KeralaLatest

കര്‍ഷക നിയമങ്ങള്‍ പുനഃസ്ഥാപിക്കണമെന്ന് സുപ്രീം കോടതി സമിതി

“Manju”

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമങ്ങളെ രാജ്യത്തെ കര്‍ഷകരില്‍ ഭൂരിഭാഗം പേരും പിന്തുണയ്‌ക്കുന്നുവെന്ന് സുപ്രീം കോടതി നിയോഗിച്ച വിദഗ്ധ സമിതി.
കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ച നിയമങ്ങള്‍ പുനഃസ്ഥാപിക്കണമെന്നും സംസ്ഥാനങ്ങള്‍ കാര്‍ഷിക പരിഷ്‌കാര നിയമങ്ങള്‍ നടപ്പാക്കണമെന്നും സമിതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. കാര്‍ഷിക മേഖലയിലെ തര്‍ക്ക പരിഹാരത്തിനായി സിവില്‍ കോടതിയോ ആര്‍ബിട്രേഷന്‍ സംവിധാനങ്ങളോ കര്‍ഷകര്‍ക്ക് അടിയന്തിരമായി ഏര്‍പ്പെടുത്തണം. കാര്‍ഷിക പരിക്ഷകരണ നിയമങ്ങളെ പിന്തുണച്ച നിരവധി കര്‍ഷകരോട് അനീതി കാട്ടിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ 266 സംഘടനകളുമായി സമിതി ബന്ധപ്പെട്ടിരുന്നു. സമിതിയ്‌ക്ക് മുന്‍പില്‍ കാര്യങ്ങള്‍ അവതരിപ്പിച്ച 73 കാര്‍ഷിക സംഘടനകളില്‍ 61 എണ്ണവും കാര്‍ഷിക നിയമങ്ങളെ പിന്തുണച്ചു. 86.7 ശതമാനം വരുമിത്. നാല് സംഘടനകള്‍ എതിര്‍ത്തു. ഏഴ് സംഘടനകള്‍ ഭേദഗതി ആവശ്യപ്പെട്ടു. അവശ്യസാധന നിയമ ഭേദഗതി, കര്‍ഷക ഉത്പന്ന വ്യാപാര വാണിജ്യ നിയമം, കര്‍ഷക (ശാക്തീകരണ, സംരക്ഷണ) നിയമം എന്നീ പരിഷ്‌കാരങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നത്.
കാര്‍ഷിക മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ സഹകരണ സ്ഥാപനങ്ങള്‍ വഴിയോ ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്‍ വഴിയോ വേഗത്തിലാക്കണം. അഗ്രികള്‍ച്ചര്‍ മാര്‍ക്കറ്റിംഗ് കൗണ്‍സില്‍ എല്ലാ സംസ്ഥാനങ്ങളിലും നിയമം മൂലം നടപ്പിലാക്കണമെന്ന നിര്‍ദ്ദേശവും സമിതി മുന്നോട്ട് വെച്ചിട്ടുണ്ട്. 92 പേജുള്ള റിപ്പോര്‍ട്ടാണ് മൂന്നംഗ സമിതി ഇന്നലെ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചത്.
കാര്‍ഷിക സാമ്ബത്തിക വിദഗ്ധന്‍ അശോക് ഗുലാത്തി, ഷേത്കാരി സംഘടന പ്രസിഡന്റ് അനില്‍ ഗണ്‍വത് ഇന്റര്‍നാഷണല്‍ ഭഷ്യനയ ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് ഉദ്യോഗസ്ഥന്‍ പ്രമോദ് കുമാര്‍ ജോഷി, ഭാരതീയ കിസാന്‍ യൂണിയന്‍ പ്രസിഡന്റ് ഭൂപേന്ദര്‍ സിംഗ് എന്നിവരായിരുന്നു സമിതി അംഗങ്ങള്‍. ഭൂപേന്ദര്‍ സിംഗ് സമിതിയില്‍ നിന്നും സ്വയം ഒഴിവായിരുന്നു.

Related Articles

Back to top button