Sports

ലോക ഹോക്കിയിൽ ശ്രീജേഷ് നമ്പർ വൺ ഗോൾ കീപ്പർ

“Manju”

ടോക്കിയോ ഒളിമ്പിക്‌സ് ഹോക്കിയിൽ ചരിത്ര നേട്ടം കൊയ്ത ഇന്ത്യയുടെ ഗോൾ വല കാത്ത മലയാളികളുടെ അഭിമാനമായ പി ആർ ശ്രീജേഷിന് ലോകത്തെ ഏറ്റവും മികച്ച ഗോൾ കീപ്പറെന്ന ബഹുമതിയും. ഒളിമ്പിക്‌സിലെ ഇന്ത്യൻ ഹോക്കി ടീമിന്റെ ചരിത്ര നേട്ടത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് അംഗീകാരം.

കരുത്തരായ എതിരാളികളുടെ മിന്നൽ വേഗത്തിലുള്ള നീക്കങ്ങൾ കൃത്യതയോടെ തടഞ്ഞ ശ്രീജേഷിന്റെ ടോക്കിയോയിലെ പ്രകടനം ശ്രദ്ധേയമായിരുന്നു. ശക്തരായ എതിരാളികളുടെ എല്ലാ നീക്കങ്ങളും ശ്രീജേഷെന്ന വൻമതിലിൽ തട്ടി അവസാനിക്കുന്ന കാഴ്ചയായിരുന്നു പല മത്സരങ്ങളിലും കണ്ടത്. വേഗതയ്‌ക്കൊപ്പം ചടുല നീക്കങ്ങൾക്കും പേരുകേട്ട യൂറോപ്യൻ രാജ്യങ്ങളുമായുള്ള പോരാട്ടങ്ങളിൽ പോലും ഇന്ത്യൻ ഗോൾ വല ചോരാതെ കാത്തത് ശ്രീജേഷിന്റെ പോരാട്ടവീര്യം.

41 വർഷങ്ങൾക്കുശേഷം ഒളിമ്പിക്സ് പുരുഷ ഹോക്കിയിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ടീമിന്റെ ഗോൾ കീപ്പറായിരുന്നു പി ആർ ശ്രീജേഷ്. ദേശീയ പുരുഷ – വനിതാ ഹോക്കി ടീമുകൾ പ്രതാപകാലത്തെ പ്രകടനം തന്നെ ടോക്കിയോവിൽ കാഴ്ചവെച്ചു. പുരുഷ ടീമിന്റെ പല വിജയങ്ങൾക്കും നിർണ്ണായകമായത് കേരളത്തിന്റെ അഭിമാനമായ ശ്രീജേഷിന്റെ ഉജ്ജ്വല സേവുകളായിരുന്നു. ടോക്കിയോയിലെ മിന്നും പ്രകടനമാണ് ലോകത്തിലെ ഏറ്റവും മികച്ച ഗോൾ കീപ്പറായി മാറാൻ ശ്രീജേഷിനെ അർഹനാക്കിയത്.

എറണാകുളം ജില്ലയിലെ കിഴക്കമ്പലം പള്ളിക്കരയിലെ കർഷക കുടുംബത്തിൽ ജനിച്ചു വളർന്ന ശ്രീജേഷ് ഇന്ന് രാജ്യത്തിന്റെ അഭിമാനമാണ്. കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നു ബാല്യകാലം. ഹോക്കി കിറ്റ് വാങ്ങുന്നതിന് വീട്ടിലെ കറവപ്പശുവിനെ അച്ഛൻ വിറ്റ കാര്യം പല വേദികളും ശ്രീജേഷ് വെളിപ്പെടുത്തിയിട്ടുണ്ട്.

കേരളത്തിൽ അത്ര തന്നെ പ്രചാരമോ പ്രോത്സാഹനമോ ലഭിക്കാനിടയില്ലാത്ത ഒരു കായിക ഇനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനെടുത്ത തീരുമാനത്തെ തുടക്കത്തിൽ പലരും നിരുത്സാഹപ്പെടുത്തി. എന്നാൽ ശ്രീജേഷ് തന്റെ തീരുമാനവുമായി മുന്നോട്ട് പോയി. കഠിന പ്രയത്‌നവും ജിവി രാജ സ്‌പോർട്‌സ് അക്കാദമിയിലെ പരിശീലനവുമാണ് ശ്രീജേഷിനെ ഒരു മികച്ച ഗോൾ കീപ്പറാക്കി മാറ്റിയതും ദേശീയ ടീമിന്റെ അഭിവാജ്യ ഘടകമാകുന്നതും.

അന്താരാഷ്‌ട്ര ഹോക്കി ഫെഡറേഷന്റെ 2020 – 21 വർഷത്തെ ഹോക്കി സ്റ്റാർസ് പുരസ്‌കാര പട്ടികയിൽ ഇന്ത്യൻ താരങ്ങളുടെ ആധിപത്യമാണ്. ശ്രീജേഷ് അടക്കമുള്ള ആറ് ഇന്ത്യൻ താരങ്ങളാണ് പട്ടികയിൽ ഇടം നേടിയത്. ഡ്രാഗ് ഫ്‌ളിക്കർമാരായ ഹർപ്രീത് സിങും ഗുർജിത് കൗറും ലോകത്തിലെ മികച്ച പുരുഷ വനിതാ താരങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു. വനിതാ ടീം ഗോൾ കീപ്പർ സവിത പുനിയ മികച്ച ഗോൾ കീപ്പറുടെ പട്ടികയിൽ ശ്രീജേഷിനൊപ്പം ഇടം പിടിച്ചിട്ടുണ്ട്.

ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമാണ് വനിതാ ഹോക്കി ടീം ടോക്കിയോ ഒളിമ്പിക്‌സിൽ കഴ്ചവെച്ചത്. പുരുഷ ടീം 41 വർഷത്തെ മെഡൽ വരൾച്ച അവസാനിപ്പിച്ച് വെള്ളി മെഡൽ സ്വന്തമാക്കിയപ്പോൾ വനിതാ ടീം സെമിയിലെത്തി നാലാം സ്ഥാനം നേടിയിരുന്നു. സമീപ കാല പ്രകടനങ്ങളെ വിലയിരുത്തുമ്പോൾ ഇന്ത്യൻ ഹോക്കി പ്രതാപ കാലത്തെയ്‌ക്ക് തിരിഞ്ഞു നടക്കുകയാണെന്ന്് നിസംശയം പറയാം.

Related Articles

Back to top button