InternationalLatest

എന്താണ് യുഎഇ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ; ഇന്ത്യക്കാര്‍ക്ക് എങ്ങനെ അപേക്ഷിക്കാം?

“Manju”

ദുബായ്: വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് യുഎഇ ആരംഭിച്ച അഞ്ച് വര്‍ഷത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയ്ക്ക് ആവശ്യക്കാര്‍ കൂടുന്നതായി റിപ്പോര്‍ട്ട്. വിനോദസഞ്ചാരികളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യ ഉള്‍പ്പെടെ എല്ലാ രാജ്യങ്ങളിലെയും വിനോദസഞ്ചാരികള്‍ക്ക് അനുവദിക്കുന്ന വിസയാണ് മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ. 2021 മാര്‍ച്ചില്‍ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് അന്നത്തെ കാബിനറ്റ് സെഷനില്‍ അഞ്ച് വര്‍ഷത്തെ ടൂറിസ്റ്റ് വിസ പദ്ധതി തുടങ്ങിയത്.

സ്പോണ്‍സര്‍ഷിപ്പ് ആവശ്യമില്ലാതെ ഒറ്റ വിസയില്‍ ഒന്നിലധികം തവണ യുഎഇ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കുന്നതാണ് അഞ്ച് വര്‍ഷ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ. വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനാണ് ദുബായ് ഈ വിസ ആവിഷ്‌കരിച്ചിരിക്കുന്നത്. യുഎഇയിലെ ബിസിനസുകാര്‍ക്കും കുടുംബ സന്ദര്‍ശകര്‍ക്കും ഇത് ഉപകാരപ്പെടുന്നതാണ്.

മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ അപേക്ഷ സമര്‍പ്പിച്ച് 2-5 പ്രവൃത്തി ദിവസത്തിനുള്ളില്‍ ലഭ്യമാകും. ഈ വിസവഴി ഇടക്കാലയളവില്‍ ഇഷ്ടാനുസരണം യുഎഇയിലേക്ക് പോയി വരാന്‍ സാധിക്കും. ഓരോ തവണ രാജ്യത്തെത്തുമ്പോഴും 90 ദിവസം തങ്ങാന്‍ അനുവാദമുണ്ട്. ആവശ്യമെങ്കില്‍ സമാനമായ കാലയളവിലേക്ക് ഒരിക്കല്‍ കൂടി നീട്ടാവുന്നതാണ്. ഒരുവര്‍ഷത്തെ ആകെ 180 ദിവസവരെ രാജ്യത്ത് തങ്ങാന്‍ ഇതുവഴി സാധിക്കും. ബിസിനസുകാര്‍ക്ക് വാണിജ്യ സംബന്ധമായ യാത്രകള്‍, വിനോദസഞ്ചാരികള്‍ക്ക് ഒഴിവുസമയ യാത്രകള്‍, കൂടാതെ വിനോദ സഞ്ചാരികള്‍ക്ക് ഒന്നിലധികം തവണ എന്‍ട്രികളും എക്സിറ്റുകളും പ്രയോജനപ്പെടുത്താന്‍ കഴിയും.

ആഗോള സാമ്പത്തിക മൂലധനമെന്ന നിലയില്‍ യുഎഇയുടെ പദവി ശക്തിപ്പെടുത്തുകയാണ് ഈ നടപടിയുടെ ലക്ഷ്യം. ഈ സംരംഭം ഇന്ത്യക്കാര്‍ക്ക് വിനോദസഞ്ചാര അനുഭവം വര്‍ദ്ധിപ്പിക്കുകയും ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

അഞ്ച് വര്‍ഷ വിസയ്ക്ക് അപേക്ഷിക്കാം:

ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി) വെബ്‌സൈറ്റ് അല്ലെങ്കില്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിന്‍ അഫയേഴ്‌സ് (ജിഡിആര്‍എഫ്എ) വഴി ഓണ്‍ലൈന്‍ അപേക്ഷിക്കാം. രാജ്യത്തിനകത്ത് നിന്ന് വിസ തേടുന്ന അപേക്ഷകര്‍ക്ക് അമീര്‍ 24/7 ഇമിഗ്രേഷന്‍ സേവന കേന്ദ്രങ്ങള്‍ പോലുള്ള അംഗീകൃത ടൈപ്പിംഗ് സെന്ററുകളുമായി ബന്ധപ്പെടാം. 48 മണിക്കൂറില്‍ വിസ ലഭിക്കും.

വിസയ്ക്ക് അപേക്ഷിക്കാന്‍ ആവശ്യമായ രേഖകള്‍:

പാസ്പോര്‍ട്ട് സൈസ് ഫോട്ടോ

കുറഞ്ഞത് ആറ് മാസത്തേക്ക് സാധുതയുള്ള പാസ്പോര്‍ട്ടിന്റെ ഒരു പകര്‍പ്പ്

ആറ് മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റുകള്‍

അപേക്ഷകന് കുറഞ്ഞത് 3,31,528 രൂപ ബാങ്ക് ബാലന്‍സ് ഉണ്ടായിരിക്കണം

ആരോഗ്യ ഇന്‍ഷുറന്‍സ്

റൗണ്ട് ട്രിപ്പ് ഫ്ളൈറ്റ് ടിക്കറ്റുകളുടെ പകര്‍പ്പും താമസ സ്ഥലത്തിന്റെ രേഖയും

യുഎഇയിലെ സുഹൃത്തുക്കളോ കുടുംബാംഗങ്ങളോ നല്‍കുന്ന ക്ഷണക്കത്ത് ഉണ്ടെങ്കില്‍ സമര്‍പ്പിക്കാം

ഹോട്ടല്‍ ബുക്കിങ് അല്ലെങ്കില്‍ വാടക കരാര്‍

ജിഡിആര്‍എഫ്എ വഴി വിസയ്ക്ക് ഇങ്ങനെ അപേക്ഷിക്കാം:

സ്മാര്‍ട്ട് സേവന സംവിധാനത്തിലേക്ക് ലോഗിന്‍ ചെയ്യുക

അപേക്ഷിക്കേണ്ട സേവനം കണ്ടെത്തുക

ആപ്ലിക്കേഷന്‍ ഡാറ്റ പൂരിപ്പിക്കുക ശേഷം സേവന ഫീസ് അടയ്ക്കുക

ഫീസ്

100 ദിര്‍ഹമാണ് അപേക്ഷാ ഫീസ്

500 ദിര്‍ഹമാണ് ഇഷ്യു ഫീസായി ഈടാക്കുന്നത്

50 ദിര്‍ഹമാണ് ഇലക്ട്രോണിക് സേവന ഫീസ്

 

Related Articles

Back to top button