KeralaLatest

നിയമസഭാ തെരഞ്ഞെടുപ്പ്: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ കേരളത്തിലേക്ക്

“Manju”

ന്യൂഡൽഹി: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ വിലയിരുത്താൻ കേന്ദ്ര സംഘം കേരളത്തിലേക്ക്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ, തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുശീൽ ചന്ദ്ര, രാജീവ് കുമാർ എന്നിവരും മുതിർന്ന ഉദ്യോഗസ്ഥരുമാണ് കേരളത്തിലെത്തുന്നത്. ഈ മാസം 12 മുതൽ 15 വരെ സംഘം കേരളത്തിലുണ്ടാകും.

തെരഞ്ഞെടുപ്പ് കമ്മീഷനിലെ മുതിർന്ന ഉദ്യോഗസ്ഥരായ ഡെപ്യൂട്ടി ഇലക്ഷൻ കമ്മീഷണർ സുദീപ് ജെയിൻ, ചന്ദ്ര ഭൂഷൺ കുമാർ, എഡിജിപി ഷേയ്ഭാലി ബി ശരൺ, ഡയറക്ടർ പങ്കജ് ശ്രീവാസ്തവ, സെക്രട്ടറി എകെ പാഠക് എന്നിവരും കേന്ദ്ര സംഘത്തിൽ ഉൾപ്പെടുന്നു.

12ന് രാത്രി തിരുവനന്തപുരത്ത് എത്തുന്ന സംഘം 13ന് രാവിലെ പത്ത് മണിക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുമായും പോലീസ് നോഡൽ ഓഫീസറുമാരുമായും കൂടിക്കാഴ്ച നടത്തും. ശേഷം 11 മണിക്ക് രാഷ്ട്രീയ കക്ഷി നേതാക്കളുമായും വൈകിട്ട് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർമാരുമായും എസ്പിമാരുമായും സംഘം ചർച്ച നടത്തും. വൈകിട്ട് 6.30ന് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റ് കാര്യ നിർവ്വഹണ ഏജൻസികളുമായും ആശയവിനിമയം നടത്തുന്നുണ്ട്.

14ന് രാവിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുമായി വീണ്ടും ചർച്ചയുണ്ടാകും. കൂടാതെ ആഭ്യന്തര സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി തുടങ്ങിയ മുതിർന്ന ഉദ്യോഗസ്ഥരുമായും സംവദിക്കും. വൈകിട്ട് അഞ്ച് മണിക്ക് വാർത്താ സമ്മേളനം നടത്താനും തീരുമാനിച്ചിട്ടുണ്ട്. 15ന് രാവിലെ കേന്ദ്രസംഘം ഡൽഹിയിലേക്ക് മടങ്ങും.

Related Articles

Back to top button