KeralaKozhikodeLatest

മാസ്ക്കുണ്ട്, സാമൂഹിക അകലമില്ല, തിരക്കിലമര്‍ന്ന് കടൽ തീരങ്ങള്‍

“Manju”

സിന്ധുമോൾ. ആർ

കോഴിക്കോട്: ‘കൊവിഡൊക്കെ അതിന്റെ വഴിക്ക് പൊക്കോളും. ആഴ്ചയിലൊരു ദിവസം ബീച്ചില്‍ വന്നെന്ന് കരുതി ഒന്നും വരാന്‍ പോകുന്നില്ല’. ഇതാണ് പലരുടെയും മനോഗതി. ഞായറാഴ്ചകളില്‍ ബീച്ചിലെ തിരക്ക് കണ്ടാല്‍ കൊവിഡ് പോലും നാണിക്കും. നിയന്ത്രണങ്ങള്‍ക്ക് നല്‍കിയ ഇളവില്‍ കടകളെല്ലാം തുറന്നതോടെ കോഴിക്കോടന്‍ ബീച്ചിന്റെ സ്‌പെഷ്യല്‍ ഐറ്റം ഐസ് ഒരതിയും ഉപ്പിലിട്ടതും ചൂട് കടലയും കഴിക്കാനും തീരഭംഗി ആസ്വദിക്കാനും നൂറുകണക്കിന് ആളുകളാണ് അവധി ദിനങ്ങളില്‍ ബീച്ചിലെത്തുന്നത്. രാവിലെ തുടങ്ങും തിരക്ക്. വെയില്‍ കാഞ്ഞുള്ള ഇരുത്തവും നടത്തവും. മാസങ്ങള്‍ ലോക്ക് ഡൗണില്‍ കുരുങ്ങിപ്പോയതിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനമാണോ ഈ ജനത്തിരക്കെന്ന് സംശയിച്ചു പോകും. പലരും കുട്ടികളെയും കൂട്ടി കുടുംബ സമേതമാണ് ബീച്ച്‌ സന്ദര്‍ശനം. സ്‌കൂളില്‍ പോകാനും കൂട്ടുകാരുമായി കളിക്കാനും കഴിയാത്ത കുട്ടികള്‍ക്ക് ഇത്തരം ഔട്ടിംഗുകള്‍ ആശ്വാസമാണെങ്കിലും കൊവിഡ് അടുത്തുണ്ടെന്ന കാര്യം രക്ഷിതാക്കള്‍ മറക്കുന്നു. എല്ലാവരും സ്വന്തം വാഹനങ്ങളിലാണ് വരുന്നത്. പക്ഷെ നിയന്ത്രണം ലംഘിച്ചുള്ള കൂടിച്ചേരല്‍ കൊവിഡ് വ്യാപനത്തിനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല. തട്ടുകടകളില്‍ നിന്നും മറ്റും ഭക്ഷണം കഴിക്കുമ്പോഴും സാമൂഹിക അകലം പാലിക്കപ്പെടുന്നില്ല. വണ്ടികള്‍ ഒരുമിച്ചെത്തുമ്പോഴുണ്ടാകുന്ന ഗതാഗതക്കുരുക്ക് വേറെയും. ബീച്ചിനെ കൂടുതല്‍ മനോഹരമാക്കാനും സഞ്ചാരികളെ ആകര്‍ഷിക്കാനും നവീകരണ പ്രവൃത്തികള്‍ തകൃതിയായി നടക്കുകയാണ്.തകര്‍ന്ന നടപ്പാതകള്‍ നന്നാക്കല്‍, സി.സി.ടിവി, ഇരിപ്പിടങ്ങള്‍,പുല്‍ത്തകിടി വച്ച്‌ പിടിപ്പിക്കല്‍ തുടങ്ങിയവയെല്ലാം ഡി.ടി.പി.സി ആസൂത്രണം ചെയ്തിട്ടുണ്ട്.

Related Articles

Back to top button