IndiaLatest

ഓസീസിനെതിരായ പരമ്പര ജയം; ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് റാങ്കില്‍ ഇന്ത്യ ഒന്നാമത്

“Manju”

സിന്ധുമോൾ. ആർ

ഓസ്ട്രേലിയക്കെതിരായ പരമ്പര ജയത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് റാങ്കില്‍ ഒന്നാമത്. മൂന്നാം സ്ഥാനത്തായിരുന്ന ഇന്ത്യ, ന്യൂസീലന്‍ഡിനെയും ഓസ്ട്രേലിയയെയും പിന്തള്ളിയാണ് ഒന്നാമത് എത്തിയത്. പരമ്പര ജയത്തോടെ ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യ രണ്ടാമത് എത്തുകയും ചെയ്തു. ഒന്നാം സ്ഥാനത്തുള്ള ന്യൂസീലന്‍ഡിനും ഇന്ത്യക്കും 118 ആണ് റേറ്റിങ്.

30 പോയിന്റാണ് ഇന്ത്യക്ക് പരമ്ബര ജയത്തിലൂടെ സ്വന്തമായത്. ഇതോടെ ഇന്ത്യയുടെ പോയിന്റ് 430 ആവുകയും പോയിന്റ് ശരാശരി 71.7 ആവുകയും ചെയ്തു. രണ്ടാമത് ന്യൂസീലന്‍ഡ് ആണ്. 70 ശരാശരിയില്‍ 420 പോയിന്റാണ് ന്യൂസീലന്‍ഡിന് ഉള്ളത്. മൂന്നാമതുള്ള ഓസ്‌ട്രേലിയക്ക് 332 പോയിന്റും, 69.32 പോയിന്റ് ശരാശരിയുമാണ് ഉള്ളത്. ഇതോടെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്കുള്ള പ്രവേശന സാധ്യത ഇന്ത്യ വീണ്ടും സജീവമാക്കി.

ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സില്‍ 36 റണ്‍സിന് ഓള്‍ഔട്ടായി നാണം കെട്ട് പരാജയപ്പെട്ട ഇന്ത്യ പരമ്ബരയില്‍ അവിശ്വസനീയ തിരിച്ചുവരവാണ് നടത്തിയത്. മുന്‍നിര ബൗളര്‍മാരൊക്കെ പരുക്കേറ്റ് പുറത്തായപ്പോള്‍ റിസര്‍വ് താരങ്ങളും നെറ്റ് ബൗളര്‍മാരും വരെ ഇന്ത്യക്കായി അരങ്ങേറി. ആദ്യ ടെസ്റ്റിനു ശേഷം ക്യാപ്റ്റന്‍ വിരാട് കോലി പറ്റേണിറ്റി അവധിയില്‍ നാട്ടിലേക്ക് മടങ്ങിയത് ഇന്ത്യക്ക് മറ്റൊരു തിരിച്ചടിയായി. എന്നാല്‍, സ്റ്റാന്‍ഡ് ഇന്‍ ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയുടെ കീഴില്‍ പിന്നീട് ഇന്ത്യ നടത്തിയത് അവിശ്വസനീയ തിരിച്ചുവരവായിരുന്നു. അഡലെയ്ഡ് ടെസ്റ്റില്‍ 8 വിക്കറ്റിനു വിജയിച്ച ഇന്ത്യ സിഡ്നി ടെസ്റ്റില്‍ വീരോചിത സമനില പിടിച്ചു. 32 വര്‍ഷമായി ഓസ്ട്രേലിയ തോല്‍വി അറിഞ്ഞിട്ടില്ലാത്ത ഗാബയില്‍ അവരെ 3 വിക്കറ്റിനു പരാജയപ്പെടുത്തിയാണ് ഇന്ത്യ പരമ്പര വിജയിച്ചത്.

328 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 18 പന്തുകള്‍ ബാക്കി നില്‍ക്കെയാണ് വിജയിച്ചത്. 1988നു ശേഷം ഗാബയില്‍ പരാജയപ്പെട്ടിട്ടില്ലെന്ന ഓസീസിന്റെ റെക്കോര്‍ഡ് കൂടിയാണ് ഇന്ന് ഇന്ത്യന്‍ ടീമിന്റെ പോരാട്ട വീര്യത്തിനു മുന്നില്‍ തകര്‍ന്നത്. ജയത്തോടെ ഇന്ത്യ 1-2 എന്ന മാര്‍ജിനില്‍ പരമ്പരയും സ്വന്തമാക്കി. 91 റണ്‍സെടുത്ത ശുഭ്മന്‍ ഗില്‍ ആണ് ഇന്ത്യയുടെ ടോപ്പ് സ്കോറര്‍. 89 റണ്‍സെടുത്ത് പുറത്താവാതെ നിന്ന ഋഷഭ് പന്താണ് ഇന്ത്യയെ വിജയിപ്പിച്ചത്.

Related Articles

Back to top button