IndiaInternationalLatest

പ്രതിരോധ ഉപകരണങ്ങൾ കയറ്റുമതി ചെയ്യാനൊരുങ്ങി ഇന്ത്യ

“Manju”

ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച 156 പ്രതിരോധ ഉപകരണങ്ങൾ കയറ്റുമതി ചെയ്യാൻ കേന്ദ്ര സർക്കാറിന്റെ അനുമതി. കോംപാക്ട് എയർക്രാഫ്റ്റുകളായ തേജസ്, ടാങ്കുകൾ, തോക്കുകൾ, ടാങ്ക് വേധ മൈനുകൾ, സ്‌ഫോടക വസ്തുക്കൾ തുടങ്ങിയവയാണ് കയറ്റുമതി ചെയ്യാനൊരുങ്ങുന്നത്. കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചതോടെയാണ് കയറ്റുമതി ചെയ്യുന്നവയുടെ പേര് വിവരങ്ങൾ ഡിആർഡിഒ പുറത്തുവിട്ടത്.

19 ഏറോനോട്ടിക്കൽ സംവിധാനങ്ങൾ, 41 യുദ്ധത്തിന് ഉപയോഗിക്കുന്ന ആയുധങ്ങൾ, നാല് മിസൈൽ, 27 ആശയവിനിമയത്തിന് ഉപയോഗിക്കുന്ന സംവിധാനങ്ങൾ, 10 ജീവൻരക്ഷാ സംവിധാനങ്ങൾ, നാല് മൈക്രോ ഇലക്ട്രോണിക്‌സ് ഉപകരണങ്ങൾ, 28 നാവിക സംവിധാനങ്ങൾ, 16 ന്യൂക്ലീയർ ബയോകെമിക്കൽ ഉപകരണങ്ങൾ, ഏഴ് പ്രതിരോധ ഉപകരണങ്ങൾ എന്നിവയാണ് കയറ്റുമതി ചെയ്യുന്നതെന്ന് ഡിആർഡിഒ പുറത്തുവിട്ട ലിസ്റ്റിൽ പറയുന്നു.

സുഖോയ് യുദ്ധവിമാനങ്ങളിൽ നിന്ന് ഉപയോഗിക്കാൻ കഴിയുന്ന ‘അസ്ത്ര’ മിസൈലും ടാങ്കുകളെ തകർക്കാൻ ശേഷിയുളള ‘ നാഗ് ‘ മിസൈലുകളും ഇനി വിദേശ രാജ്യങ്ങൾക്ക് സ്വന്തമാക്കാൻ കഴിയും. ലോകരാജ്യങ്ങൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ശബ്ദാതിവേഗ ക്രൂയിസ് മിസൈലായ ബ്രഹ്മോസും പട്ടികയിലുണ്ടെന്നാണ് സൂചന. കൂടാതെ പിനാക്ക റോക്കറ്റ് സംവിധാനവും ഇന്ത്യ കയറ്റുമതി ചെയ്യും. .

ലോകത്തിലെ ഏറ്റവും മികച്ച പീരങ്കിയെന്ന് അമേരിക്കക്കാർ പോലും വാഴ്ത്തിയ ഇന്ത്യയുടെ അഡ്വാൻസ്ഡ് ടവേഡ് ആർട്ടിലറി ഗൺ സിസ്റ്റത്തിനായി(എ ടി ജി എസ്) നിരവധി രാജ്യങ്ങൾ ഇന്ത്യയെ ഇതിനോടകം സമീപിച്ചിട്ടുണ്ട്. ഏത് കാലാവസ്ഥയിലും ശത്രുവിനെ നേരിടാനുള്ള മികവ് തെളിയിച്ച ശേഷമാണ് ഈ പീരങ്കി ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമായത്. 48 കിലോമീറ്റർ അകലെയുളള ശത്രുവിന്റെ ഏത് താവളത്തെയും ഭസ്മമാക്കാൻ ഇതിന് കഴിയും. ഇവയും കയറ്റുമതി ചെയ്യുന്നവയിൽ ഉൾപ്പെടുന്നു.

ആത്മനിർഭർ ഭാരത് പോലുളള പദ്ധതികളിലൂടെ ഇന്ത്യയുടെ പ്രതിരോധ രംഗത്തെ കൂടുതൽ തദ്ദേശീയമാക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നുണ്ട്. ഇതിനെ പ്രോൽസാഹിപ്പിക്കാൻ നേരത്തെ നൂറിലധികം ആയുധങ്ങളുടെ ഇറക്കുമതി പ്രതിരോധ മന്ത്രാലയം റദ്ദാക്കിയിരുന്നു. തുടക്കത്തിൽ ആയുധങ്ങളുടെ കയറ്റുമതിയിലൂടെ 5000 കോടി സമാഹരിക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം. 2025 ആകുമ്പോഴെക്കും 35,000 കോടിയുടെ വിറ്റുവരവാണ് ആയുധക്കച്ചവടത്തിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നത്.

Related Articles

Back to top button