IndiaLatest

ഇന്ത്യയുടെ ആദ്യ സിഎൻജി ട്രാക്ടർ നാളെ പുറത്തിറക്കും

“Manju”

ന്യൂഡൽഹി : ഡീസലിൽ നിന്നും പ്രകൃതി വാതകത്തിലേക്ക് (സിഎൻജി) പരിവർത്തനം ചെയ്ത ഇന്ത്യയിലെ ആദ്യ ട്രാക്ടർ നാളെ പുറത്തിറക്കും. കേന്ദ്ര ഉപരിതല ഗതാഗത, ദേശീയപാത മന്ത്രി നിതിൻ ഗഡ്കരിയാണ് ട്രാക്ടർ പുറത്തിറക്കുക. കേന്ദ്രമന്ത്രിമാരായ ധർമേന്ദ്ര പ്രധാൻ, നരേന്ദ്ര സിംഗ് തോമർ, പുരുഷോത്തം രുപാല, വി കെ സിംഗ് എന്നിവരും ചടങ്ങിൽ പങ്കെടുക്കും.

റോമാറ്റ് ടെക്‌നൊ സൊല്യൂഷനും ടോമാസെറ്റോ അഷില്ലെ ഇന്ത്യയും സംയുക്തമായി പ്രകൃതി വാതകത്തിലേക്ക് നടത്തിയ ഈ പരിവർത്തനം കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനും ചെലവ് കുറയ്ക്കുന്നതിനും ഗ്രാമീണ മേഖലയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സഹായകമാകും എന്നാണ് വിലയിരുത്തൽ. പ്രതിവർഷം ഒരു ലക്ഷത്തിലധികം രൂപ ഇന്ധനച്ചെലവിൽ ലാഭിക്കാനാകും എന്നതാണ് കർഷകർക്ക് ഇത് മൂലമുണ്ടാകുന്ന പ്രധാനപ്പെട്ട നേട്ടം. ഉപജീവനം മെച്ചപ്പെടുത്താനും ഇത് കർഷകരെ സഹായിക്കും.

ഡീസലിനെ സംബന്ധിച്ച് സിഎൻജി ശുദ്ധമായ ഇന്ധനമാണ്. സിഎൻജി ട്രാക്ടർ ഉപയോഗത്തിലൂടെ അന്തരീക്ഷ മലിനീകരണവും കുറയ്ക്കാൻ സാധിക്കും. ഇതിൽ ലെഡിന്റെ അംശം തീരെ അടങ്ങിയിട്ടില്ലാത്തതിനാൽ സാമ്പത്തികമായി ലാഭകരവും, മറ്റ് ചേരുവകളുടെ കലർപ്പില്ലാത്തതിനാൽ എഞ്ചിന്റെ ആയുസ്സ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

പെട്രോൾ വിലയിൽ ഏറ്റക്കുറച്ചിലുകൾ വരുന്നതിനാൽ സിഎൻജി വിശ്വസ്ഥതയോടെ ഉപയോഗിക്കാൻ സാധിക്കും. ഇവയ്ക്ക് സ്ഥിരതയുള്ള വിലയായിരിക്കും എന്താണ് മറ്റൊരു നേട്ടം. ബയോ-സിഎൻജി ഉൽപാദിപ്പിക്കുന്നതിനുള്ള അസംസ്‌കൃത വസ്തുവായി ധാന്യം കൊയ്തശേഷം അവശേഷിക്കുന്ന തണ്ടുകൾ ഉപയോഗിക്കാമെന്നതിനാൽ ഇത് മാലിന്യത്തെ സമ്പത്താക്കി മാറ്റുന്നു. അതാത് പ്രദേശത്തെ ബയോ-സിഎൻജി ഉത്പാദക യൂണിറ്റുകൾക്ക് അവ വിൽക്കുന്നതിലൂടെ കർഷകർക്ക് പണം സമ്പാദിക്കാനും സാധിക്കും.

Related Articles

Back to top button