IndiaKeralaLatest

ഓണ്‍ലൈന്‍ പഠനം- പെണ്‍കുട്ടികളെ ചൂഷണം ചെയ്യുന്ന സംഘങ്ങള്‍ വര്‍ദ്ധിക്കുന്നു.

“Manju”

ആലപ്പുഴ: സമൂഹ മാദ്ധ്യമങ്ങളില്‍ നടീനടന്‍മാരുടെ പേരിലുള്ള ‘ആരാധക പേജി’ല്‍ (ഫാന്‍ പേജ്) അംഗമാക്കാമെന്ന് വാഗ്ദ്ധാനം ചെയ്ത് കെണിയില്‍ വീഴ്ത്തി പെണ്‍കുട്ടികളെ ചൂഷണം ചെയ്യുന്ന സംഘങ്ങള്‍ വര്‍ദ്ധിക്കുന്നു. ജാഗ്രത കാട്ടിയില്ലെങ്കില്‍ പണവും മാനവും നഷ്ടമാകുമെന്നാണ് പൊലീസിന്റെ മുന്നറിയിപ്പ്.
പഠനം ഓണ്‍ലൈനായതോടെ കുട്ടികള്‍ക്ക് സ്വന്തമായി സ്മാര്‍ട്ട് ഫോണ്‍ വാങ്ങി നല്‍കിയ മാതാപിതാക്കള്‍ ഇതോടെ ആശങ്കയിലാണ്. സൗഹൃദം പ്രണയമാകുന്നതോടെ നഗ്നചിത്രങ്ങള്‍ കൈക്കലാക്കി ഭീഷണിപ്പെടുത്തല്‍ ആരംഭിക്കും. ഈ കെണിക്കൂട്ടിലെ ഒരു കൗമാരക്കാരന്‍ തൃശൂര്‍ സൈബര്‍ സെല്ലിന്റെ പിടിയിലായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത കൊല്ലം സ്വദേശിയാണ് പിടിയിലായത്. ജില്ലയില്‍ ഇത്തരം സംഭവങ്ങളുണ്ടായാല്‍ ഉടന്‍ പൊലീസ് അധികൃതരെ അറിയിക്കണമെന്നാണ് നിര്‍ദ്ദേശം.
ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക്, ടെലിഗ്രാം, വാട്‌സാപ് തുടങ്ങിയ സമൂഹ മാദ്ധ്യമങ്ങളില്‍ സജീവമായ പെണ്‍കുട്ടികളെ ‘നിരീക്ഷിച്ചു’ കണ്ടെത്തിയാണ് ചതിക്കുഴിയില്‍ വീഴ്ത്തുന്നത്. ഇവരെ വിവിധ നടീനടന്മാരുടെ ആരാധകക്കൂട്ടായ്മകളില്‍ അംഗമാകാന്‍ ക്ഷണിക്കും. സൗഹൃദം സ്ഥാപിച്ച്‌ ഫോട്ടോ അയച്ചു നല്‍കാന്‍ പ്രേരിപ്പിക്കും. സൗഹൃദ വലയില്‍ അകപ്പെട്ട ശേഷം സ്വകാര്യ ചിത്രങ്ങള്‍ അയച്ചു നല്‍കാന്‍ വിസമ്മതിച്ചാല്‍ മറ്റു ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തു ഭീഷണിപ്പെടുത്തും. പിടിയിലായ കൗമാരക്കാരനില്‍ നിന്ന് നിരവധി പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ കണ്ടെടുത്തിരുന്നു. എന്നാല്‍ ജില്ലയില്‍ ഇതുവരെ ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടില്ലെങ്കിലും കുട്ടികളുടെ മേല്‍ ശ്രദ്ധ വേണമെന്നാണ് പൊലീസ് പറയുന്നത്.
ശ്രദ്ധിക്കേണ്ടവ
 ഓണ്‍ലൈന്‍ പഠനത്തിനു കുട്ടികള്‍ക്കു നല്‍കിയിട്ടുള്ള മൊബൈല്‍ ഫോണും ലാപ്‌ടോപും കമ്ബ്യൂട്ടറും അവര്‍ പഠനാവശ്യങ്ങള്‍ക്കു മാത്രം ഉപയോഗിക്കുന്നു എന്നുറപ്പാക്കുക
 അമിത സമൂഹമാദ്ധ്യമ ഉപയോഗം വിലക്കണം
 ഇന്റര്‍നെറ്റില്‍ സ്വകാര്യ ചിത്രങ്ങള്‍ പങ്കുവയ്ക്കപ്പെട്ടാല്‍ അവ തിരിച്ചെടുക്കാനോ പൂര്‍ണമായി മായ്ക്കാനോ സാദ്ധ്യമല്ല
 കുട്ടികള്‍ സമൂഹമാദ്ധ്യമങ്ങളിലൂടെ ആരോടൊക്കെ ഇടപെടുന്നു എന്ന് രക്ഷിതാക്കള്‍ അറിഞ്ഞിരിക്കണം
 കുട്ടികളെ സഹായിക്കാന്‍ പൊലീസിന്റെ സേവനം ഉറപ്പാണ്. പ്രത്യേക കൗണ്‍സിലിംഗുമുണ്ട്
………………….
ജില്ലയില്‍ ഇതുവരെ കുട്ടികള്‍ ഈ കെണിയില്‍ പെട്ടിട്ടില്ല. എങ്കിലും പഠനത്തിനുള്ള സ്മാര്‍ട്ട് ഫോണില്‍ കുട്ടികള്‍ സമൂഹമാദ്ധ്യമങ്ങള്‍ ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തണം. ഇടയ്ക്ക് പരിശോധിക്കുന്നതും നല്ലതാണ്
(പൊലീസ് അധികൃതര്‍)

Related Articles

Back to top button