IndiaLatest

പോരാട്ടത്തില്‍ കര്‍ഷകര്‍ക്കൊപ്പം: പ്രിയങ്ക ഗാന്ധി

“Manju”

മീററ്റ്: നൂറ് ദിവസം അല്ല നൂറ് മാസങ്ങള്‍ എടുത്താലും കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പോരാട്ടത്തില്‍ താന്‍ കര്‍ഷകരോടൊപ്പമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഉത്തര്‍പ്രദേശിലെ മീററ്റില്‍ സംഘടിപ്പിച്ച കിസാന്‍ മഹാപഞ്ചായത്തില്‍ സംസാരിക്കവെയായിരുന്നു പ്രിയങ്കയുടെ പ്രതികരണം.

“ആരും പ്രതീക്ഷ കൈവിടരുത്. നൂറ് ആഴ്ചകളോ നൂറ് മാസങ്ങളോ പിന്നട്ടാലും കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതുവരെ നാം പോരാടും. അതിന് മുഴുവന്‍ പിന്തുണയും കോണ്‍ഗ്രസ് നല്‍കും. രാജ്യത്ത് കാര്‍ഷിക വായപ 15000 കോടി കടന്നിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ ജനങ്ങള്‍ക്ക് വേണ്ടിയാണോ അതോ ജനങ്ങള്‍ക്കെതിരാണോ പ്രവര്‍ത്തിക്കുന്നത് എന്നത് എല്ലാവരും മനസിലാക്കണം,” കേന്ദ്രം പുറത്തിറക്കിയ നിയമങ്ങളെല്ലാം കര്‍ഷകര്‍ക്ക് വേണ്ടിയാണെങ്കില്‍ പിന്നെ എന്തിനാണ് അവര്‍ അതിര്‍ത്തിയില്‍ പ്രതിഷേധം നടത്തുന്നതെന്നും പ്രിയങ്ക ചോദിച്ചു. കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകര്‍ക്ക് വേണ്ടിയാണോ അതോ മോദിയുടെ കോടീശ്വരന്‍മാരായ സുഹൃത്തുക്കള്‍ക്ക് വേണ്ടിയാണോ നിര്‍മ്മിച്ചതെന്ന് പ്രിയങ്ക വിമര്‍ശിച്ചു. കര്‍ഷകര്‍ സമരം തുടങ്ങിയിട്ട് നൂറ് ദിവസങ്ങള്‍ കഴിഞ്ഞു. ഡല്‍ഹി അതിര്‍ത്തിയില്‍ ലക്ഷക്കണക്കിന് കര്‍ഷകര്‍ സമരം ചെയ്യുകയാണ്. കര്‍ഷകര്‍ക്ക് വേണ്ടിയാണ് നിയമമെങ്കില്‍ അവര്‍ പ്രതിഷേധിക്കേണ്ട കാര്യമില്ലല്ലോ എന്നും പ്രിയങ്ക പറഞ്ഞു.

അതേസമയം, വനിത ദിനമായ ഇന്ന് കര്‍ഷക പ്രക്ഷോഭം നടക്കുന്ന ഡല്‍ഹി അതിര്‍ത്തികളില്‍ മഹിള മഹാപഞ്ചായത്തുകള്‍ ചേരും. സിംഗു, ടിക്രി, ഗാസിപ്പൂര്‍ എന്നിവിടങ്ങളില്‍ ആയിരക്കണക്കിന് സ്ത്രീകള്‍ സംഘടിക്കുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു. സിംഗുവില്‍ രാവിലെ പത്ത് മണിക്കാണ് മഹിള മഹാപഞ്ചായത്ത് ആരംഭിക്കുക. കെ എഫ് സി ചൗകില്‍ നിന്ന് സിംഗു അതിര്‍ത്തിയിലേക്ക് വനിതകളുടെ മാര്‍ച്ചും നടക്കും. പന്ത്രണ്ടാം തിയതി മുതല്‍ ബിജെപിക്കെതിരെയുള്ള പ്രചരണത്തിന്റെ ഭാഗമായി കര്‍ഷക നേതാക്കള്‍ തിരഞ്ഞെടുപ്പ് സംസ്ഥാനങ്ങളില്‍ പര്യടനം നടത്തും.

2020 സെപ്റ്റംബര്‍ 17 നാണ് കാര്‍ഷിക നിയമങ്ങള്‍ ലോക് സഭയില്‍ പാസാക്കിയത്. പിന്നാലെ സെപ്റ്റംബര്‍ 20 ന് രാജ്യസഭയിലും ബില്‍ പാസാക്കി. ഫാര്‍മേഴ്‌സ് പ്രൊഡ്യൂസ് ട്രേഡ് ആന്‍ഡ് കൊമേഴ്‌സ് ബില്‍ 2020, ദി ഫാര്‍മേഴ്‌സ് (എംപവര്‍മെന്റ് ആന്‍ഡ് പ്രൊട്ടക്ഷന്‍) അഗ്രീമെന്റ് ഓഫ് പ്രൈസ് അഷുറന്‍സ് ആന്‍ഡ് ഫാം സര്‍വീസസ് ബില്‍ 2020 എസന്‍ഷ്യല്‍ കൊമ്മോഡിറ്റീസ്(അമന്‍ഡ്‌മെന്റ്) ബില്‍ എന്നീ ബില്ലുകളാണ് പാസാക്കിയത്. ഇതിന് പിന്നാലെ കര്‍ഷകര്‍പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. കേന്ദ്രം നിരവധി തവണ കര്‍ഷക സംഘടനകളുമായി ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. നിയമങ്ങള്‍ പൂര്‍ണമായും പിന്‍വലിക്കും വരെ പ്രതിഷേധം തുടുരുമെന്ന് കര്‍ഷകര്‍ ഉറച്ച നിലപാടെടുക്കുകയായിരുന്നു.

Related Articles

Back to top button