IndiaLatest

പെട്രോള്‍-ഡീസല്‍ വിലവര്‍ദ്ധനയില്‍ പുകഞ്ഞ് പാര്‍ലമെന്റ് സമ്മേളനം

“Manju”

ന്യൂഡല്‍ഹി: പാര്‍ലമെന്റിലെ ബഡ്‌ജ‌റ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ട തുടക്കത്തില്‍ തന്നെ സഭയില്‍ എം.പിമാരുടെ ശക്തമായ പ്രതിഷേധം. പെട്രോള്‍, ഡീസല്‍, പാചകവാതക വിലക്കയ‌റ്റത്തില്‍ പ്രതിഷേധിച്ചാണ് എംപിമാര്‍ ബഹളമുണ്ടാക്കിയത്. രാജ്യസഭയില്‍ ഇന്ധനവിലക്കയ‌റ്റത്തില്‍ പ്രത്യേക ചര്‍ച്ച വേണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ എം.പിമാര്‍ ബഹളംവച്ചു. വിവിധ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ സഭ സമ്മേളിക്കുന്നത് വെട്ടിച്ചുരുക്കണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ഉള്‍പ്പടെ വിവിധ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു.

പെട്രോള്‍ വില രാജ്യത്ത് പലയിടത്തും നൂറ് കടന്നതായും ഡീസല്‍ 90 രൂപയ്‌ക്കടുത്തായെന്നും എല്‍പിജിയുടെയും വില ഉയര്‍ന്നെന്നും അതിനാല്‍ രാജ്യത്ത് വിലക്കയ‌റ്റം രൂക്ഷമായെന്നും നികുതി കുറയ്‌ക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തത് അധികമായി ലഭിക്കുന്ന പണം എങ്ങനെ സര്‍ക്കാര്‍ വിനിയോഗിക്കുമെന്ന് വ്യക്തമാക്കണമെന്നും രാജ്യസഭയിലെ പ്രതിപക്ഷനേതാവ് മല്ലികാര്‍ജ്ജുന ഖര്‍ഗെ ആവശ്യപ്പെട്ടു. എന്നാല്‍ ധനകാര്യബില്ലില്‍ ചര്‍ച്ച നിശ്ചയിച്ചിട്ടുള‌ളതുകൊണ്ട് ഇക്കാര്യത്തില്‍ ചര്‍ച്ച സഭാദ്ധ്യക്ഷന്‍ വെങ്കയ്യ നായിഡു അനുവദിച്ചില്ല. തുടര്‍ന്ന് ശക്തമായ പ്രതിപക്ഷ പ്രതിഷേധം മൂലം സഭ നിര്‍ത്തിവച്ചു.

ഏപ്രില്‍ എട്ട് വരെ നിശ്ചയിച്ചിരിക്കുന്ന ബഡ്‌ജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടത്തിന്റെ ദൈര്‍ഘ്യം ഒരാഴ്‌ചയാക്കി കുറയ്‌ക്കണമെന്ന് 145 എംപിമാര്‍ ലോക്‌സഭാ സ്‌പീക്കര്‍ക്ക് കത്ത് നല്‍കി. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ ഇന്ധനവില വര്‍ദ്ധനയും കര്‍ഷക സമരവും ആളികത്തിച്ച്‌ സര്‍ക്കാരിനെ പരമാവധി പ്രതിരോധത്തിലാക്കാനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ശ്രമം.

Related Articles

Back to top button