IndiaKeralaLatest

വീടു‍ കയറി ആക്രമിക്കാന്‍ ശ്രമിച്ച്‌ കടുവ

“Manju”

കല്‍പ്പറ്റ: പുറത്തിറങ്ങിയാല്‍ ഏതെങ്കിലും വന്യജീവികളുടെ മുന്നില്‍പ്പെടുമെന്ന അവസ്ഥയാണ് വയനാട്ടില്‍ കാടോരങ്ങളില്‍ താമസിക്കുന്നവരുടെ.അതിനാല്‍ തന്നെ നേരം ഇരുട്ടുന്നതിന് മുമ്പേ എല്ലാവരും വീടണയും. എന്നാല്‍ വീടിന് പുറത്തുമാത്രമല്ല വീടിനകത്തേക്കും ഇപ്പോള്‍ വന്യജീവികള്‍ എത്തുകയാണ്. അത്തരമൊരു അനുഭവം നേരിട്ടതിനെ കുറിച്ചാണ് സാലിതയും മൃദുനും പറയുന്നത്.

ബുധനാഴ്ച രാത്രിയില്‍ മാനന്തവാടിക്ക് സമീപമുള്ള തിരുനെല്ലിയിലാണ് സംഭവം ഉണ്ടായത്. ഇതിന് ശേഷം പ്രദേശം മുഴുവന്‍ ഭീതിയിലാണ്. രാത്രി പതിനൊന്ന് മണിയോടെ വീടിന് പുറത്ത് ശബ്ദം കേള്‍ക്കുകയായിരുന്നു. സാധാരണ ശബ്ദങ്ങളൊന്നും അല്ലാത്തതിനാല്‍ ഇരുവര്‍ക്കും സംശയം തോന്നി പുറത്തിറങ്ങി. ലൈറ്റ് തെളിച്ച്‌ പരിശോധിച്ചെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടില്ല. തിരികെ വീട്ടില്‍ കയറി അരമണിക്കൂറിനുമുന്‍പേ വീണ്ടും ശബ്ദമുണ്ടായി. കുറച്ചു ഭീതിയോടെ തന്നെ 42 കാരിയായ സാലിതയും സഹോദരിയുടെ മകനായ മൃദുനും എഴുന്നേറ്റപ്പോള്‍ മുന്‍വാതില്‍ പാതി തുറന്ന് കിടക്കുകയാണ്.

ലൈറ്റ് തെളിച്ചതോടെ കണ്ടത് കൊളുത്ത് ഇളകി പാതിതുറന്ന വാതിലിലൂടെ അകത്ത് കയറാന്‍ ശ്രമിക്കുന്ന ഒരു കടുവയെയാണ്. ശബ്ദമുണ്ടാക്കി ആദ്യം കൈയ്യിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ കടുവയുടെ നേര്‍ക്ക് വലിച്ചെറിഞ്ഞു. അപ്രതീക്ഷിതമായ പ്രതിരോധത്തില്‍ കടുവ കുറച്ച്‌ പിന്‍മാറിയപ്പോള്‍ ഇരുവരും ചേര്‍ന്ന് ധൈര്യം വിടാതെ പ്ലൈവുഡ് നിര്‍മിത വാതില്‍ തള്ളിപ്പിടിച്ചു. ആദ്യം ബലംപ്രയോഗിച്ച കടുവ നിമിഷങ്ങള്‍ക്കകം പിന്‍മാറി.

ആ സമയം മനോധൈര്യത്തോടെ പിടിച്ചു നിന്നില്ലായിരുന്നുവെങ്കില്‍ കഥ മറ്റൊന്നായേനെ എന്നാണ് സാലിതയും മൃദുനും പറയുന്നത്. സാലിതയുടെ സഹോദരിയുടെ മകനാണ് 22 കാരനായ മുദുന്‍. ആദ്യ ആക്രമണത്തില്‍ തന്നെ വാതിലിന്റെ കൊളുത്ത് തകര്‍ന്നതോടെയാണ് കടുവ അകത്തുവരാന്‍ ശ്രമിച്ചത്.
കടുവ പരിസരം വിട്ടെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് വാര്‍ഡ് അംഗം പി എന്‍ ഹരീന്ദ്രനെയും വനംവകുപ്പ് ഉദ്യോഗസ്ഥരെയും വിവരമറിയിച്ചത്. ഉദ്യോഗസ്ഥര്‍ സ്ഥലം പരിശോധിച്ചെങ്കിലും കടുവയെ കണ്ടെത്താനായില്ല. കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തി.

Related Articles

Back to top button