IndiaKeralaLatest

കൂലിപ്പണിക്കു പോയാലും ഇനി പിഎസ്‌സി എഴുതില്ല: ലയ

“Manju”

തിരുവനന്തപുരം: ഞങ്ങള്‍ക്കു വേണ്ടത് അധികാരമല്ല. അര്‍ഹമായ ജോലിയാണ്. ഞങ്ങള്‍ക്കിതു രാഷ്ട്രീയ സമരമല്ല. ജീവിതം വച്ചുള്ള പോരാട്ടമാണ്. അതിനാണ് കഷ്ടപ്പാടെല്ലാം സഹിച്ചു സമരം ചെയ്യുന്നത്. സൈബര്‍ ആക്രമണം കണ്ടു പേടിച്ചോടാനല്ല ഇങ്ങോട്ടു വന്നത്. അതുകണ്ടു സമരം അവസാനിപ്പിക്കാനും പോകുന്നില്ല ജോലിക്കു വേണ്ടി സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം ചെയ്യുന്ന പിഎസ്‌സി റങ്ക് ഹോള്‍ഡേഴ്‌സിന്റെ പോരാട്ട പ്രതീകമായി മാറിയ തൃശൂര്‍ സ്വദേശി ലയ രാജേഷ് പറയുന്നു.
ദേഹത്തു മണ്ണെണ്ണയൊഴിച്ചു ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തിനിടെ പൊട്ടിക്കരഞ്ഞ ലയയുടെ ചിത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. അതുരാഷ്ട്രീയ നാടകമായി ചിത്രീകരിച്ച്‌ ഇടത് അനുഭാവികള്‍ നടത്തിയ സൈബര്‍ ആക്രമണത്തോടാണ് ലയയുടെ പ്രതികരണം.
ലയയുടെ വാക്കുകള്‍സമൂഹമാധ്യമങ്ങളില്‍ വരുന്ന കമന്റുകളെല്ലാം എന്റെ രാഷ്ട്രീയത്തെയും കുടുംബപശ്ചാത്തലത്തെയും കുറിച്ചാണ്. അതൊന്നുമല്ല ഇവിടെ വിഷയം. രണ്ടര വര്‍ഷം മുന്‍പിറങ്ങിയ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട എനിക്കു ജോലി കിട്ടേണ്ട സമയം കഴിഞ്ഞു. തൃശൂര്‍ ജില്ലയില്‍ 583 ആണ് എന്റെ റാങ്ക്.
ഞങ്ങളുടെ സമരം രാഷ്ട്രീയ ഭാവി ശോഭിപ്പിക്കാനല്ല. ധനമന്ത്രി പറയുന്നത് ഞങ്ങളിവിടെ മറ്റുള്ളവര്‍ക്കു വേണ്ടി കളിക്കാന്‍ നില്‍ക്കുകയാണെന്നാണ്. സമരപ്പന്തലില്‍ ഏതെങ്കിലും കൊടി ഉയര്‍ത്തിയിട്ടുണ്ടോ. ഒളിഞ്ഞിരുന്നു സൈബര്‍ ആക്രമണം നടത്തുന്നവര്‍ ഇവിടെ വന്നു സംസാരിക്കൂ. 27000 തസ്തിക സൃഷ്ടിച്ചെന്നു പറയുന്ന സര്‍ക്കാര്‍ ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോള്‍ഡേഴ്‌സിന് എത്ര തസ്തിക സൃഷ്ടിച്ചിട്ടുണ്ട്. പകുതിപ്പേര്‍ക്ക് പോലും ജോലി കൊടുക്കാനാകുന്നില്ലെങ്കില്‍ എന്തിനാണ് ഇങ്ങനെ പരീക്ഷനടത്തി ലിസ്റ്റിടുന്നത്. ഓഫിസ് അസിസ്റ്റന്റിനെ ആവശ്യമില്ലെന്നു പറയുന്നവര്‍ എന്തിനാണ് 46,500 പേരുടെ റാങ്ക് പട്ടിക ഇട്ടത്. ജോലി കൊടുക്കില്ലെങ്കില്‍ പിന്നെ റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടിയിട്ട് എന്തുകാര്യം.
കാരുണ്യം താല്‍ക്കാലികക്കാരോടു മാത്രമല്ല ഞങ്ങള്‍ സാധാരണക്കാരോടും വേണം. എത്രവര്‍ഷം പഠിച്ചിട്ടാണ് ഒരു റാങ്ക് ലിസ്റ്റില്‍ ഇടം നേടുന്നത്. എന്നിട്ട് ജോലിക്കായി മന്ത്രിമാരുടെയും എംഎല്‍എമാരുടെയും പാര്‍ട്ടി സെക്രട്ടറിയുടെയുമെല്ലാം കാല്‍ക്കല്‍ വീഴണം. അര്‍ഹതപ്പെട്ട് ജോലിക്കായി നടുറോഡില്‍ ദേഹത്തു മണ്ണെണ്ണ ഒഴിച്ചു സമരം ചെയ്യേണ്ട ഗതികേട് ഏതെങ്കിലും രാഷ്ട്രീയക്കാര്‍ക്കുണ്ടോ? ഈ ജോലി കിട്ടിയില്ലെങ്കില്‍ കൂലിപ്പണിക്കു പോയാലും ഇനി പിഎസ്‌സി പരീക്ഷ എഴുതില്ല. എന്റെ ഭര്‍താവ് ഓട്ടോ ഡ്രൈവറാണ്. ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയാണു തൃശൂരില്‍ നിന്നു സമരത്തിനായി ഇവിടെയെത്തുന്നത്. വീട്ടുകാരെല്ലാം സ്വപ്‌നം കാണുന്നത് ഈ ജോലിയാണ്. ഇതു തന്നെയാണ് ഞങ്ങള്‍ എല്ലാവരുടെയും അവസ്ഥ.

Related Articles

Back to top button