IndiaLatest

60 ദിവസം കൊണ്ട് 50 കോടി ജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കാം

“Manju”

ഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്‌സിനേഷന്‍ വേഗത്തിലാക്കാന്‍ നിര്‍ദേശം മുന്നോട്ടുവെച്ച്‌ പ്രമുഖ വ്യവസായിയും വിപ്രോ സ്ഥാപകനുമായ അസിം പ്രേംജി. കോവിഡ് വാക്‌സിനേഷനില്‍ സ്വകാര്യ മേഖലയുടെ സഹകരണം കൂടി തേടിയാല്‍ വാക്‌സിനേഷന്‍ നടപടി വേഗത്തിലാകുമെന്ന് അസിം പ്രേംജി ഓര്‍മ്മിപ്പിച്ചു. ബംഗളൂരു ചേമ്ബര്‍ ഓഫ് ഇന്‍ഡസ്ട്രി ആന്റ് കോമേഴ്‌സ് സംഘടിപ്പിച്ച പരിപാടിയില്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനോടാണ് അസിം പ്രേംജി ഇക്കാര്യം പറഞ്ഞത്.

കോവിഡ് വാക്‌സിനേഷനില്‍ സ്വകാര്യമേഖലയുടെ പങ്കാളിത്തം കൂടി ഉറപ്പുവരുത്തിയാല്‍ രണ്ടു മാസം കൊണ്ട് 50 കോടി ആളുകള്‍ക്ക് കുത്തിവെയ്പ് നടത്താന്‍ സാധിക്കുമെന്ന് അസിം പ്രേംജി പറഞ്ഞു. അതിനാല്‍ സ്വകാര്യമേഖലയുടെ സഹകരണം സര്‍ക്കാര്‍ വേഗം തേടണം. അങ്ങനെയെങ്കില്‍ 50 കോടി ജനങ്ങള്‍ക്ക് 60 ദിവസം കൊണ്ട് വാക്‌സിനേഷന്‍ സാധ്യമാക്കുമെന്ന് ഉറപ്പുനല്‍കാന്‍ കഴിയുമെന്ന് അസിം പ്രേംജി പറഞ്ഞു. സ്വകാര്യമേഖലയുടെ സഹകരണം ഉറപ്പാക്കിയാല്‍ വാക്‌സിന്‍ എടുത്തവരുടെ എണ്ണം ഉയരും. ഇത് വാക്‌സിനേഷന്‍ നടപടികള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കുമെന്നും വ്യവസായി പറഞ്ഞു.

റെക്കോര്‍ഡ് വേഗത്തിലാണ് വാക്‌സിന്‍ വികസിപ്പിച്ചത്. അതുപോലെ അതിവേഗത്തില്‍ ജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ കഴിയണം. സര്‍ക്കാര്‍ കഴിവിന്റെ പരമാവധി ഉപയോഗിച്ച്‌ വാക്‌സിനേഷന്‍ നടത്തുന്നു എന്ന കാര്യം അംഗീകരിക്കുന്നു. സിറം ഇന്‍സ്റ്റിറ്റിയൂട്ട് 300 രൂപയ്ക്ക് ഒരു ഡോസ് വാക്‌സിന്‍ തരാമെന്നാണ് പറയുന്നത്. 100 രൂപ ചെലവും കഴിച്ച്‌ 400 രൂപയ്ക്ക് വലിയതോതില്‍ വാക്‌സിനേഷന്‍ നടത്താന്‍ സ്വകാര്യ ആശുപത്രികള്‍ക്ക് സാധിക്കുമെന്നും അസിം പ്രേംജി പറയുന്നു.

Related Articles

Back to top button