KeralaLatestThiruvananthapuram

കനകക്കുന്നില്‍ നാടന്‍ കലകളുടെ ‘ഉത്സവം’

“Manju”

തിരുവനന്തപുരം: കേരളത്തിലെ പരമ്പരാഗത, ഗോത്രവര്‍ഗ, അനുഷ്ഠാന കലാരൂപങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ‘ഉത്സവം 2021’ നാടന്‍ കലാമേളയ്ക്ക് ഇന്ന് തുടക്കമാകും. സംസ്ഥാനത്തൊട്ടാകെയുള്ള 30 വേദികളിലായി അരങ്ങേറുന്ന ഉത്സവത്തിന്റെ പതിമൂന്നാം പതിപ്പ് ഏഴ് ദിവസം നീണ്ടുനില്‍ക്കും. സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിലനില്‍ക്കുന്ന വൈവിധ്യമാര്‍ന്ന നാടോടി, ഗോത്ര, വംശീയ പാരമ്പര്യങ്ങളെ പ്രതിനിധീകരിച്ച്‌ നൂറുകണക്കിന് കലാകാരന്‍മാര്‍ പരിപാടി അവതരിപ്പിക്കും.

ടൂറിസം വകുപ്പ് കേരള ഫോക്‌ലോര്‍ അക്കാദമിയും ഭാരത് ഭവനും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലുകളുമായി സഹകരിച്ചാണ് ‘ഉത്സവം’ സംഘടിപ്പിക്കുന്നത്. വൈകുന്നേരം 6 മണിക്ക് കനകക്കുന്നിലെ നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ‘ഉത്സവം’ ഉദ്ഘാടനം ചെയ്യും. മേയര്‍ ആര്യ രാജേന്ദ്രന്‍, ഡോ.ശശി തരൂര്‍ എം.പി, കെ.ടി.ഡി.സി ചെയര്‍മാന്‍ എം.വിജയകുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. ഉദ്ഘാടന ചടങ്ങില്‍ ഗായകന്‍ കാവാലം ശ്രീകുമാര്‍ ആലപിച്ച ഉത്സവം സിഗ്‌നേച്ചര്‍ ഗാനത്തിന്റെ പ്രകാശനം നടക്കും. ബി.എസ്.ശ്രീരംഗത്തിന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് മാത്യു ഇട്ടിയാണ്. ഉദ്ഘാടന ചടങ്ങിന് ശേഷം ഡോ.സി.ജെ കുട്ടപ്പന്റെ നേതൃത്വത്തില്‍ തായില്ലം ഗ്രൂപ്പിന്റെ നാടന്‍പാട്ട്, നാടോടിനൃത്ത അവതരണങ്ങളും നടക്കും.

Related Articles

Back to top button