InternationalLatest

സമൂഹമാദ്ധ്യമത്തില്‍ പ്രത്യക്ഷപ്പെട്ട് ജാക് മാ: അഭ്യൂഹങ്ങള്‍ക്ക് വിരാമം

“Manju”

ബീജിംഗ്: ചൈനയിലെ വ്യവസായ ഭീമനായ ആലിബാബ ഗ്രൂപ്പ് സ്ഥാപകന്‍ ജാക് മാ ചൈനയിലെ 100 ഗ്രാമീണ അധ്യാപകരുമായി തത്സമയ വീഡിയോ കോണ്‍ഫറന്‍സ് വഴി ആശയവിനിമയം നടത്തി. കഴിഞ്ഞ മൂന്ന് മാസമായി ഇദ്ദേഹത്തെ കുറിച്ച് യാതൊരു വിവരവും ഉണ്ടായിരുന്നില്ല. ഒക്ടോബറിന് ശേഷം ഇതാദ്യമായാണ് ജാക് മാ പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുന്നത്. ചൈനയിലെ ഏറ്റവും വലിയ ശതകോടീശ്വരന്‍മാരിലൊരാളായ ജാക് മായെ കാണാതായത് വലിയ രീതിയില്‍ വാര്‍ത്തകള്‍ക്ക് ഇടയാക്കിയിരുന്നു. ഓണ്‍ലൈന്‍ കോണ്‍ഫറന്‍സില്‍ അധ്യാപകരെ അഭിസംബോധനചെയ്താണ് ജാക്മായുടെ രണ്ടാംവരവ്. ഗ്രാമീണ അധ്യാപകര്‍ക്കായുള്ള അനുമോദന ചടങ്ങിലാണ് അദ്ദേഹം വീണ്ടും പ്രത്യക്ഷപ്പെട്ടത്.

ഷാങ്ഹായില്‍ കഴിഞ്ഞ ഒക്ടോബര്‍ 24നു നടന്ന സാമ്പത്തിക ഉച്ചകോടിയില്‍ നടത്തിയ പ്രസംഗത്തില്‍ ചൈനയിലെ സാമ്പത്തിക രംഗം പരിഷ്‌കരിക്കണമെന്ന അര്‍ഥത്തില്‍ മാ ചില പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ചൈനീസ് ഭരണകൂടത്തിന്റെ അതൃപ്തി ഇതോടെ ജാക് മായ്ക്ക് നേരിടേണ്ടി വന്നു. നവംബര്‍ രണ്ടിനു മായെ ചൈനീസ് അധികൃതര്‍ ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തി. തൊട്ടടുത്ത ദിവസം ആലിബാബയുടെ ടെക് സ്ഥാപനമായ ആന്റ്റ് ഫിനാന്‍ഷ്യലിന്റെ 37 ബില്യന്‍ ഡോളറിന്റെ ഐപിഒ ചൈനീസ് അധികൃതര്‍ റദ്ദ് ചെയ്തു. ജാക് മായ്ക്കും ആലിബാബയ്ക്കും എതിരെ അന്വേഷണം ശക്തമായതോടെ ഇദ്ദേഹത്തെ പൊതുവേദികളില്‍ കാണാനില്ലായിരുന്നു. ഇതോടെ അഭ്യൂഹങ്ങള്‍ ശക്തമാവുകയായിരുന്നു. കമ്പനി കുത്തക നയങ്ങളിലേക്ക് നീങ്ങുന്നുവെന്ന് ആരോപിച്ചായിരുന്നു ചൈനയുടെ പരിശോധനയും അന്വേഷണവും.

Related Articles

Back to top button