KeralaLatestThrissur

സല്യൂട്ട് ഓമനക്കുട്ടന്‍ സല്യൂട്ട് ….

“Manju”

തൃശൂര്‍: ട്രെയിനില്‍ നെഞ്ചുവേദനയെത്തുടര്‍ന്ന്​ മര​ണത്തോട്​ മല്ലിട്ട മനുഷ്യജീവന്‍ കണ്ടപ്പോള്‍ റെയില്‍വേ സുരക്ഷ സേനാംഗം ഓമനക്കുട്ടന്‍ ഒട്ടും പതറിയില്ല. കോവിഡ്​ സംശയത്തില്‍ അല്‍പം മടിച്ചുനിന്നവരെ നോക്കുകുത്തിയാക്കി ആ മധ്യവയസ്​കയെ വാരിയെടുത്ത്​ ഓടു​കയായിരുന്നു അദ്ദേഹം. രോഗിയെ ആശുപത്രിയിലെത്തിച്ച്‌​ വിദഗ്​ധ ചികിത്സ നല്‍കി തിരിച്ചയച്ചു.തിങ്കളാഴ്​ച രാവിലെ 8.15ന് കോഴിക്കോട്​ നിന്ന്​ തിരുവനന്തപുരത്തേക്ക്​ പോവുന്ന ജനശതാബ്​ദി ട്രെയിനില്‍ വടകര സ്വദേശിനിയായ അനിത (54) എന്ന വീട്ടമ്മയും ബന്ധുവും കൂടി തൃശൂരിലെ ഡോക്​ടറെ കാണാന്‍ പുറപ്പെട്ടതായിരുന്നു. ഷൊര്‍ണൂരില്‍ നിന്ന്​ പുറപ്പെട്ട ശേഷം ​അനിതക്ക്​ നെഞ്ചുവേദന അനുഭവപ്പെട്ടത്​ ബന്ധു റെയില്‍വേ അധികൃതരെ അറിയിച്ചിരുന്നു. ​’മെഡിക്കല്‍ അറ്റന്‍ഷന്‍’ അറിയിപ്പ്​ ലഭിച്ച ഓമനക്കുട്ടന്‍ അടക്കമുള്ള ആര്‍.പി.എഫ്​ സംഘം തൃശൂരിലെത്തിയ ജനശതാബ്​ദിയിലെ അനിതയുടെ ബോഗിയില്‍ ഇരച്ചെത്തി. ​

നെഞ്ചുവേദനയോടെ എഴുന്നേല്‍ക്കാന്‍ ശ്രമിച്ച അനിത ഉടന്‍ കുഴഞ്ഞുവീണ്​ ബോധരഹിതയായി. എന്തുചെയ്യണമെന്നറിയാതെ സംഘം കുഴങ്ങിയപ്പോള്‍ ഓമനക്കുട്ടന്‍ അനിതയെ കൈയിലെടുത്ത്​ പ്ലാറ്റ്​ഫോമിലിറങ്ങി ഓടി. അവിടുത്തെ ബെഞ്ചില്‍ കിടത്തി അനിതയുടെ മുഖത്ത്​ വെള്ളം തളിച്ചു. കണ്ണ്​ തുറന്ന അനിതയെ വീല്‍ചെയറിലിരുത്തി പുറത്തുകിടന്ന പൊലീസ്​ ജീപ്പിനടുത്തെത്തിച്ചു. ഓമനക്കുട്ടന്‍ തന്നെയാണ്​ ഇവരെ എടുത്ത്​ ജീപ്പിലിരുത്തിയത്​. ഉടന്‍ ടൗണിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച അനിത വിശദപരിശോധനക്ക്​ ശേഷം വൈകീട്ട്​ നാലോടെ നാട്ടിലേക്ക് തിരികെപോകാന്‍ റെയില്‍വേസ്​റ്റേഷനിലെത്തി. ഓമനക്കുട്ടനെ കണ്ട്​ നന്ദി പറഞ്ഞാണ്​ അനിത തിരിച്ചുപോയത്​.

Related Articles

Back to top button