ശ്രീജ.എസ്
ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള ബി.ജെ.പി എം പി രാം സ്വരൂപ് ശര്‍മയെ (62) മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെ ഡല്‍ഹി നോര്‍ത്ത് അവന്യൂവിലെ വസതിയിലാണ് അദ്ദേഹത്തെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ ആത്മഹത്യാ കുറിപ്പ് കണ്ടെടുക്കാന്‍ പോലീസിനായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിനായി മാറ്റി.
ഹിമാചല്‍ പ്രദേശിലെ മണ്ടി ജില്ലയില്‍ 1958 ല്‍ ജനിച്ച രാം സ്വരൂപ് ശര്‍മ രണ്ട് തവണ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2014 ലാണ് അദ്ദേഹം ആദ്യമായി ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 2019ല്‍ അദ്ദേഹം മണ്ടിയില്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. പാര്‍ലമെന്ററി കമ്മറ്റി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഫെബ്രുവരിയില്‍ ദാദ്ര നാഗര്‍ഹവേലി എംപി മോഹന്‍ ദേല്‍ക്കറേയും മുംബൈയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.