IndiaKeralaLatest

രാഹുലിന്റെ കടലിൽച്ചാട്ടം നമ്മുടെ ടൂറിസത്തിന് നല്ല മുതൽകൂട്ടാവും-മുഖ്യമന്ത്രി

“Manju”

തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധനത്തിന്റെ പേരിൽ ഇടതു സർക്കാരിനെ പ്രതിക്കൂട്ടിലാക്കൻ നോക്കിയ ദുഷ്ടാത്മാക്കളുടെ നെറികേടുകൾ ഇവിടെ ചെലവാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരം നീക്കങ്ങൾ ഇനിയും ഉണ്ടായാലും ചെറുക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ‘ചെറുപ്പത്തിനൊപ്പം ചെറുപ്പമാണൊപ്പം’ എന്നപേരിൽ ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച യുവജന മഹാസംഗമം ശംഖുംമുഖത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
അമേരിക്കൻ കമ്പനി നിക്ഷേപക സംഗമത്തിൽ എത്തിയെന്നാണ് പടച്ചുവിടുന്നത്. അങ്ങനെയൊരു കമ്പനി അതിൽ പങ്കെടുക്കാൻ രജിസ്റ്റർ‌ ചെയ്തിട്ടില്ലെന്നാണ് തനിക്കു ലഭിച്ച വിവരം. വകുപ്പു മന്ത്രിയോ സെക്രട്ടറിയോ പോലും അറിയാത്ത കരാറിന്റെ വിവരങ്ങൾ പ്രതിപക്ഷ നേതാവ് അറിഞ്ഞതെങ്ങനെ? നിങ്ങളൊരു കാര്യം മനസ്സിലാക്കണം. കേരളത്തിന്റെ സ്വന്തം സൈന്യത്തെ നിങ്ങൾക്ക് തെറ്റിദ്ധരിപ്പിക്കാനാവില്ല- മുഖ്യമന്ത്രി പറഞ്ഞു.
സി.പി.ഒ റാങ്ക് ലിസ്റ്റിൽ സർക്കാരിന് എന്തൊക്കെ ചെയ്യാൻ കഴിയുമോ, അതിനും ഒരുപടി മുകളിലുള്ള കാര്യങ്ങൾ ചെയ്‌തു. എന്നാലും ശവമഞ്ചത്തിലേറിയും ഉരുൾ നടത്തിയുമാണ് പ്രതിഷേധം. അതിനു ചുവടുപിടിച്ച് ചിലർ എന്തെല്ലാമാണ് പടച്ചുവിടുന്നത്! ആ വഞ്ചന ജനങ്ങൾ തിരിച്ചറിയും.
നാട്ടിലെ എല്ലാ വിഭാഗവും എൽ.ഡി.എഫിനൊപ്പമാണെന്ന് അറിഞ്ഞതോടെ ഇരുമെയ്യും ഒരു കരളുമായ ബി.ജെ.പിയും കോൺഗ്രസും, അവർക്കൊപ്പം കുറെ ഏജൻസികളും അവരുടെ കൂലിയെഴുത്തുകാരും സ‌ർക്കാരിനെ തീർക്കാൻ നോക്കിയിട്ട് എന്തായി? തീർന്നോ? നാടിനു മനസ്സിലായി, ഓഖി വന്നപ്പോഴും നിപ്പ വന്നപ്പോഴും പ്രളയവും കൊവിഡും വന്നപ്പോഴും ജനങ്ങളെ സംരക്ഷിച്ചത് ഇൗ സർക്കാരാണെന്ന്. അതിനി പ്രതിപക്ഷത്തിന്റെ ഗൂ‌‌ഢാലോചനയിൽ ഉടലെടുത്ത ആഴക്കടൽ വിവാദത്തിനും തച്ചുടയ്‌ക്കാനാകില്ല- മുഖ്യമന്ത്രി പറഞ്ഞു.
ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി പ്രസിഡന്റ് വിനീത് അദ്ധ്യക്ഷനായി. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ, ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ,ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം, പ്രസിഡന്റ് എസ്. സതീഷ്, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ ഷിജൂർ ഖാൻ, കവിത, എസ്.കെ സജീഷ്, സി.പി.എം നേതാവ് എം.വിജയകുമാർ തുടങ്ങിയവർ സംസാരിച്ചു.
രാഹുലിന്റെ കടലിൽച്ചാട്ടം ടൂറിസത്തിന് മുതൽകൂട്ട്!
രാഹുൽ ഒരു നല്ല ടൂറിസ്റ്റാണ്. അദ്ദേഹത്തിന്റെ കടലിൽച്ചാട്ടം നമ്മുടെ ടൂറിസത്തിന് നല്ല മുതൽകൂട്ടാവും. ഇവിടത്തെ ശാന്തമായ സമുദ്രത്തിൽ ചാടി നീന്താനാകുമെന്ന് തെളിയിച്ചില്ലേ! പിന്നെ ഒരു കാര്യം മനസ്സിലാക്കണം- കേരളത്തിലെ എല്ലാ കടലും ശാന്തമല്ലെന്ന്! ബി.ജെ.പിയെ കോൺഗ്രസ് നേരിട്ട് എതിർക്കുന്ന സംസ്ഥാനങ്ങളിൽ രാഹുലിനെ കാണാനില്ലെന്നു പറയുന്നുണ്ട്. അതിനൊരു മറുപടി കോൺഗ്രസ് സംസ്ഥാന നേതൃത്വമോ ദേശീയ നേതൃത്വമോ പറയണം- പിണറായി പറഞ്ഞു.

Related Articles

Back to top button