KeralaLatest

തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ ചിങ്ങം ഒന്നു മുതൽ ഭക്തർക്ക് പ്രവേശനം നൽകാൻ ബോർഡ് തീരുമാനം

“Manju”

എസ് സേതുനാഥ്

തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ ചിങ്ങം ഒന്നു മുതൽ ഭക്തർക്ക് പ്രവേശനം നൽകാൻ ബോർഡ് തീരുമാനം.. കൊവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചായിരിക്കും ഭക്തർക്ക് പ്രവേശനം അനുവദിക്കുക…… ശബരിമലയിൽ ഈ തീരുമാനം ബാധകമല്ല…

തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ കീഴിലുള്ള ശബരിമല ഒഴികെയുള്ള എല്ലാ ക്ഷേത്രങ്ങളിലും
ചിങ്ങം ഒന്നു മുതൽ (ആഗസ്റ്റ് 17 ) ഭക്തർക്ക് പ്രവേശനം അനുവദിക്കാൻ തീരുമാനിച്ചു.ഇന്ന് ദേവസ്വം ബോർഡ് ആസ്ഥാനത്ത് ചേർന്ന ബോർഡ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.സംസ്ഥാനത്ത് നിലനിൽക്കുന്ന കൊവിഡ് 19 മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചായിരിക്കും ഭക്തരെ ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശിപ്പിക്കുക. ഒരു സമയം 5 പേർ എന്ന നിലയിൽ ഭക്തർക്ക് ക്ഷേത്രത്തിനുള്ളിലേക്കുള്ള പ്രവേശനം ക്രമീകരിക്കും.10 വയസ്സിന് താഴെയുള്ളവരെയും 65 വയസ്സിന് മുകളിലുമുള്ളവരെയും ഇപ്പോൾ ക്ഷേത്രത്തിനുള്ളിൽ പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.രാവിലെ 6 മണിക്ക് മുൻപും വൈകുന്നേരം 6.30 മുതൽ 7 മണിവരെയും ഭക്തർക്ക് ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശനം ഉണ്ടാവില്ല. ക്ഷേത്ര ദർശനത്തിന് എത്തുന്ന എല്ലാപേരും മാസ്ക് ധരിക്കണം. ആദ്യം വരുന്നവർ ആദ്യം എന്ന രീതിയിൽ ഭക്തരുടെ പ്രവേശനം ക്രമീകരിക്കും. ദർശന സമയത്തും ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കുമ്പോഴും ഓരോരുത്തരും പരസ്പരം 6 അടി അകലം പാലിക്കണം. ക്ഷേത്രത്തിൽ എത്തുന്ന മുഴുവൻ ഭക്തജനങ്ങളുടെയും പേരും മേൽവിലാസവും ഫോൺ നമ്പരും രജിസ്റ്ററിൽ രേഖപ്പെടുത്തും.ഭക്തർക്ക് വഴിപാടുകൾ നടത്താം. ശ്രീകോവിലിൽ നിന്ന് നേരിട്ട് പ്രസാദം വിതരണം ചെയ്യുന്നതല്ല. പ്രസാദ വിതരണം പ്രത്യേക കൗണ്ടറുകൾ വഴി മാത്രമായിരിക്കും. ക്ഷേത്രക്കുളത്തിൽ ഭക്തരെ കുളിക്കാനോ കൈകാലുകൾ കഴുകുന്നതിനോ അനുവദിക്കില്ല. ദർശനം കഴിഞ്ഞ് ഉടനെ തന്നെ ഭക്തർ പുറത്തിറങ്ങി അടുത്തയാളിന് ദർശനത്തിന് വേണ്ട സൗകര്യം ഒരുക്കണം. ഗർഭിണികളായ സ്ത്രീകൾ, മറ്റ് തരത്തിലുള്ള രോഗങ്ങൾ ഉള്ളവർ എന്നിവർക്ക് ക്ഷേത്ര ദർശനം അനുവദിക്കുന്നതല്ല.കൊവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ മാർച്ച് 22 മുതൽ ക്ഷേത്രങ്ങളിൽ ഭക്തരെ പ്രവേശിപ്പിക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു.അതേസമയം ക്ഷേത്രങ്ങളിൽ പ്രവേശനം അനുവദിക്കാത്തതിലെ ഭക്തരുടെ വിഷമവും മാനസിക അവസ്ഥയും കണക്കിലെടുത്ത് കഴിഞ്ഞ മാസം മുതൽ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ നാലമ്പലത്തിനു പുറത്ത് നിന്ന് ഭക്തർക്ക് ഭഗവാനെ ദർശിക്കാനുള്ള അവസരം നൽകിയിരുന്നുവെന്ന് ദേവസ്വം ബോർഡ് പ്രസിഡൻറ് പറഞ്ഞു. ചിങ്ങം ഒന്നിന് ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ വിശേഷാൽ ഗണപതി ഹോമം നടത്താനും ബോർഡ് യോഗത്തിൽ തീരുമാനമായി. ചിങ്ങ മാസത്തിൽ ശബരിമലയിലേക്ക് ഭക്തരെ പ്രവേശിപ്പിക്കുന്ന കാര്യത്തിൽ തീരുമാനമായില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ.എൻ.വാസു പറഞ്ഞു. ക്ഷേത്രങ്ങളിൽ അന്നദാനം, ബലിതർപ്പണം എന്നിവ പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ട്. ഭക്കർക്കുള്ള നിർദ്ദേശങ്ങൾ എല്ലാ ക്ഷേത്രങ്ങളിലും നോട്ടീസ് ബോർഡ് വഴി പ്രദർശിപ്പിക്കും.

Related Articles

Back to top button