KeralaLatestThiruvananthapuram

ഇടതുമുന്നണിയില്‍ സീറ്റ് വിഭജന ചര്‍ച്ച തിങ്കളാഴ്ച മുതല്‍

“Manju”

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ ഇടതുമുന്നണിയിലെ സീറ്റ് വിഭജന ചര്‍ച്ച തിങ്കളാഴ്ച തുടങ്ങാനിരിക്കെ, ചെറുകക്ഷികള്‍ക്കു പ്രതീക്ഷ വേണ്ടെന്നു സൂചന. മുന്നണിയില്‍ പുതുതായെത്തിയ കേരളാ കോണ്‍ഗ്രസ് എമ്മിനും ലോക് താന്ത്രിക് ജനതാദളിനും നല്ല പരിഗണന കിട്ടും. കഴിഞ്ഞ തെരഞ്ഞെടുപ്പിനു മുമ്പുണ്ടായ ജനാധിപത്യ കേരളാ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ളവര്‍ക്കു സീറ്റ് കുറയും.ജെഡിഎസിനും ഐഎന്‍എല്ലിനും സീറ്റ് കിട്ടുമെങ്കിലും കുറഞ്ഞേക്കാം. ചില ഘടകകക്ഷികള്‍ക്കു മത്സരിക്കാന്‍ അവസരമുണ്ടാകില്ല. പത്തു ഘടകകക്ഷികളുണ്ടെങ്കിലും സിപിഎം, സിപിഐ, കേരളാ കോണ്‍ഗ്രസ് എം, എല്‍ജെഡി എന്ന നിലയിലായിരിക്കും പരിഗണന.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സിപിഎം- 90 സീറ്റ്, സിപിഐ 27, ജെഡിഎസ് -5, എന്‍സിപി-4, സ്‌കറിയാ തോമസ്-1, കോണ്‍ഗ്രസ്(എസ്)-1, ജനാധിപത്യ കേരളാ കോണ്‍ഗ്രസ്-4, കേരളാ കോണ്‍ഗ്രസ് (ബി)-1, സിഎംപി അരവിന്ദാക്ഷന്‍-1, ആര്‍ എസ് പി (എല്‍)-1, പി ടി എ റഹീമിന്റെ പാര്‍ട്ടി-2 എന്നിങ്ങനെയായിരുന്നു സീറ്റ് വിഭജനം. സിഎംപി പിന്നീട് സിപിഎമ്മില്‍ ലയിച്ചു.
കഴിഞ്ഞ തെരഞ്ഞെടുപ്പു സമയത്ത് ഫ്രാന്‍സിസ് ജോര്‍ജിന്റെ നേതൃത്വത്തില്‍ കേരളാ കോണ്‍ഗ്രസ് എമ്മില്‍ നിന്നു പിരിഞ്ഞുവന്ന് രൂപീകരിച്ച ജനാധിപത്യ കേരളാ കോണ്‍ഗ്രസിനാകും ഏറ്റവും വലിയ നഷ്ടക്കച്ചവടം. അന്നു നാലു സീറ്റ് കിട്ടിയെങ്കിലും ഫ്രാന്‍സിസ് ജോര്‍ജ് പിന്നീടു പിജെ ജോസഫിനൊപ്പം പോയി. ഇക്കുറി അവര്‍ക്ക് പരമാവധി ഒരു സീറ്റേ കിട്ടാനിടയുള്ളൂ. സ്ഥാനാര്‍ഥിയെ അവര്‍ക്കു തീരുമാനിക്കാം. ആന്റണി രാജുവിനാകും സാധ്യത.
സ്‌കറിയാ തോമസിന്റെ നേതൃത്വത്തിലുള്ള കേരളാ കോണ്‍ഗ്രസിന് ഇക്കുറി സീറ്റുണ്ടാകില്ല. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ കോണ്‍ഗ്രസ് എസിനെയും ഒഴിവാക്കിയേക്കും. കഴിഞ്ഞ തവണ നാലു സീറ്റില്‍ മത്സരിച്ച എന്‍സിപിക്ക് ഇക്കുറി രണ്ടു സീറ്റ് നല്‍കിയേക്കും.
എലത്തൂരും കുട്ടനാടുമാകും നല്‍കുക. കോവൂര്‍ കുഞ്ഞുമോനും പി ടി എ റഹീമിനും ഓരോ സീറ്റ് നല്‍കും. കേരളാ കോണ്‍ഗ്രസ് എം 15 സീറ്റാണു ലക്ഷ്യമിടുന്നത്. 12 എണ്ണം വരെ നല്‍കിയേക്കാം. രണ്ട് ജനതാ ദളുകള്‍ക്കുമായി ഏഴ് അല്ലെങ്കില്‍ എട്ട് സീറ്റു് നല്‍കും. ഐ എന്‍ എല്ലിന് മൂന്നു സീറ്റ് നല്‍കാനാണ് ആലോചന.
ഗണേഷ് കുമാറിനു വേണ്ടി കേരളാ കോണ്‍ഗ്രസ് ബി-ക്ക് ഒരു സീറ്റ് നല്‍കും. അദ്ദേഹത്തെ കൊട്ടാരക്കരയ്ക്കു മാറ്റിയിട്ട് പത്തനാപുരം സിപിഎം ഏറ്റെടുക്കാനുള്ള ചര്‍ച്ചയും തുടരുന്നുണ്ട്.
സീറ്റുകള്‍ ഏറ്റെടുക്കുന്നത് മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കാതിരിക്കാന്‍ സിപിഎം പരമാവധി ശ്രദ്ധിക്കും. പൊട്ടിത്തെറി ഒഴിവാക്കാനും ചെറുകക്ഷികളെ പരമാവധി കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കാനും നടപടിയുണ്ടാകും.
ചെറുപാര്‍ട്ടികളുടെ സീറ്റുകള്‍ ഏറ്റെടുത്താലും സിപിഎമ്മും സിപിഐയും വലിയ വിട്ടുവീഴ്ച ചെയ്യേണ്ടിവരും. ഇരുവരും ചേര്‍ന്ന് എട്ടു സീറ്റ് വരെ വിട്ടുകൊടുക്കേണ്ടിവരും

Related Articles

Back to top button