KeralaLatest

14ാം കേരള നിയമസഭയുടെ അവസാന സമ്മേളനം ഇന്ന്

“Manju”

സിന്ധുമോൾ. ആർ

തിരുവനന്തപുരം: 14ാം കേരള നിയമസഭയുടെ അവസാന സമ്മേളനം ഇന്ന്. ഇനി പോരാട്ടം തിരഞ്ഞെടുപ്പ് ഗോദയിലേക്ക്. സ്പീക്കര്‍ക്ക് എതിരേ പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നതിന്റെ തൊട്ടടുത്ത ദിവസമാണ് നിയമസഭ അവസാന സമ്മേളനത്തിനു ശേഷം പിരിയുന്നത്. രണ്ട് എംഎല്‍എമാര്‍ ജയിലില്‍ കിടക്കുന്നതിനിടയില്‍ അവസാന സമ്മേളനം നടക്കുന്ന അപൂര്‍വ സാഹചര്യവും ഇന്നുണ്ട്.
സ്പീക്കര്‍ക്കും സര്‍ക്കാരിനുമെതിരേ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയങ്ങള്‍ക്കും 14 സര്‍ക്കാര്‍ പ്രമേയങ്ങള്‍ക്കും 14-ാം സഭ സാക്ഷിയായി. ഏഴു സിറ്റിംഗ് എംഎല്‍എമാരാണ് ഈ കാലയളവില്‍ വിട പറഞ്ഞത്. കെ.എം.മാണി, കെ.കെ രാമചന്ദ്രന്‍ നായര്‍, തോമസ് ചാണ്ടി, സി.എഫ് തോമസ്, വിജയന്‍ പിള്ള , പി.ബി അബ്ദുല്‍ റസാഖ്, എന്നിവരും സഭയുടെ കാലാവധി തിരകയുന്നതിന് ദിവസങ്ങള്‍ക്കു മുന്‍പ് കെ.വി വിജയദാസും വിടവാങ്ങി. ഏകദിന സമ്മേളനങ്ങളുടെ കാര്യത്തില്‍ ഈ സഭ റെക്കോര്‍ഡിട്ടു. ഏഴു പ്രത്യേക സമ്മേളനങ്ങളും ആറ് അടിയന്തര പ്രമയങ്ങളും ചര്‍ച്ചയ്ക്കു വന്നു.
ഡിജിറ്റലിലേക്ക് കേരള നിയമസഭ മാറിയതും സഭാടിവിയുടെ വരവും ഇതേ കാലയളവിലായിരുന്നു. കൊവിഡ് കാലത്തെ സഭാ സമ്മേളനം പുത്തന്‍ അനുഭവമായി. കേരള നിയമസഭയുടെ ചരിത്രത്തിലാദ്യമായി ബിജെപിക്കും ഒരു എംഎല്‍എയുണ്ടായി എന്നതും ഈ സഭയുടെ പ്രത്യേകതയാണ്. എല്ലാ നിയമസഭകളുടെയും അവസാന സമ്മേളനത്തിനു ശേഷമുണ്ടാകാറുള്ള ഫോട്ടോ സെഷന്‍ കൊവിഡിനെ തുടര്‍ന്ന് ഉപേക്ഷിച്ചിട്ടുണ്ട്.

Related Articles

Back to top button