KeralaLatest

ഓണ്‍ലൈന്‍ റമ്മികളി നിരോധിച്ചു

“Manju”

WNOT - ID 14737

ശ്രീജ.എസ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണ്‍ലൈന്‍ റമ്മി കളി നിരോധിച്ചു. ഓണ്‍ലൈന്‍ റമ്മി സംസ്ഥാനത്ത് നിയമവിരുദ്ധമാക്കി സര്‍ക്കാര്‍ വിജ്ഞാപമിറക്കി. അടുത്തിടെ നിരവധി പേര്‍ ഓണ്‍ലൈന്‍ റമ്മിയില്‍ പണം നഷ്ടപ്പെട്ട് ആത്മഹത്യ ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് റമ്മി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പരാതികളാണ് ലഭിച്ചത്.

ഓണ്‍ലൈന്‍ ചൂതാട്ടത്തിനെതിരായ ഹരജിയില്‍ ചൂതാട്ട ആപ്പുകളുടെ ബ്രാന്‍ഡ് അംബാസിഡര്‍മാര്‍ക്ക് ഹൈക്കോടതി നോട്ടീസും അയച്ചിരുന്നു. ക്രിക്കറ്റ് താരം വിരാട് കോഹ്ലി, സിനിമാ താരങ്ങളായ തമന്ന, അജു വര്‍ഗീസ് എന്നിവര്‍ക്കാണ് കോടതി നോട്ടീസ് അയച്ചത്. സംസ്ഥാന സര്‍ക്കാറിനോട് 10 ദിവസത്തിനുള്ള നിലപാട് അറിയിക്കാനും ഹൈകോടതി നിര്‍ദേശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് റമ്മി നിരോധിച്ചത്.

ഓണ്‍ലൈന്‍ റമ്മി കളി വലിയ വിപത്താണ് സമൂഹത്തില്‍ സൃഷ്ടിക്കുന്നതെന്നും കോടതി നിരീക്ഷിച്ചിരുന്നു.
ഓണ്‍ലൈന്‍ റമ്മി കളി തടയണമെന്നും ചൂതാട്ട ആപ്ലിക്കേഷന്റെ പ്രവര്‍ത്തനം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി തൃശൂര്‍ സ്വദേശി പോളി വടക്കന്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജിയിലാണ് കോടതിയുടെ നടപടി. കേരളത്തില്‍ ഓണ്‍ലൈന്‍ റമ്മിയുടെ നടത്തിപ്പുകാര്‍ പ്ലെ ഗെയിംസ് ട്വന്റി ഫോര്‍ സ്റ്റാര്‍ സെവന്‍, മൊബൈല്‍ പ്രീമിയര്‍ ലീഗ് എന്നിവരാണ്. പ്രശസ്തരെ വെച്ച്‌ പരസ്യം നല്‍കി യുവാക്കളെ ആകര്‍ഷിച്ച്‌ ചതിക്കുഴില്‍ വീഴ്ത്തി പണം തട്ടുകയാണെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു.

കേരള ഗെയിമിങ് ആക്ടിന് കീഴില്‍ വരുന്നതല്ല ഓണ്‍ലൈന്‍ ചൂതാട്ടം. നിരവധി പേര്‍ ചൂതാട്ടത്തിന്റെ പിടിയിലാണ്. നിയമപരമായി ഇത്തരം ഗെയിമുകള്‍ നിരോധിക്കാന്‍ മറ്റ് സംസ്ഥാനങ്ങള്‍ മുന്നോട്ട് വന്നിട്ടുണ്ടെന്നും ആന്ധ്രാപ്രദേശ് ഓര്‍ഡിനന്‍സ് പാസാക്കിയിട്ടുണ്ടെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി. വിഷയം ഗൗരവതരമാണെന്ന് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചിരുന്നു. .

Related Articles

Back to top button