KeralaLatest

ജോസ് കെ മാണിയുടെ മുന്നണി പ്രവേശനം; സിപിഐഎം സംസ്ഥാനസെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും

“Manju”

ജോസ് കെ മാണിയുടെ മുന്നണി പ്രവേശനത്തെ ചൊല്ലിയുള്ള ഇടതു മുന്നണിയിലെ ഭിന്നതകൾക്കിടെ സിപിഐഎം സംസ്ഥാനസെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. രാവിലെ പത്തര മുതൽ തിരുവനന്തപുരം എ കെ ജി സെന്ററിലാണ് യോഗം. മുന്നണി വിപുലീകരണത്തിൽ സി പി ഐ യുടെ എതിർപ്പ് മറികടക്കാനുള്ള വഴികളായിരിക്കും നേതൃയോഗത്തിലെ മുഖ്യ ചർച്ച വിഷയം.

അതേസമയം, ജോസ് വിഭാഗം ഇടതുമുന്നണിക്ക് ഗുണം ചെയ്യില്ലെന്നും കാനം രാജേന്ദ്രൻ തുറന്നടിച്ചിരുന്നു. കോടിയേരിയുടെയും എ.വിജയ രാഘവന്റെയും മൃദു സമീപനങ്ങൾക്ക് പിന്നാലെ ആയിരുന്നു ഇത്. സ്വാഭാവികമായും സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റേയും ചർച്ചയും മറ്റൊന്നാകില്ല. ജോസ് പക്ഷത്തെ പുറത്താക്കിയത് വഴി യുഡിഎഫിലുണ്ടായ പ്രതിസന്ധി രാഷ്ട്രീയമായി ഉപയോഗപ്പെടുത്തണമെന്നാണ് സിപിഐഎം നിലപാട്.

ജോസ് വിഭാഗത്തെ മുന്നണിയുടെ ഭാഗമാക്കിയാൽ മധ്യകേരളത്തിലടക്കം വലിയ സ്വാധീനമുണ്ടാക്കാൻ കഴിയും. ഈ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സിപിഐഎമ്മിന്റെ നീക്കങ്ങൾ. പരോക്ഷമെങ്കിലും ജോസ് വിഭാഗത്തെ പുകഴ്ത്തിയുള്ള നേതാക്കളുടെ പ്രസ്താവനകൾ നൽകുന്ന സൂചനകളും മറ്റൊന്നല്ല. കെ.എം മാണിയോടുള്ള എതിർപ്പ് അദ്ദേഹത്തിന്റെ അഭാവത്തിൽ കേരളാ കോൺഗ്രസിനോട് പ്രകടിപ്പിക്കേണ്ടതില്ലെന്നാണ് പാർട്ടി നിലപാട്.
അതേസമയം, ജോസിന്റെ പാർട്ടിയെ ഉടനെ മുന്നണിയുടെ ഭാഗമാക്കരുതെന്ന വാദവും ശക്തമാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ സഹകരിപ്പിക്കാമെന്ന ആലോചനയും സിപിഎമ്മിലുണ്ട്. ഇക്കാര്യങ്ങളെല്ലാം സെക്രട്ടറിയേറ്റിന്റെ പരിഗണനയിലേക്ക് വന്നേക്കും.

Related Articles

Check Also
Close
Back to top button