IndiaLatest

75-ാം സ്വാതന്ത്ര്യ വാർഷികോത്സവം ആഘോഷമാക്കാൻ കേന്ദ്രസർക്കാർ

“Manju”

ന്യൂഡൽഹി : ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ഉത്സവമാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. മാർച്ച് 12 ന് ആസാദി കാ അമൃത് മഹോത്സവ് എന്ന പരിപാടിയ്ക്ക് ഗുജറാത്തിൽ തുടക്കം കുറിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം ചെയ്യുക. 21 ദിവസം നീണ്ടു നിൽക്കുന്ന ദണ്ഡി മാർച്ച് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും. അഹമ്മദാബാദിലെ അഭയ് ഘട്ടിൽ നിന്നാണ് മാർച്ച് ആരംഭിക്കുക.

രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കാനായി രാഷ്ട്രപിതാവ് മഹാത്മ ഗാന്ധി 24 ദിവസം നീണ്ടു നിന്ന ദണ്ഡി മാർച്ച് നടത്തിയിരുന്നു. 1930, മാർച്ച് 12 നാണ് ഗാന്ധി മാർച്ച് ആരംഭിച്ചത്. 78 ആളുകൾ ചേർന്ന് ആരംഭിച്ച ദണ്ഡി മാർച്ച് ഏപ്രിൽ 5 ദണ്ഡിയിൽ വെച്ചാണ് അവസാനിച്ചത്. രാജ്യത്തെ ബ്രിട്ടീഷുകാരിൽ നിന്നും സ്വതന്ത്രമാക്കാൻ നേതാക്കൾ നടത്തിയ പ്രയത്‌നത്തെ അനുസ്മരിച്ചാണ് ദണ്ഡി മാർച്ച് നടത്തുന്നത്.

സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി 75 ആഴ്ചകൾ നീണ്ട പരിപാടിയ്ക്കാണ് പദ്ധതിയിട്ടിരിക്കുന്നതെന്ന് പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി അറിയിച്ചു. വിവിധ സംസ്ഥാനങ്ങളിലായി 75 സ്ഥലങ്ങളിലാകും പരിപാടി സംഘടിപ്പിക്കുക. 2022 ൽ ആരംഭിക്കുന്ന ആഘോഷം 2023 ഓഗസ്റ്റ് 15 വരെ തുടരും. വിവിധ സംസ്ഥാനങ്ങിളിൽ നിന്നായി എൻസിസിയും മറ്റ് സന്നദ്ധസംഘടനകളും പരിപാടികൾ ആസൂത്രണം ചെയ്യും. മുഴുവൻ പരിപാടികളുടേയും മേൽനോട്ടം നേരിട്ട് പ്രധാനമന്ത്രി നിർവ്വഹിക്കും.

സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷം സംബന്ധിച്ച് തീരുമാനം സ്വീകരിക്കാൻ കഴിഞ്ഞ തിങ്കളാഴ്ച ഇന്നത തല യോഗം ചേർന്നിരുന്നു. നരേന്ദ്ര മോദി അദ്ധ്യക്ഷം വഹിച്ച യോഗത്തിൽ എല്ലാ കേന്ദ്രമന്ത്രിമാരും, മുഖ്യ മന്ത്രിമാരും ഗവർണർമാരും യോഗത്തിൽ പങ്കെടുത്തിരുന്നു. രാഷ്ട്രീയ രംഗത്തു നിന്ന് ബി.ജെ.പിയുടെ ദേശീയ അദ്ധ്യക്ഷൻ ജെ.പി.നദ്ദ, കോൺഗ്രസ്സ് അദ്ധ്യക്ഷ സോണിയാ ഗാന്ധി, മറ്റ് പ്രധാന ദേശീയ പാർട്ടികളുടെ അദ്ധ്യക്ഷന്മാർ എന്നിവരും പങ്കെടത്തു. ഇവർക്കൊപ്പം ജീവിച്ചിരിക്കുന്ന മുൻ പ്രധാനമന്ത്രിമാരായ ഡോ. മൻമോഹൻ സിംഗ്, എച്ച് ഡി. ദേവഗൗഡ, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എച്ച്.എ. ബോബ്ഡേ, സാമ്പത്തിക വിദഗ്ധൻ അമർത്യസെൻ, മനുഷ്യാവകാശ പ്രവർത്തകൻ കൈലാസ് സത്യാർത്ഥി എന്നിവരുമുണ്ടായിരുന്നു.

Related Articles

Back to top button