KeralaLatestThiruvananthapuram

സിദ്ധ ദിനത്തിൽ കൊവിഡാനന്തര ഔഷധ കിറ്റ് വിതരണം ചെയ്തു

“Manju”

മഹേഷ് കൊല്ലം

ആറ്റിങ്ങൽ: നാലാം സിദ്ധ ദിനാചരണത്തോട് അനുബന്ധിച്ച് അവനവഞ്ചേരി സിദ്ധ ആശുപത്രിയുടെ നേതൃത്വത്തിൽ ഔഷധ കിറ്റ് വിതരണം ചെയ്തു. വിതരണോദ്ഘാടനം നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി നിർവ്വഹിച്ചു. ഓരോ കിറ്റിലും 4 തരം മരുന്നുകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

കൊവിഡിൽ നിന്ന് മുക്തരായവർക്ക് വിശപ്പില്ലായ്മ, ശരീര ഭാരക്കുറവ്, ശരീര വേദന വായുകോപം, തലവേദന തുടങ്ങിയ ബുദ്ധിമുട്ടുകൾ ഉണ്ടാവുന്നതായി കാണപ്പെടുന്നു. ഇത്തരം രോഗങ്ങളെ ചെറുത്ത് നിർത്താൻ വേണ്ടി സിദ്ധ കൊവിഡാനന്തര ഔഷധങ്ങൾ ഫലപ്രദമാകുന്നതായി മനസിലാക്കാൻ കഴിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് നഗരത്തിലെ ജനങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി ഔഷധ വിതരണം നടത്തിയത്. കൂടാതെ നാൽപത് വർഷത്തെ സിദ്ധചികിൽസാ പാരമ്പര്യമാണ് ഈ ആശുപത്രിക്കുള്ളത്. കൂടാതെ ഇതിന്റെ ഒരു സബ് സെന്റെർ കുഴിമുക്ക് ജംഗ്ഷനിൽ പ്രവർത്തനം ആരംഭിക്കുന്നതിനുള്ള നടപടികൾ പൂർത്തിയായി. അതോടൊപ്പം ആശുപത്രിയിൽ 10 പേരെ കിടത്തി ചികിൽസിക്കാനുള്ള സംവിധാനം ബന്ധപ്പെട്ടവരുമായി ആലോചിച്ച് നടപ്പിലാക്കുമെന്ന് ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി പറഞ്ഞു.

ഗ്രാമത്ത് മുക്ക് സിദ്ധ ഡിസ്പെൻസറി ഹാളിൽ വച്ച് നടന്ന പരിപാടിയിൽ വാർഡ് കൗൺസിലർ അവനവഞ്ചേരി രാജു സ്വാഗതം ആശംസിച്ചു. നഗരസഭ സെക്രട്ടറി എസ്. വിശ്വനാഥൻ, കൗൺസിലർ കെ.പി.രാജഗോപാലൻ പോറ്റി തുടങ്ങിയവർ പങ്കെടുത്തു. സിദ്ധ മെഡിക്കൽ ഓഫീസർ ഡോ.വി.ബി. വിജയകുമാർ കൊവിഡനന്തര ഔഷധത്തിന്റെ ഉപയോഗവും ആവശ്യകതയും ചടങ്ങിൽ വിശദീകരിച്ചു.

Related Articles

Back to top button