KeralaLatest

കേരളത്തിന്റെ കണ്ണീരായ മധുവിന്റെ മരണം സിനിമയാകുന്നു

“Manju”

കോഴിക്കോട്: രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു എങ്കിലും സംവിധായകന്‍ രഞ്ജിത് തന്റെ വഴി സിനിമയാണെന്ന് ചൂണ്ടിക്കാണിച്ച്‌ രംഗത്ത്. പുതിയ ചിത്രത്തിന്റെ ചര്‍ച്ചകളിലാണെന്ന് രഞ്ജിത് തന്നെയാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്. കേരളത്തെ തന്നെ തലകുനിപ്പിച്ച പാലക്കാട് അട്ടപ്പാടിയില്‍ ഭക്ഷണം മോഷ്ടിച്ചെന്ന് ആരോപിച്ച്‌ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തിയ മധുവിന്റെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. മധുവായി ഫഹദ് ഫാസില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.

ഇതാദ്യമായാണ് ഫഹദ് ഫാസില്‍രഞ്ജിത്ത് കൂട്ടുകെട്ടില്‍ സിനിമയൊരുങ്ങുന്നത്. സിനിമയുടെ ആദ്യ ഘട്ട ചര്‍ച്ച പൂര്‍ത്തിയായതായി രഞ്ജിത്ത് ഓണ്‍ലൈന്‍ മാധ്യമത്തോട് പറഞ്ഞു. രാഷ്ട്രീയ പ്രവേശനത്തെ കുറിച്ചും സംവിധായകന്‍ അഭിമുഖത്തില്‍ തുറന്നുപറഞ്ഞു. ‘മത്സരിക്കുന്നത് സംബന്ധിച്ചുള്ള തീരുമാനം എന്റേതായിരുന്നില്ല. ഒരു മുതിര്‍ന്ന നേതാവ് തന്നെ വീട്ടില്‍ വന്നു കണ്ട് ആവശ്യം അറിയിക്കുകയായിരുന്നു. കോഴിക്കോട് നോര്‍ത്തിലെ നിലവിലെ എംഎല്‍എ മൂന്നുവട്ടം പൂര്‍ത്തിയാക്കിയതിനാല്‍ ഞങ്ങള്‍ ഒരു പുതുമുഖത്തെ തേടുകയാണെന്നും നിങ്ങളാണ് ഞങ്ങളുടെ മനസിലെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടി തീരുമാനം അങ്ങനെയാണെന്ന് പറഞ്ഞതിനാലാണ് നോക്കാം എന്നു പറഞ്ഞത്‘- രഞ്ജിത്ത് വെളിപ്പെടുത്തുന്നു. എന്നാല്‍, പിന്നീടുണ്ടായ സംഭവവികാസങ്ങളില്‍ വിഷമമില്ലെന്നും പുതിയ സിനിമയുമായി മുന്നോട്ടുപോകുമെന്നും രഞ്ജിത്ത് പറഞ്ഞു.അട്ടപ്പാടിയിലെ നിഷ്‌കളങ്കനായ മധുവിന്റെ നിസഹായാവസ്ഥ ഫഹദ് വെള്ളിത്തിരയില്‍ അവതരിപ്പിക്കുന്നത് കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍ ഇപ്പോള്‍ തന്നെ.

Related Articles

Back to top button