴുകി. പിറ്റേന്ന് സുഖമായെന്ന് തോന്നിയെങ്കിലും ഫെബ്രുവരി 17 ന് വയറുവേദനയെ തുടര്‍ന്ന് വിദ്യാര്‍ഥിനിയെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
2020 ജൂണില്‍, ആന്ധ്രാപ്രദേശിലെ പശ്ചിമ ഗോദാവരി ജില്ലയിലെ ഡെന്‍ഡുലൂര്‍ സോണിലെ ഗലയഗുഡെമില്‍ മൗനിക എന്ന ഗര്‍ഭിണി സമാനമായ രീതിയില്‍ എലിവിഷം ഉപയോഗിച്ച്‌ മരിച്ചിരുന്നു. കര്‍ണാടകയിലും മഹാരാഷ്ട്രയിലും സമാനമായ മറ്റ് മൂന്ന് സംഭവങ്ങള്‍ ഉണ്ടായി. പശ്ചിമ ബംഗാളിലും തെലങ്കാനയിലും സമാനമായ സംഭവങ്ങള്‍ അപൂര്‍വമായി ഉണ്ടായിട്ടുണ്ട്. പേസ്റ്റിന് പകരം എലി വിഷം മൂലം ജീവന്‍ നഷ്ടമായവരില്‍ ഏറെക്കുറെയും സ്ത്രീകളാണ്.
ഈ വാര്‍ത്തകള്‍ വരുമ്ബോള്‍ നമ്മള്‍ ഓര്‍ക്കേണ്ടത്, ഇത്തരം വസ്തുക്കള്‍ കുട്ടികളില്‍ നിന്നും മുതിര്‍ന്നവരില്‍ നിന്നും മാറ്റി അവരെ എങ്ങനെ സുരക്ഷിതരാക്കാം എന്നതാണ്. അബദ്ധത്തില്‍ സംഭവിക്കുന്ന ഇത്തരം പ്രവര്‍ത്തികളുടെ ഫലം വളരെ വലുതായിരിക്കും. വിഷാംശം കലര്‍ന്ന എല്ലാ വസ്തുക്കളും സുരക്ഷിതമായ ഇടങ്ങളിലാണ് ഉള്ളതെന്ന് ഉറപ്പ് വരുത്തണം. മിഠായികള്‍ കടലകൾ തുടങ്ങിയവ കുട്ടികള്‍ക്ക് നല്‍കുമ്പോള്‍ ചെറിയ രൂപത്തിലേക്ക് മാറ്റി നല്‍കാന്‍ വീട്ടുകാര്‍ പ്രത്യേകം ശ്രദ്ധിക്കണം.
വീടിനുള്ളിൽ അലക്ഷ്യമായി സാധനങ്ങൾ വലിച്ചെറിയുന്നതും, ഇലക്ട്രിക് ഉപകരണങ്ങളുടെ കണക്ഷനുകൾ കുട്ടികളുടെ കൈയെത്തും ദൂരത്ത് വെയ്ക്കുന്നതും, അടുക്കളയിലൊക്കെ കുഞ്ഞുങ്ങൾ എത്തിവലിഞ്ഞ് സാധനസാമഗ്രികൾ കൈക്കലാക്കുന്നതുമൊക്കെ പലപ്പോഴും പ്രശ്നങ്ങൾ ഉണ്ടാക്കുന്നതാണ്.
കുട്ടികളുടെ ജീവന്‍ അപകടത്തിലാകാതെ നോക്കേണ്ട പ്രധാന ഉത്തരവാദിത്വം വീട്ടിലുള്ളവര്‍ക്ക് തന്നെയാണ്. അതിനാല്‍ തന്നെ പ്രത്യേക ശ്രദ്ധ നല്‍കി കുഞ്ഞുങ്ങളെ സുരക്ഷിതരാക്കുക.

Related Articles

Back to top button