IndiaLatest

രണ്ടാംഘട്ട കോവിഡ് വാക്‌സിന്‍ വിതരണം തിങ്കളാഴ്ച മുതല്‍

“Manju”

രാജ്യത്ത് രണ്ടാംഘട്ട കോവിഡ് വാക്‌സിന്‍ വിതരണം തിങ്കളാഴ്ച ഒന്നു മുതല്‍. 60 വയസിനു മുകളിലുള്ളവര്‍ക്കും 45 വയസിന് മുകളിലുള്ള അസുഖ ബാധിതര്‍ക്കും ഈ ഘട്ടത്തില്‍ കോവിഡ് വാക്സിന്‍ വിതരണം നടത്തും. സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ വാക്സിന്‍ സൗജന്യ നിരക്കില്‍ നല്‍കും. സ്വകാര്യ ആശുപത്രികളില്‍ വാക്സിന്‍ പണം നല്‍കേണ്ടി വരും. അതേസമയം കേരളം ഉള്‍പ്പെടെ 5 സംസ്ഥാനങ്ങളില്‍ നിന്ന് ദില്ലിയില്‍ എത്തുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി.

കോവിഡ് പ്രതിരോധ മരുന്നിന്റെ ഒന്നാംഘട്ടത്തിലെ 2 ഡോസുകളും നല്‍കി കഴിഞ്ഞ പശ്ചാത്തലത്തില്‍ ആണ് രണ്ടാം ഘട്ടത്തിലേക്ക് ആരോഗ്യ മന്ത്രാലയം കടന്നത്. തുടക്കത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍, കോവിഡ് പ്രതിരോധത്തിലെ മറ്റ് പ്രവര്‍ത്തകര്‍, എന്നിവര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. രണ്ടാംഘട്ട വാക്‌സിന്‍ വിതരണം മാര്‍ച്ച്‌ ഒന്നു മുതല്‍ തുടങ്ങുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്. 60 വയസിനു മുകളിലുള്ളവര്‍ക്കും 45 വയസിന് മുകളിലുള്ള അസുഖ ബാധിതര്‍ക്കുമാണ് ഈ ഘട്ടത്തില്‍ കോവിഡ് വാക്സിന്‍ വിതരണം നടത്തുക. 27 കോടി പേര്‍ക്ക് വാക്സിന്‍ നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

നിലവില്‍ 1.21 കോടി ആളുകളാണ് രാജ്യത്ത് വാക്സിന്‍ സ്വീകരിച്ചത്. 10,000 സര്‍ക്കാര്‍ കേന്ദ്രങ്ങളിലൂടെയും 20,000 സ്വകാര്യ കേന്ദ്രങ്ങളിലൂടെയുമാകും അടുത്ത ഘട്ടത്തില്‍ വാക്സിന്‍ വിതരണം. സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ വാക്സിന്‍ സൗജന്യ നിരക്കിലാകും നല്‍കുകയെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍ അറിയിച്ചു. സ്വകാര്യ ആശുപത്രികളില്‍ നിന്ന് വാക്സിന്‍ ഡോസെടുക്കുന്നവര്‍ക്ക് പണം നല്‍കേണ്ടി വരും. ആശുപത്രികളുമായും വാക്സിന്‍ നിര്‍മാതാക്കളുമായും ചര്‍ച്ച നടത്തിയ ശേഷം മൂന്നോ നാലോ ദിവസത്തിനുള്ള വാക്സിന്റെ വില ആരോഗ്യ മന്ത്രാലയം തീരുമാനിക്കുമെന്നും കേന്ദ്ര മന്ത്രി കൂട്ടിച്ചേര്‍ത്തു.

അതിനിടെ കേരളത്തില്‍ നിന്ന് ദില്ലിയില്‍ എത്തുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. ദില്ലിയില്‍ ഈ മാസം 26 മുതല്‍ മാര്‍ച്ച്‌ 15 വരെ ആണ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത്. കേരളത്തിന് പുറമെ മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, പഞ്ചാബ്‌, മധ്യപ്രദേശ്, എന്നി സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്കും ഈ നിബന്ധന ബാധകമാണ്. അതേസമയം കേരളം, മഹാരാഷ്ട്ര, തമിഴ്നാട്, കര്‍ണാടക, ബംഗാള്‍ എന്നിവ അടക്കം 9 സംസ്ഥാനങ്ങളിലേക്ക് കേന്ദ്രത്തില്‍ നിന്നും ആരോഗ്യ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ വിദഗ്ധ സംഘം എത്തും.

Related Articles

Back to top button