KannurKeralaLatest

കോവിഡിനെ അതിജീവിച്ച്‌ മലയാള സിനിമയുടെ മുത്തച്ഛന്‍

“Manju”

സിന്ധുമോൾ. ആർ

കണ്ണൂര്‍: ‘ദേശാടനം’ എന്ന സിനിമയിലൂടെ മലയാളികളുടെ മുത്തച്ഛനായി മാറിയ നടനാണ് ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി. ഇതാ അദ്ദേഹമിപ്പോള്‍ 98-ാം വയസ്സില്‍ കോവിഡ് മഹാമാരിയെ അതിജീവിച്ചിരിക്കുകയാണ്. കോവിഡ് ബാധിതനായ അദ്ദേഹം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മൂന്ന് ആഴ്ച മുന്‍പ് അദ്ദേഹത്തിന് ന്യുമോണിയ ബാധിച്ചിരുന്നു. തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ആ സമയത്ത് കോവിഡ് പരിശോധനാഫലം നെഗറ്റീവായിരുന്നു.

എന്നാല്‍ ന്യുമോണിയ ഭേദമായതിനെത്തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തില്‍ കഴിയുകയായിരുന്ന ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരിക്ക് രണ്ട് ദിവസത്തിന് ശേഷം വീണ്ടും പനി ബാധിക്കുകയും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. അപ്പോള്‍ നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്. രണ്ട് ദിവസം ഐ.സി.യുവില്‍ കഴിയേണ്ടി വന്നെങ്കിലും വൈകാതെ ആരോഗ്യം വീണ്ടെടുത്ത് എല്ലാ ആശങ്കകള്‍ക്കും വിരാമമിട്ട് അദ്ദേഹം തിരിച്ചുവന്നിരിക്കുന്നുവെന്ന് അദ്ദേഹത്തിന്റെ മകന്‍ ഭവദാസന്‍ നമ്പൂതിരി പറഞ്ഞു.

കോവിഡ് കാലമായിരുന്നതിനാല്‍ ഇത്തവണ അദ്ദേഹം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ അദ്ദേഹം വോട്ട് ചെയ്തിരുന്നില്ല. ജീവിതത്തില്‍ ആദ്യമായാണ് അദ്ദേഹം തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാതിരിക്കുന്നത്. അതേസമയം, ആരോഗ്യത്തിന്റെ കാര്യത്തില്‍ അദ്ദേഹത്തിന് പ്രത്യേക ചിട്ടകള്‍ നേരത്തെ തന്നെ ഉണ്ടായിരുന്നു. അതിനാല്‍ തന്നെ ജീവിതശൈലി രോഗങ്ങള്‍ അദ്ദേഹത്തിന് ഇല്ലായിരുന്നു. പണ്ട് കാലത്ത് അച്ഛന് ജിം ഉണ്ടായിരുന്നു. അച്ഛന് പണ്ടേ ഫിറ്റ്നസ്സില്‍ താത്‌പര്യമുണ്ടായിരുന്നു. ബോഡി ബില്‍ഡറായിരുന്നുവെന്നും അദ്ദേഹത്തിന്റെ മക്കള്‍ പറയുന്നു. ജീവിതത്തില്‍ തുടര്‍ന്ന ചിട്ടകള്‍ ഈ പ്രായത്തിലും ആരോഗ്യം വീണ്ടെടുക്കാന്‍ സഹായകമായി എന്നും അവര്‍ പറഞ്ഞു.

Related Articles

Back to top button